നിലമ്പൂര്‍: തുലാവര്‍ഷം കൈവിട്ടതോടെ ആഢ്യന്‍പാറ ജല വൈദ്യുത പദ്ധതി പ്രതിസന്ധിയിലായി.
കാഞ്ഞിരപ്പുഴയെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന ജില്ലയിലെ ആദ്യത്തെ ചെറുകിട വൈദ്യുതി പദ്ധതിയായ ആഢ്യന്‍പാറ ജല വൈദ്യുത പദ്ധതിയാണ് ജല ലഭ്യതക്കുറവ് മൂലം പ്രവര്‍ത്തനം നിര്ത്തിവെക്കാനൊരുങ്ങുന്നത്. ഏതാനും ദിവസങ്ങള്‍ കൂടി മാത്രമേ വൈദ്യുതി ഉല്പാദനം നടക്കൂയെന്ന് കെഎസ്ഇബി അധികൃതര്‍ പറഞ്ഞു. 2015 ജൂണിലാണ് പദ്ധതി പ്രവര്‍ത്തനം ആരംഭിച്ചത്. ഡിസംബറില്‍ ജലലഭ്യത കുറഞ്ഞതോടെ പ്രവര്‍ത്തനം നിര്‍ത്തുകയും 2016 ജൂണില്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുകയുമാണ് ചെയ്തത്. നിലവിലെ അവസ്ഥ അനുസരിച്ച് ഒരാഴ്ച കൂടി കഴിഞ്ഞാല്‍ ഉദ്പാദനം നിര്‍ത്തിവയ്ക്കേണ്ട അവസ്ഥയിലാണ്. 3.5 മെഗാ വാട്ട് വൈദ്യുതി ഉദ്പാദനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഒന്നര മെഗാവാട്ട് ശേഷിയുള്ള രണ്ടും അര മെഗാവാട്ട് ശേഷിയുള്ള ഒരു ജനറേറ്ററുമാണ് പദ്ധതിയിലുള്ളത്.
ഇതില്‍ അര മെഗാവാട്ടിന്റെ ജനറേറ്റര്‍ മാത്രമാണിപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ നിന്നും .35 മെഗാവാട്ട് മാത്രമേ ഉദ്പ്പാദിപ്പിക്കാന്‍ കഴിയുന്നുള്ളൂ.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ വരെ വൈദ്യുതി ഉത്പ്പാദനം ചെറിയ തോതിലെങ്കിലും നടന്നിരുന്നു. ഹൈഡ്രല്‍ പദ്ധതികള്‍ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ ചെറുകിട പദ്ധതികളിലൂടെ പരമാവധി വൈദ്യുതി സമാഹരിക്കുന്നതിനായാണ് ഇത്തരത്തില്‍ ചെറുകിട പദ്ധതികള്‍ ആരംഭിച്ചത് എന്നാല്‍ ജലത്തെ മാത്രം ആശ്രയിക്കുന്ന ഇത്തരം പദ്ധതികള്‍ക്ക് മഴക്കുറവ് കനത്ത തിരിച്ചടിയാണ് നല്‍കുന്നത്. നിലമ്പൂര്‍ മേഖലയിലെ വൈദ്യുതി പ്രതിസന്ധിക്ക് ഒരു പരിധിവരെ പരിഹാരം കാണാനാകുമെന്ന പ്രതീക്ഷയിലായിരുന്നു പദ്ധതി തുടക്കം കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: