ജീവിതം എല്ലാവിധ സ്വാതന്ത്ര്യത്തോടെയും ആസ്വദിക്കുക, എഴുത്തിലൂടെ ആനന്ദം കണ്ടെത്തുക ഇതായിരുന്നു വിഖ്യാത കവയിത്രി അമൃത പ്രീതത്തിന്റെ ജീവിതം. അവിടെ അവര്‍ ശരി തെറ്റുകള്‍ അളന്നില്ല. ജീവിതം അവര്‍ക്കുമുന്നില്‍ ആസ്വദിക്കാനുള്ള അമൃതപാത്രമായി നിറഞ്ഞുനിന്നു. അസംതൃപ്തമായ ദാമ്പത്യത്തിലെ വിരസതയെ എഴുത്തുകൊണ്ടും പ്രണയം കൊണ്ടും പരാജയപ്പെടുത്തി. പ്രണയം അവര്‍ക്ക് ജീവിതത്തിന്റെ ഭാഗം തന്നെയായിരുന്നു. ഓരോ പ്രണയവും അവരെ കാല്പനിക ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ആ ജീവിതത്തിനിടയിലേക്ക് എപ്പോഴോ കടന്നെത്തി സാഹീര്‍ ലുധിയാന്‍വി. അറിയപ്പെടുന്ന ഉറുദു കവിയും ഗാനരചയിതാവുമായിരുന്നു സാഹിര്‍. ഇരുവരും അക്ഷരങ്ങളെ പ്രണയിക്കുന്നവര്‍. സമാന ചിന്താഗതിക്കാര്‍. പ്രണയം അവര്‍ക്കിടയില്‍ മഴപോലെ പെയ്തിറങ്ങാന്‍ അധികനേരം വേണ്ടിവന്നില്ല.
1944 ലാണ് അമൃതയും സാഹിറും കണ്ടുമുട്ടുന്നത്. കവിയരങ്ങില്‍ വച്ച്. ലാഹോറിനും അമൃത്സറിനും ഇടയിലുള്ള പ്രീത് നഗര്‍ ഗ്രാമമായിരുന്നു സ്ഥലം. അമൃത വിവാഹിതയായിരുന്നു. പ്രീതം സിങ്ങായിരുന്നു ഭര്‍ത്താവ്. ദാമ്പത്യജീവിതത്തിന്റെ തുടക്കത്തിലേ ഇരുവര്‍ക്കുമിടയില്‍ സ്വരച്ചേര്‍ച്ചയില്ലായിരുന്നു. അങ്ങനെയിരിക്കെ പഞ്ചാബി, ഉറുദു കവികള്‍ പങ്കെടുത്ത കവിയരങ്ങില്‍ വച്ച് സാഹിര്‍ എന്ന പേര് അമൃത ആദ്യമായി കേട്ടു. കണ്ടമാത്രയില്‍ തന്നെ അയാളുടെ വാക്കുകളിലെ മാന്ത്രികത കൊണ്ടാവാം അമൃത, സാഹിറില്‍ ആകൃഷ്ടയായി.
അന്ന് കവിയരങ്ങ് അവസാനിച്ചത് രാത്രി ഏറെ വൈകിയാണ്. തൊട്ടടുത്ത ദിവസം രാവിലെ അടുത്തുള്ള പട്ടണ നഗരമായ ലൊപോകിയില് എത്തണം. അവിടെ നിന്ന് ലാഹോറിലേക്ക് പോകുന്നതിനുള്ള ബസ് സംഘാടകര്‍ ഏര്‍പ്പാടാക്കിയിരുന്നു. മഴ പെയ്ത് വഴി മുഴുവന്‍ വഴുക്കലുള്ളതായി. ലൊപോക്കിയിലേക്കുള്ള ആ യാത്ര ദുഷ്കരമായിരുന്നു. ഹൃദയത്തില്‍ മുള പൊട്ടിയ പ്രണയത്തെ മഴ പരിപോഷിപ്പിക്കുകയായിരുന്നുവെന്ന് പിന്നീട് അമൃത തന്നെ വെളിപ്പെടുത്തിയിരുന്നു. ആ അനുഭവത്തെ അവര്‍ കവിതയിലൂടെ ആവിഷ്കരിക്കുകയും ചെയ്തു.
യാത്രയില്‍ സാഹിറില്‍ നിന്ന് അല്പം ദൂരെയായപ്പോള്‍, നിരത്തിലേക്ക് വീണ അയാളുടെ നിഴല്‍ അവളെ ഗ്രസിക്കുന്നതായി തോന്നി. വര്‍ഷങ്ങളോളം ആ നിഴല്‍ തനിക്കൊപ്പമുണ്ടായിരുന്നതായി അനുഭവപ്പെടുകയും അതില്‍ ആശ്വസിച്ചതായും അമൃത എഴുതുന്നു. പക്ഷെ അതിന്റെ പ്രേരണയെക്കുറിച്ചുമാത്രം അവര്‍ സമൂഹത്തോട് വെളിപ്പെടുത്തിയില്ല.
നിരവധി കവിയരങ്ങുകളില്‍ അമൃതയും സാഹിറും പങ്കെടുത്തു. പരിചയം ക്രമേണ അടുപ്പമായി. മൗനമാണ് ആ ബന്ധത്തെ നിര്‍വചിച്ചിരുന്നത്. ‘മൗനവും ഭാഷയുമാണ് തങ്ങള്‍ക്കിടയിലുണ്ടായിരുന്ന തടസ്സം. മൗനം എന്നും അവശേഷിച്ചു. മറ്റൊന്ന് ഭാഷയാണ്. ഞാന്‍ കവിത എഴുതിയത് പഞ്ചാബിയിലും സാഹിര്‍ ഉര്‍ദുവിലും”- അമൃത പറയുന്നു.
സാഹിറുമൊത്തുള്ള നിമിഷങ്ങളെക്കുറിച്ച് അമൃത, ആത്മകഥയായ രസീതി ടിക്കറ്റില്‍(റവന്യൂ സ്റ്റാമ്പ്) വിവരിച്ചിട്ടുണ്ട്. ലാഹോറില്‍ തന്നെ കാണാനെത്തുന്ന സാഹിര്‍ പുകച്ചുതള്ളുന്ന, പാതി തീര്‍ന്ന സിഗരറ്റ് കുറ്റികള്‍ കബോര്‍ഡില്‍ സൂക്ഷിച്ചുവച്ചിരുന്നു അമൃത. ഒരു സിഗരറ്റ് പാതി വലിച്ച് ഉപേക്ഷിക്കുകയും തൊട്ടടുത്ത നിമിഷം തന്നെ മറ്റൊന്നിന് തീപിടിപ്പിക്കുകയും ചെയ്യുന്നതായിരുന്നു സാഹിറിന്റെ പതിവ്. അദ്ദേഹം മുറി വിട്ടുപോവുമ്പോഴേക്കും അവിടമാകെ പാതിയെരിഞ്ഞ സിഗരറ്റുകളെ കൊണ്ട് നിറഞ്ഞിരിക്കും. തനിച്ചാകുമ്പോള്‍ സാഹിര്‍ ഉപേക്ഷിച്ചുപോയ സിഗരറ്റുകളില്‍ ഒന്ന് വെറുതെ കത്തിക്കും. വിരലുകള്‍ക്കിടയില്‍ ചേര്‍ത്തുവച്ച സിഗരറ്റ്, സാഹിറിന്റെ കൈകളില്‍ തൊടുമ്പോലുള്ള അനുഭവമാണ് സമ്മാനിക്കുക. പതിയെ പതിയെ അമൃത സിഗരറ്റ് വലിച്ചുതുടങ്ങി. അപ്പോള്‍ സാഹിര്‍ തൊട്ടടുത്തുള്ളതുപോലെ. സിഗരറ്റില്‍ നിന്നുയരുന്ന പുകയില്‍ നിന്ന് ഒരു ജിന്നിനെ പോലെ സാഹിര്‍ അവള്‍ക്ക് മുന്നില്‍ പ്രത്യക്ഷനായി.
ഭാരതം വിഭജിക്കപ്പെട്ടതോടെ അമൃത ഭര്‍ത്താവിനൊപ്പം ദല്‍ഹിയില്‍ താമസമുറപ്പിച്ചു. സാഹിര്‍ അധികം വൈകാതെ ബോംബെ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചു. പ്രണയം അനുഭവിക്കുക മാത്രമല്ല. അത് വിവധ ഭാവത്തില്‍ വാക്കുകളിലാവാഹിക്കുകയും ചെയ്തു. ഇക് സി അനിത (എ ഗേള്‍ നെയിംഡ് അനിത) എന്ന കവിതാസമാഹാരത്തില്‍ സാഹിറിന്റെ സ്വഭാവസവിശേഷതകള്‍ വര്‍ണിക്കുന്ന കവിതയുണ്ട്. നോവലായ ദില്ലി ദിയ ഗളിയാന്, ചെറുകഥാ സമാഹാരമായ ആഖ്ഡി ഖാത്ത്(ഫൈനല്‍ ലെറ്റര്‍), കവിത സുനേരെ ഇതെല്ലാം രചിച്ചത് സാഹിറിനുവേണ്ടിയാണെന്ന് പറയുമ്പോഴേ ആ തീവ്രാനുരാഗത്തിന്റെ കഥ പൂര്‍ണമാവൂ. സുനേരെയിലൂടെ 1956 ല്‍ സാഹിത്യ അക്കാദമി പുരസ്കാരം നേടുന്ന ആദ്യ വനിത എന്ന ബഹുമതിക്കും അവര്‍ അര്‍ഹയായി.
സാഹിറുമായുള്ള ബന്ധത്തില്‍ അവള് അഭിമാനം കൊണ്ടു. അത് തുറന്നുപറയാനും ധൈര്യമുള്ളവളായി. തന്റെ ഒരു രചനയുമായി ബന്ധപ്പെട്ട് ഫോട്ടോയ്ക്കുവേണ്ടി ഇരുന്നുകൊടുക്കേണ്ടി വന്നു, അമൃതയ്ക്ക്. പേനകൊണ്ട് പേപ്പറില്‍ എഴുതിക്കൊണ്ടിരിക്കണം. അതായിരുന്നു നിര്‍ദ്ദേശം. പിന്നീട് ആ പേപ്പര്‍ നോക്കിയപ്പോള്‍ അവര്‍ അത്ഭുതപ്പെട്ടു. പേപ്പറില്‍ ഉടനീളം എഴുതിയിരിക്കുന്നത് സാഹിര്‍, സാഹിര്‍, സാഹിര്‍… അബോധതലത്തിലും ആ പേര് അവര്‍ മനസ്സില്‍ ഉരുവിട്ടുകൊണ്ടിരുന്നു.
അമൃതയ്ക്ക് സാഹിറിനോടുണ്ടായിരുന്ന അടുപ്പത്തിന്റ തീവ്രത സഹീറിനും ഉണ്ടായിരുന്നോ എന്ന് സംശയമാണ്. ഒരുപക്ഷെ ഗാഢമായി അയാള്‍ അവരെ സ്നേഹിച്ചിരുന്നിരിക്കാം. അതൊരിക്കലും അദ്ദേഹം അംഗീകരിച്ചിരുന്നില്ല. സാഹിര്‍ എല്ലാ സ്ത്രീകളേയും ഭ്രാന്തമായി സ്നേഹിച്ചിരുന്നു. ആ ജീവിതത്തിലൂടെ നിരവധി സ്ത്രീജീവിതങ്ങള്‍ കടന്നുപോയി. അമൃത അതില്‍ അദ്യത്തേതോ അവസാനത്തേതോ ആയിരുന്നില്ല. അച്ഛന് അമ്മയോടുള്ള മോശം സമീപനം കണ്ടുവളര്‍ന്ന സാഹിര്‍ ആരേയും ജീവിതത്തിലേക്ക് ഒപ്പം കൂട്ടിയില്ല. സ്നേഹം നഷ്ടപ്പെടുമ്പോഴുള്ള വേദനയ്ക്കുവേണ്ടി സാഹിര്‍ അതിയായി ആഗ്രഹിച്ചു. ആ വേദനയെ അതിന്റെ തീവ്രതയോടെ വാക്കുകളില്‍ ആവിഷ്കരിച്ചു. അദ്ദേഹത്തിന്റെ മികച്ച രചനകളില്‍ ഇതിന്റെയെല്ലാം പ്രതിഫലനമുണ്ട്. കവിതയോടുമാത്രമായിരുന്നു സാഹിറിന് ആത്യന്തികമായ പ്രണയം. അത് അവസാന ശ്വാസം വരെ നിലനിര്‍ത്തി. ജീവിതത്തിലേക്ക് സ്ത്രീ വരികയും പോവുകയും ചെയ്യുന്നത് നല്ലതാണ്. അത് തന്നെ മനോഹരമായ കവിതയെഴുതാന്‍ സഹായിക്കുമെന്നായിരുന്നു സാഹിറിന്റെ നിലപാട്. അമൃതയുടെ രസീതി ടിക്കറ്റ് വായിച്ചിരുന്നെങ്കിലും അതേക്കുറിച്ച് സാഹിര്‍ ഒന്നുംതന്നെ സംസാരിച്ചിരുന്നില്ലെന്ന് അമൃത തന്നെ വ്യക്തമാക്കുന്നു.
സാഹിറിനോടുള്ള പ്രണയത്തില്‍ നിന്ന് അമൃത ഒടുവില്‍ പിന്മാറി. ബോളിവുഡില്‍ കൂടുതല്‍ പ്രതിഫലം പറ്റുന്ന ഗാനരചയിതാക്കളില്‍ ഒരാളായിരുന്നു ഇദ്ദേഹം. മറ്റൊരു പ്രേമഭാജനത്തെ കണ്ടെത്താന്‍ അധികം ബുദ്ധിമുട്ടും ഇല്ലായിരുന്നു. ഗായികയും നടിയുമായ സുധ മല്‍ഹോത്രയായിരുന്നു ആ കഥാപാത്രം. സാഹിറിന്റെ പുതിയ പ്രണയത്തെക്കുറിച്ച് അദ്ദേഹത്തിന്റെ ചിത്രം സഹിതം ബ്ലിറ്റ്സില്‍ പ്രസിദ്ധീകരിച്ചത് വായിക്കാനിടയായപ്പോള്‍ തന്റെ കൈകള്‍ മരവിച്ചുപോയതായി അമൃത പില്ക്കാലത്ത് എഴുതി.
പ്രതീക്ഷ നശിച്ച്, സ്നേഹരഹിതമായ, ഏകാന്തമായ ആ ജീവിതത്തിലേക്ക് പിന്നീട് കലാകാരനും എഴുത്തുകാരനുമായ ഇമ്രോസ് കടന്നുവന്നു, 1957 ല്‍. അമൃതയെഴുതിയ കൃതിക്ക് കവര്‍ ഡിസൈന്‍ ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം. അമൃതയുടെ കഴിഞ്ഞ കാലത്തെയെല്ലാം ഉള്‍ക്കൊള്ളാന്‍ തയ്യാറായ ഇമ്രോസിനെ ദൈവതുല്യനായി കരുതി അമൃത പ്രണയിച്ചു. തന്റെ വേദനയെ സ്വന്തം വേദനയായി കരുതിയ ഇമ്രോസിന്റെ സ്നേഹം തനിക്ക് ലഭിച്ച വരമാണെന്ന് അമൃത പറയുമായിരുന്നു.
എങ്കിലും ചില ശീലങ്ങളില്‍ നിന്ന് അമൃത മുക്തയായിരുന്നില്ല. പേപ്പറിലും ഭിത്തിയിലും കൈകളിലും സാഹിര്‍ എന്ന പേര് കോറിയിടുക എന്ന വര്‍ഷങ്ങളായുള്ള ശീലം അവരെ വിട്ടുപോയിരുന്നില്ല. ഇമ്രോസിനൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കുമ്പോള്‍, ഇമ്രോസിന്റെ പുറകില്‍ വിരലുകൊണ്ട് സാഹിര്‍ എന്ന് എഴുതുകയുണ്ടായി. സാഹിര്‍ എന്നാണ് എഴുതിയതെന്ന് മനസ്സിലായെങ്കിലും ഇമ്രോസ് നിശബ്ദനായിരുന്നു. അത് അദ്ദേഹത്തെ മുഷിപ്പിച്ചിരുന്നോ എന്ന് വ്യക്തമല്ലെങ്കിലും അമൃതയുടെ ഭ്രാന്ത് അദ്ദേഹം ഉള്‍ക്കൊണ്ടു. സാഹിറില്‍ നിന്ന് വേര്‍പിരിഞ്ഞെങ്കിലും അവര്‍ പില്ക്കാലത്തും നല്ല സുഹൃത്തുക്കളായി തുടര്‍ന്നു. ഇമ്രോസും അമൃതയും ഒരുമിച്ച് ജീവിച്ചുവെങ്കിലും അവര്‍ വിവാഹിതരായില്ല. നാല് പതിറ്റാണ്ട് ആ ബന്ധം നിലനിന്നു, സാമൂഹിക വിലക്കുകളെയെല്ലാം
അതിജീവിച്ചുകൊണ്ട്.
അമൃത പ്രീതം
ജനനം 1919 ഓഗസ്റ്റ് 11 ന് പഞ്ചാബ് പ്രവിശ്യയിലെ ഗുജ്രന്‍വാലയില്‍. പഞ്ചാബില്‍ നിന്നുള്ള പ്രശസ്തയായ കവയിത്രി. ഭാരതം വിഭജിക്കപ്പെട്ടപ്പോള്‍ 1947 ല്‍ ദല്‍ഹിയിലേക്ക് കുടിയേറി. 11-ാം വയസ്സില്‍ അമ്മയെ നഷ്ടപ്പെട്ടു. അമ്മയുടെ മരണത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം നല്‍കാത്ത ദൈവത്തില്‍ വിശ്വാസം നഷ്ടപ്പെട്ട അമൃത സ്വതന്ത്രമായ നിലപാടുകളെടുത്തു.
താഴ്ന്ന ജാതിക്കാരോട് വീട്ടുകാര്‍ക്കുള്ള സമീപനം ഒരിക്കലും അവര്‍ അംഗീകരിച്ചിരുന്നില്ല. 16-ാം വയസ്സില്‍ പ്രീതം സിങ്ങിന്റെ ജീവിതപങ്കാളിയായി. 1936 മുതല്‍ സാഹിത്യരചനയില്‍ സജീവമായി. 1960 ല്‍ 25 വര്‍ഷം നീണ്ടുനിന്ന ദാമ്പത്യം അവസാനിപ്പിച്ചു. മികച്ച രചനകള്‍കൊണ്ട് സാഹിത്യത്തെ പരിപോഷിപ്പിച്ചു. 1982 ല്‍ ജ്ഞാനപീഠ പുരസ്കാരവും 1969 ല്‍ പത്മശ്രീയും 2004 ല്‍ പത്മവിഭൂഷണും ലഭിച്ചു. 2005 ഒക്ടോബര്‍ 31 ന് അന്തരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: