കല്‍പ്പറ്റ : പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ കാലാവസ്ഥാ വ്യതിയാനവും വയനാടും, വന്യജീവികളും മനുഷ്യരും എന്ന വിഷയത്തില്‍ 28 ന് സെമിനാര്‍ നടത്തുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സമിതി ചെയര്മാന് ജോണ്‍ പെരുവന്താനം ഉദ്ഘാടനം ചെയ്യും. പ്രകൃതി വിഭവങ്ങളാലും ജൈവവൈവിധ്യത്താലും സമ്പന്നമായി പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ വയനാട് ദ്രുതഗതിയില്‍ കാലാവസ്ഥാ വ്യതിയാനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഇത് വയനാടിന് മാത്രമുള്ള സവിശേഷതകളെ ഇല്ലാതാക്കികക്കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ ഏറ്റവും മഴ കുറഞ്ഞ ജില്ലയായി വയനാട് മാറി. ചൂട് അതിശക്തമായതോടെ വന്യമൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങിത്തുടങ്ങി. വയല്‍ നികത്തലും തോടുകളുടേയും പുഴകളുടേയും കൈയ്യേറല്‍, സ്വാഭാവിക വനം നശിപ്പിച്ച് വാണിജ്യാടിസ്ഥാനത്തില്‍ വനത്തില്‍ മരങ്ങള്‍ വച്ച് പിടിപ്പിക്കല്‍, കീടനാശിനികളുടേയും രാസവളങ്ങളുടേയും അനിയന്ത്രിതമായ ഉപയോഗം എന്നിവയെല്ലാം ഇതിന് കാരണമായിട്ടുണ്ട്.
വന്യജീവികളും മനുഷ്യരും അടക്കമുള്ളവയുടെ നിലനില്‍പ്പ് ചോദ്യംചെയ്യപ്പെടുകയാണ്. കര്‍ഷകരും വന്യമൃഗങ്ങളും തമ്മിലുള്ള സംഘട്ടനത്തിലേക്ക് ഇത്തരം സാഹചര്യങ്ങള്‍ നയിക്കുന്നുണ്ട്. കൃഷി ഭൂമി കൃഷിയോഗ്യമല്ലാത്ത വിധത്തിലേക്ക് എത്തുന്നതില്‍ കാര്‍ഷിക സ്വയം പര്യാപ്തതക്ക് വേണ്ടി ഭരണകൂടങ്ങള്‍ നടപ്പാക്കിയ ഹരിത വിപ്ലവത്തിനും വന്‍കിട നിര്‍മ്മാണങ്ങള്‍ക്കും ഖനനങ്ങള്‍ക്കും പങ്കുണ്ട്. ഇത്തരം സാഹചര്യത്തില്‍ ജില്ലയില്‍ വളര്‍ന്നുവരേണ്ട പ്രക്ഷോഭങ്ങള്‍ക്ക് ദിശാബോധം നല്‍കുന്നതിനായാണ് വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ട് കാലാവസ്ഥാ വ്യതിയാനവും വയനാടും, വന്യജീവികളും മനുഷ്യരും എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തുന്നത്. കല്‍പ്പറ്റ എംജിടി ഹാളില്‍ ഉച്ചക്ക് രണ്ടിന് നടക്കുന്ന സെമിനാറില്‍ പ്രമുഖ ശാസ്ത്രജ്ഞരും സാമൂഹ്യ-രാഷ്ട്രീയ-പരിസ്ഥിതി പ്രവര്‍ത്തകരും പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി ജില്ലാ ചെയര്മാന് വര്‍ഗീസ് വട്ടേക്കാട്, കണ്‍വീനര്‍ ഇ.ജെ. ദേവസ്യ, പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതിസംഘാടക സമിതി ചെയര്മാന് കെ.വി. പ്രകാശ്, പി.ടി. പ്രേമാന്ദ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: