ഉല്പ്പത്തിക്കും മുന്നേഴു നിമിഷമീ മൗനം
ഭൂവില്‍ നിറഞ്ഞുനിന്നു
ഉടലുകള്‍,ഉയിരുകളെല്ലാം അതില്‍ നിന്ന്-
ചിറകുകള് നീര്‍ത്തി പറന്നിറങ്ങി.
വാസന്തകാല പുലരിതന്‍ മൗന ചുംബനം
ഭൂവുടലിനെ മൂടവേ
അവയില്‍ നിന്നൊക്കെയും നിറമാര്‍ന്ന പൂക്കള്‍ വിടര്‍ന്നു.
മണ്ണിന്റെ മായാ മോഹങ്ങളൊക്കെയും
കാലം ഋതുക്കള്‍ക്ക് കൈമാറി
പ്രണയവും, മോഹവും, ആത്മാര്‍പ്പണങ്ങളും
ജനിയും മൃതിയും ശബ്ദങ്ങളില്ലാതെ നിന്നു
സഹനങ്ങള്‍ സ്നേഹങ്ങളൊക്കെയു-
മൊടുവിലൊരു കുരിശില്‍ തറച്ചു
അതില്‍ നിന്നൊഴുകിയ നിണമിന്നും
ജീവ സ്പന്ദങ്ങളില്‍ നിലകൊണ്ടിടുമ്പോള്
സമയ സ്മൃതികളില്‍ വേറിടാനാവാതെ
ശുഭകാല മോഹങ്ങള്‍ പിന്നെയും
വീണ്ടുമൊരുല്പ്പത്തി തേടിടുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: