കല്‍പ്പറ്റ : 500, 1000 നോട്ടുകള്‍ സ്വീകരിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ പണം നിക്ഷേപിക്കാന്‍ കള്ളപ്പണക്കാര്‍ ജില്ലയില്‍ നെട്ടോട്ടമോടുകയാണ്. സാധാരണക്കാരുടെ അക്കൗണ്ടുകള്‍ വഴി പലരും ചെറിയ തുകകള്‍ മാറിയെടുക്കുന്നുണ്ട്.
പണം സ്വീകരിക്കാന്‍ അനുമതി നല്കിയ സര്‍ക്കാര്‍ സംവിധാനങ്ങളുടെയും നോട്ട് മാറ്റം വ്യാപകമാണ്. ചില മതസംഘടനകള്‍ ബാങ്കുകള്ക്കുമുന്പില് സഹായ കേന്ദ്രങ്ങള്‍ തുറന്ന് നോട്ട് മാറാനെത്തുന്നവരെ സ്വാധീനിച്ച് കള്ളപ്പണവും മാറ്റിയെടുക്കുന്നുണ്ട്. കമ്പളക്കാട് എസ്ബിഐയില്‍ കഴിഞ്ഞദിവസം 2500 രൂപ മാറ്റിവാങ്ങാന്‍ ഏല്‍പ്പിച്ച പലരില്‍നിന്നും 2000 രൂപ മാത്രമാണ് ഇവര്‍ തിരികെ വാങ്ങിയത്. മാനന്തവാടി കെഎസ്ആര്‍ടിസി ഡിപ്പോ കേന്ദ്രീകരിച്ചും ചില ജീവനക്കാരും കച്ചവടക്കാരും കള്ളപ്പണം മാറ്റിയെടുക്കുന്നതായി വ്യാപക പരാതി ഉയര്‍ന്നിരുന്നു. നോട്ടിന് നിരോധനം വന്ന ഉടന്‍ തന്നെ ഇങ്ങനെ ഒന്നര ലക്ഷത്തോളം രൂപ ഒന്നിച്ചുമാറ്റിയെടുത്തിരുന്നു. മാറ്റികൊടുക്കുന്നയാള്ക്ക് 500 രൂപ കമ്മീഷന്. ബാങ്കുകളില്‍ നോട്ട് മാറ്റിവാങ്ങാനെത്തുന്നവരുടെ തിരക്ക് തീരെയില്ല. എന്നാല്‍ എടിഎമ്മുകളില്‍ ചെറിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്. എക്കൗണ്ടില്‍ ഒരുലക്ഷവും രണ്ട് ലക്ഷവുമൊക്കെ നിക്ഷേപിക്കട്ടെ എന്ന് അന്വേഷിച്ചുനടക്കുന്നവരും കുറവല്ല. ഇവരുടെ പ്രചരണം വര്‍ദ്ധിച്ചതോടെ ജില്ലയില്‍ കള്ളപ്പണക്കാരുണ്ടെന്ന് സാധാരണക്കാര്‍ക്ക് ബോധ്യമായി. ഇക്കാരണത്താല്‍തന്നെ അല്‍പ്പം ത്യാഗം സഹിക്കാനും ഇവര്‍ തയ്യാറാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: