തിരൂര്‍: ആദായനികുതി വകുപ്പിന്റെ പരിശോധന ഭയന്ന് കേരളത്തിലെ ഏറ്റവും വലിയ ഫോറിന് മാര്‍ക്കറ്റായ തിരൂര്‍ ഗള്‍ഫ് ബസാര്‍ അടച്ചുപൂട്ടി.
കറന്‍സി പിന്‍വലിച്ചതുമായി ബന്ധപ്പെട്ടാണിത്. വെള്ളിയാഴ്ച അവധിയായിരുന്നു പക്ഷേ ഇ ന്നലെ രണ്ട് കടകള്‍ മാത്രമാണ് തുറന്നത്. ഇവിടെ 800 ഓളം കടകളിലായി രണ്ടായിരത്തോളം തൊഴിലാളികളുണ്ട്. കുറച്ച് ദിവസങ്ങളായി 1000, 500 നോട്ടുകള്‍ ഇവിടെ സ്വീകരിച്ചിരുന്നില്ല. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി നിരവധി ആളുകള്‍ ഇവിടെ ഫോറിന് സാധനങ്ങള്‍ വാങ്ങാനെത്താറുണ്ട്. കഴിഞ്ഞ ദിവസമെത്തിയവര്ക്ക് നിരാശയോടെ മടങ്ങേണ്ടി വന്നു.
കേരളത്തിലെ വലുതും ചെറുതുമായ കടകളിലേക്ക് ചില്ലറ വില്‍പ്പനക്കുള്ള വിദേശ നിര്‍മ്മിത സാധനങ്ങള്‍ പോകുന്നത് തിരൂരില്‍ നിന്നാണ്. ഓരോ ദിവസം കോടികളുടെ ബിസിനസാണ് ഇവിടെ നടക്കുന്നത്. കൂടുതലായും മൊബൈല്‍ ഫോണും അനുബന്ധ സാമഗ്രികളും, പെര്‍ഫ്യൂം, ഇലക്ടോണിക് ഉപകരണങ്ങള്‍ തുടങ്ങിയവയാണ് കച്ചവടം.
ഗള്‍ഫ് ബസാറില്‍ നികുതിവെട്ടിപ്പ് നടക്കുന്നുണ്ടെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. വന്‍കിട മുതലാളിമാരുടെ കടകളും ഉള്ളതിനാല്‍ അധികൃതര്‍ ഇവിടെ പരിശോധന നടത്താന്‍ മടിച്ചു. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം വിജിലന്‍സും ആദായനികുതി വകുപ്പും പരിശോധന ആരംഭിച്ചതോടെ ഗള്‍ഫ് ബസാറിലെ കച്ചവടക്കാര്‍ വെട്ടിലായി. ഇതാണ് മാര്‍ക്കറ്റ് മുഴുവനായും അടച്ചിടാനുള്ള പ്രധാന കാരണം.
ആദായനികുതി ഉദ്യോഗസ്ഥര്‍ പരിശോധനക്ക് വരുമെന്ന് മുന്‍കൂട്ടി അറിഞ്ഞതിനെ തുടര്‍ന്നാണ് ഗള്‍ഫ് ബസാര്‍ അടച്ചതെന്ന് നാട്ടുകാരും ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: