കല്‍പ്പറ്റ : ബത്തേരി താലൂക്കിലെ അമ്പലവയല്‍, കൃഷ്ണഗിരി വില്ലേജുകളുടെ വിവിധ ഭാഗങ്ങളില്‍ ഖനനം നിരോധിച്ച് മുന്‍ കളക്ടര്‍ വി. കേശവേന്ദ്രകുമാര്‍ പുറപ്പെടുവിച്ച ഉത്തരവ് അട്ടിമറിച്ചു. അമ്പലവയല്‍ വില്ലേജില്‍പ്പെട്ട ആറാട്ടുപാറ, കൃഷ്ണഗിരി വില്ലേജിലെ കൊളഗപ്പാറ, ഫാന്റം റോക്ക് എന്നിവിടങ്ങളില്‍ ക്വാറി-ക്രഷര്‍ പ്രവര്‍ത്തനം വിലക്കി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്മാന് എന്ന നിലയില്‍ കേശവേന്ദ്രകുമാര്‍ ഓഗസ്റ്റ് രണ്ടിനു പുറപ്പെടുവിച്ച ഉത്തരവാണ് തകിടംമറിച്ചത്.
അമ്പലവയല്‍ വില്ലേജില്‍ സര്‍വേ നമ്പര്‍ 305/1ലുള്ള ആറാട്ടുപാറയുടെ അതിരുകള്‍ക്ക് ഒരു കിലോമീറ്റര്‍ പരിധിയിലാണ് മുന്‍ കലക്ടറുടെ ഉത്തരവ് പ്രകാരം ക്വാറി-ക്രഷര്‍ നിരോധനം. ഇത് ഇരുനൂറ് മീറ്റര്‍ ആകാശദൂര പരിധിയാക്കി കുറച്ച് സെപ്റ്റംബര്‍ എട്ടിനാണ് ഇപ്പോഴത്തെ കളക്ടര്‍ ഡോ. ബി.എസ്.തിരുമേനി ഉത്തരവായത്. ജില്ലാ ഭരണകൂടം രഹസ്യമായി വച്ചിരിക്കയാണ് ഈ വിവരം. പുതിയ ഉത്തരവോടെ ആറാട്ടുപാറയോടു ചേര്‍ന്നുള്ള റവന്യൂ ക്വാറികളില്‍ ഏറെയും ഖനന വിലക്കില്‍നിന്നു ഒഴിവായി. അമ്പലവയല്‍ വില്ലേജില്‍ സര്‍വേ നമ്പര്‍ 298/1എ1എ1എയില്‍പ്പെട്ട ചീങ്ങേരിപ്പാറയുടെ 200 മീറ്റര്‍ പരിധിയിലും നിലവിലെ കളക്ടര്‍ ഖനന നിരോധനം ബാധകമാക്കിയുട്ടുണ്ട്. നാമമാത്രമാണ് ചീങ്ങേരിപ്പാറ പരിസരത്ത് ക്വാറി-ക്രഷര്‍ പ്രവര്‍ത്തനം.
ആറാട്ടുപാറയ്ക്ക് പുറമേ കൃഷ്ണഗിരി വില്ലേജിലെ ഫാന്റം റോക്ക്, കൊളഗപ്പാറ എന്നിവയുടെ അതിര്‍ത്തിക്ക് 200 മീറ്റര്‍ പരിധിയിലാണ് മുന്‍ കളക്ടര്‍ ഖനനം നിരോധിച്ചത്. പരിസ്ഥിതിനാശം കണക്കിലെടുത്തും ജനങ്ങളുടെ സൈ്വരജീവിതം മുന്‍നിര്‍ത്തിയും ദുരന്തനിവാരണ നിയമത്തിലെ സെക്ഷന്‍ 30(2) മൂന്ന് നിക്ഷിപ്തമാക്കുന്ന അധികാരം ഉപയോഗപ്പെടുത്തിയായിരുന്നു ഇത്. ഉത്തരവിന്റെ പാലനത്തിനു ഇതേ നിയമത്തിലെ സെക്ഷന്‍ 30(2) അഞ്ച് പ്രകാരം ബത്തേരി തഹസില്‍ദാര്‍, ജില്ലാ ജിയോളജിസ്റ്റ്, അമ്പലവയല്‍, മീനങ്ങാടി പഞ്ചായത്ത് സെക്രട്ടറിമാര്‍ എന്നിവരെ മുന്‍ കളക്ടര്‍ ചുമതലപ്പെടുത്തുകയുമുണ്ടായി. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം ചേരാതെയാണ് ആറാട്ടുപാറയില്‍ ക്വാറി-ക്രഷര്‍ പ്രവര്‍ത്തനത്തിനുള്ള ദൂരപരിധി കുറച്ച് ചെയര്മാന് ഉത്തരവിറക്കിയതെന്നും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: