തൃശൂര്‍: ജയന്തനെയും കൂട്ടാളികളെയും രക്ഷിക്കാനുള്ള നീക്കത്തെച്ചൊല്ലി സിപിഎമ്മില്‍ കലഹം. മന്ത്രി എ.സി മൊയ്തീനെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പരാതി നല്കി. മൊയ്തീന് ജയന്തനെ രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് പരാതി. കുഴല്‍പ്പണ ഇടപാടും പലിശയിടപാടും നടത്തുന്ന ജയന്തനെ രക്ഷിക്കാന്‍ മൊയ്തീന് അമിത താത്പര്യമാണ് കാണിക്കുന്നതെന്നും മൊയ്തീന്റെ ഗുണ്ടയും ബിനാമിയുമാണ് ജയന്തന് എന്നുമാണ് ആരോപണം. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരിക്കാണ് പരാതി. പരാതിയെക്കുറിച്ച് അന്വേഷിക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങള്‍ മുമ്പാകെ പരാതിക്കാരിലൊരാളായ പാര്‍ട്ടി ചാനല്‍ മുന്‍ ജീവനക്കാരന് മൊയ്തീനെതിരേ ഇന്നലെ മൊഴി നല്കി.
മുന്‍ ജില്ലാ സെക്രട്ടറി കൂടിയായ മൊയ്തീന്റെ ആസ്തിയെക്കുറിച്ച് പാര്‍ട്ടി തലത്തില്‍ അന്വേഷണം വേണം. പാര്‍ട്ടി പ്രവര്‍ത്തകരോട് ധിക്കാരത്തോടെ പെരുമാറുന്ന മൊയ്തീന് സ്വന്തം താത്പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കയാണ്. കെ.രാധാകൃഷണന് ഇതിന് കൂട്ടുനില്‍ക്കുന്നു. മിണാലൂരില്‍ പാര്‍ട്ടി നിര്‍ദ്ദേശിച്ച സ്ഥാനാര്‍ത്ഥിയെ മാറ്റി മൊയ്തീന് സ്വന്തം താത്പര്യപ്രകാരമാണ് ജയന്തനെ സ്ഥാനാര്‍ത്ഥിയാക്കിയത് എന്നൊക്കെയാണ് പരാതികള്‍.
വടക്കാഞ്ചേരിയിലെ പ്രവര്‍ത്തകരാണ് പരാതി നല്‍കിയത്. വടക്കാഞ്ചരി ഏരിയക്കമ്മിറ്റിയിലും തൃശൂര്‍ ജില്ലാക്കമ്മിറ്റിയിലും ഇതേച്ചൊല്ലി രണ്ടു വിഭാഗമായി തിരിഞ്ഞ് ഏറ്റുമുട്ടല്‍ തുടങ്ങിക്കഴിഞ്ഞു.
മൊയ്തീനെതിരായ പരാതിക്ക് മുന്‍ ജില്ലാസെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ ബേബിജോണിന്റെ പിന്തുണയുണ്ട്. ഇ.പി. ജയരാജന്റെ നേതൃത്വത്തിലുള്ള കണ്ണൂര്‍ ലോബിയാണ് മൊയ്തീന്-രാധാകൃഷ്ണന് അച്ചുതണ്ടിന് പിന്നിലുള്ളത്. തൃശൂര്‍ ജില്ലയുടെ ചുമതല പാര്‍ട്ടിയില്‍ ജയരാജനാണ്. മൂവര്‍ക്കുമെതിരെ ബേബിജോണ്‍ സംസ്ഥാന നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്.
മുന്‍ എംഎല്‍എ ബാബു.എം.പാലിശ്ശേരി, വടക്കാഞ്ചേരി മുന്‍ ഏരിയ സെക്രട്ടറി സേവ്യര്‍ ചിറ്റിലപ്പിള്ളി തുടങ്ങിയവരെല്ലാം മൊയ്തീന്-രാധാകൃഷണന് അച്ചുതണ്ടിനെതിരാണ്.
കൗണ്‍സിലര്‍ സ്ഥാനത്തു നിന്ന് ജയന്തനെ നീക്കണമെന്ന ആവശ്യവും പാര്‍ട്ടിക്കുള്ളില്‍ ശക്തമായി ഉയരുന്നുണ്ട്. ബേബിജോണ്‍ വിഭാഗത്തിന്റെ പരാതിയെത്തുടര്‍ന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് വിഷയം ചര്‍ച്ച ചെയ്യും. അറസ്റ്റ് അനിവാര്യമായ സാഹചര്യത്തില്‍ ജയന്തന്റെ രാജിയാണ് നല്ലതെന്ന അഭിപ്രായത്തിനാണ് പാര്‍ട്ടിയില്‍ മുന്‍തൂക്കം. മൊയ്തീനും രാധാകൃഷ്ണനും ഇത് മറികടക്കാനെളുപ്പമല്ല.
ഇരയുടെ പേര് വെളിപ്പെടുത്തിയ രാധാകൃഷ്ണനെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റണമെന്ന ആവശ്യവും പാര്‍ട്ടിക്കുള്ളില്‍ ഉയരുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് മുതല്‍ വടക്കാഞ്ചേരിയില്‍ സിപിഎമ്മിനുള്ളില്‍ കലാപമാണ്. പാര്‍ട്ടി ഏരിയ സെക്രട്ടറിയും യുവനേതാവുമായിരുന്ന സേവ്യര്‍ ചിറ്റിലപ്പിള്ളിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ആദ്യകലാപം. ഇ.പി.-മൊയ്തീന്-രാധാകൃഷ്ണന് കൂട്ടുകെട്ട് സേവ്യറെ വെട്ടി കെപിഎസി ലളിതയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ നീക്കം നടത്തി. ഇതും പൊട്ടിത്തെറിയിലെത്തി.
പിന്നീട് മഹിളാ നേതാവ് മേരിതോമസിനെ സ്ഥാനാര്‍ത്ഥിയാക്കി. ജില്ലയിലെ 13 ല്‍ 12 മണ്ഡലങ്ങളിലും എല്‍ഡിഎഫ് വന്‍വിജയം കൊയ്തപ്പോള്‍ വടക്കാഞ്ചേരിമാത്രം യുഡിഎഫ് വിജയിച്ചത് ഈ ഭിന്നത മൂലമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: