തിരൂര്‍: ക്രിമിനല്‍ കേസുകളില്‍ പ്രതികളെ കണ്ടെത്താന്‍ സരസ്വതീയാമത്തില്‍ ഇറങ്ങിത്തിരിച്ച പോലീസ് ഒടുവില്‍ വെട്ടിലായി. ആളുമാറി വില്ലേജ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത തിരൂര്‍ സിഐ എം.കെ.ഷാജിയും സംഘവുമാണ് പുലിവാല് പിടിച്ചിരിക്കുന്നത്. തൃക്കണ്ടിയൂര്‍ വില്ലേജ് ഓഫീസിലെ ഫീല്‍ഡ് അസിസ്റ്റന്റ് മംഗലം പുല്ലുണിയിലെവടക്കെ പുരക്കല്‍ ബാലകൃഷ്ണന്റെ(39) അറസ്റ്റാണ് വിവാദമായത്. പരാതിയുടെ അടിസ്ഥാനത്തില്‍ തിരൂര്‍ ആര്‍ഡിഒ സുഭാഷ് പോലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
സംഭവം ഇങ്ങനെ, ഇന്നലെ പുലര്‍ച്ചെ രണ്ടുമണിയോടെ ഒരു വനിതാ പോലീസും മൂന്നു പോലീസുകാരുമുള്‍പ്പെടെ ബാലകൃഷ്ണന്റെ വീട്ടിലെത്തി. കതകുതുറന്ന ഇയാളെ പോലീസുകാരന് പിടിച്ചുവലിച്ചിറക്കാന് ശ്രമിച്ചപ്പോള്‍ താന്‍ സര് ക്കാര് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് ബാലകൃഷ്ണന് ചെറുക്കാന്‍ ശ്രമിച്ചു. പക്ഷേ കേസുണ്ടെന്നും അറസ്റ്റ് ചെയ്തു വെന്നും സിഐ അറിയിച്ചു. മേലുദ്യോഗസ്ഥരേയും ബന്ധുക്കളേയും ഫോണില്‍ ബന്ധപ്പെടാനും അനുവദിച്ചില്ല ബാലകൃഷ്ണന് വീട്ടില്‍ തനിച്ചാണ് താമസം. ബലമായി അറസ്റ്റ് ചെയ്ത ഇയാളെ അര കിലോമീറ്റര്‍ അകലെ നിര്‍ത്തിയ ജീപ്പിലേക്ക് നടത്തി കൊണ്ടുപോയി. ഒരു മണിക്കൂറോളം സ്റ്റേഷനില്‍ ഇരുത്തിയപ്പോഴാണ് ആളുമാറി അറസ്റ്റ് ചെയ്തതാണെന്നു മനസ്സിലായത്. തുടര്‍ന്ന് പോലീസ് ജീപ്പില്‍ തിരിച്ചെത്തിക്കുകയായിരുന്നു.
വീട്ടില്‍ അപരിചിതരുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് ബാലകൃഷ്ണന്റെ വീട്ടില്‍ പോയതെന്നും ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയപ്പോള്‍ കസ്റ്റഡിയിലെടുത്തതാണെന്നുമാണ് സിഐയുടെ വിശദീകരണം. ഇതുമായി ബ ന്ധപ്പെട്ട പാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് ഡിവൈഎസ്പി ബാബു അറിയിച്ചു. ബാലകൃഷ്ണന് ആര്‍ഡിഒക്ക് പരാതി നല്‍കിയിട്ടുണ്ട്. സിഐക്കെതിരെ നടപടിയെടുക്കണമെന്ന് ബാലകൃഷ്ണന്റെ സഹപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: