ചാലക്കുടി: സ്വര്‍ണ്ണ ചിട്ടി തട്ടിപ്പിലൂടെ കോടികള്‍ തട്ടിയെടുത്ത പ്രതി പിടിയിലായി. .ചാലക്കുടി ചിറയത്ത് പൊറിഞ്ചു മകന്‍ ജോയ്(48)യെ ആണ് അതിരപ്പിള്ളി എസ്.ഐ എ നൗഷാദും സംഘവും അറസ്റ്റ് ചെയ്തു. ചാലക്കുടി സൗത്ത് ജംഗ്ഷനിലെ സിറ്റി ഹൈറ്റസ് ബില്‍ഡിംഗില്‍ ചിറയത്ത് സ്വര്‍ണ്ണ വില്‍പ്പന ശാല തുടങ്ങിയാണ് തട്ടിപ്പ് നടത്തിയിരുന്നത്.ദിവസം പത്ത് രൂപ മുതല്‍ ആയിരം രൂപ വരെ പിരിച്ചെടുത്തായിരുന്നു തട്ടിപ്പ്.നിര്‍ദ്ധന കുടുംബങ്ങളിലെ ഇരുപതോളം സ്ത്രീകളെ വച്ചായിരുന്നു കുറി പിരിവ് നടത്തിയിരുന്നത്.കമ്മീഷന്‍ വ്യവസ്ഥയിലായിരുന്നു ഇവരുടെ ജോലി.
ചാലക്കുടിയില്‍ നിന്ന് മാത്രം രണ്ടായിരത്തോളം പേരില്‍ നിന്ന് ഇത്തരത്തില്‍ പണം പിരിച്ചെടുത്തിട്ടുണ്ട്.പണം നഷ്ടപ്പെട്ടതില്‍ ഭൂരിഭാഗവും ഓട്ടോറിക്ഷാ തൊഴിലാളികള്‍, കുടുംബശ്രീക്കാര്‍, വഴിയോര കച്ചവടക്കാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവരായിരുന്നു. രണ്ടായിരത്തിയഞ്ചൂറ് മുതല്‍ ഇരുപത്തി അയ്യായിരം രൂപ വരെ നഷ്ടപ്പെട്ടവരുണ്ട്. ചാലക്കുടിക്ക് പുറമെ, പുതുക്കാട്, കൊടുങ്ങല്ലൂര്‍, തിരൂര്‍, കൊറ്റനല്ലൂര്‍,കരൂപ്പടന്ന തുടങ്ങിയ പ്രദേശങ്ങളില്‍ ബ്രാഞ്ചുകള്‍ തുറന്നായിരുന്നു തട്ടിപ്പ്.
കഴിഞ്ഞ മൂന്ന് മാസമായി സ്ഥാപനങ്ങള്‍ പൂട്ടി പൊള്ളാച്ചി, ഗോവ, മലപ്പുറം തുടങ്ങിയ സ്ഥലങ്ങളില്‍ ഇയാള്‍ ഒളിവിലായിരുന്നു. ചാലക്കുടി,പുതുക്കാട്,കൊടുങ്ങല്ലൂര്‍,എന്നിവിടങ്ങളില്‍ ഇയാള്‍ക്കെതിരെ തട്ടിപ്പ് കേസ് നിലവിലുണ്ട്. ചെറിയ തുകകള്‍ ആണ് സാധാരണക്കാരില്‍ നിന്ന് പിരിച്ചെടുത്ത് തട്ടിപ്പ് നടത്തിയിരുന്നത്.ചെറിയ തുകയായതിനാല്‍ പലരും പരാതി നല്‍കുവാന്‍ മടിച്ചിരുന്നത് ഇയാള്‍ക്ക് ഗുണകരമാവുകയായിരുന്നു. പെണ്‍കുട്ടികള്‍ ഉള്ളവരാണ് കൂടുതലായി കുറിയില്‍ ചേര്‍ന്നിരുന്നത്. തവണകള്‍ വെച്ചു സ്വര്‍ണ്ണാഭരണങ്ങള്‍ നല്‍കുമെന്ന് കരുതിയായിരുന്നു പലരും കുറിയില്‍ ചേര്‍ന്നത്.ചാലക്കുടി എസ്‌ഐ ജയേഷ് ബാലന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു അറസ്റ്റ്. അതിരപ്പിള്ളി അഡീഷണല്‍ എസ്‌ഐ എ.എസ്.സജീവ്,സിപിഒമാരായ ഗോകുലന്‍,വിമല്‍, ബെന്നി, എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേക്ഷണത്തിലാണ് പ്രതിയെ പിടികൂടിയത്.പ്രതിയെ ഇരിഞ്ഞാലക്കുട കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: