കല്‍പ്പറ്റ : ലോക്കൗട്ട് നെ തുടര്‍ന്ന് തൊഴിലാളികള്‍ ദുരിതത്തിലായ ചെമ്പ്ര എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ആര്‍ജ്ജവം കാട്ടണമെന്ന് ബിജെപി ജില്ലാകമ്മിറ്റി. കേവലം മാര്‍ച്ചും ധര്‍ണ്ണയും നടത്തുന്നതിന് പകരം ക്രിയാത്മകമായ ഇടപെടുലകള്‍ ഇക്കാര്യത്തിലുണ്ടാവണം. തൊഴിലാളികളുടെ ദുരിതങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നത് ശരിയല്ല. എരുമക്കൊല്ലി ഒന്ന്, എരുമക്കൊല്ലി രണ്ട്, ചെമ്പ്ര എന്നീ മൂന്ന് ഡിവിഷനുകളിലായി 800ല്‍പരം ഏക്കര്‍ വരുന്ന തോട്ടം ഒക്ടോബര്‍ 27ന് വൈകുന്നരമാണ് അടച്ചുപൂട്ടിയത്. എസ്റ്റേറ്റിലെ 320 തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളുമടക്കം ആയിരത്തോളം പേര് ദുരിതത്തിലാണ്. മുന്നൂറിലധികം തൊഴിലാളികളുള്ള എസ്റ്റേറ്റ് അടച്ചുപൂട്ടുന്നത് റിയല്‍ എസ്റ്റേറ്റ് മാഫിയകളെ സഹായിക്കാനാണ്. എസ്റ്റേറ്റില്‍ നിന്നും നിര്‍ബന്ധിത വിആര്‍എസിന് നോട്ടീസ് നല്കി തൊഴിലാളികളെ മാനസികമായി പീഡിപ്പിക്കാനുള്ള ശ്രമവും നടന്നിരുന്നു. എസ്റ്റേറ്റ് ലോക്കൗട്ട് ചെയ്യുന്ന വിവരം തൊഴിലാളികളെയും ട്രേഡ് യൂണിയന് പ്രതിനിധികളെയും അറിയിച്ചിരുന്നില്ല. ആറാഴ്ചയ്ക്ക് മുമ്പെങ്കിലും നോട്ടീസ് നല്‍കണമെന്നാണ് നിയമം. അനിശ്ചിതകാല സമരം, തോട്ടം നടത്താന്‍ കഴിയാത്തവിധം തൊഴിലാളികള്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടല്‍ തുടങ്ങി തക്കതായ കാരണങ്ങളും ലോക്കൗട്ട് പ്രഖ്യാപനത്തിനു ആവശ്യമാണ്. എന്നാല്‍ തൊഴിലാളികള്‍ സമരം ചെയ്തുവെന്ന തെറ്റായ കാരണം പറഞ്ഞാണ് ചെമ്പ്ര എസ്റ്റേറ്റ് അടച്ചുപൂട്ടിയത്. പ്രശ്നപരിഹാരത്തിനു മാനേജ്മെന്റ് തയാറാകുന്നില്ല.
തോട്ടം പൂട്ടിയ സ്ഥിതിക്ക് തൊഴിലാളികള്‍ക്ക് കുടിവെള്ളം, വൈദ്യുതി, ആശുപത്രി സേവനങ്ങള്‍ എന്നിവ ലഭ്യമാക്കേണ്ടതായുണ്ട്. ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍ അദ്ധ്യക്ഷത വഹിച്ചു. പി.ജി.ആനന്ദ്കുമാര്‍, കെ.മോഹന്‍ദാസ്, വി. കേശവനുണ്ണി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: