കുഴല്‍മന്ദം: ജില്ലയിലെ പരമ്പരാഗത മണ്‍പാത്ര നിര്മാണക്കാര് തൊഴില്‍ ഉപേക്ഷിക്കുന്നു. കളിമണ്‍ പാത്രങ്ങള്‍ക്ക് മുന്തിയ ഹോട്ടലുകളില്‍ പ്രിയം ഏറുന്നുണ്ടെങ്കിലും ഇതുകൊണ്ടൊന്നും വ്യവസായത്തെ രക്ഷിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. കളിമണ്‍പാത്രം നിര്‍മിക്കുന്നതിന് ആധുനിക യന്ത്രങ്ങള്‍ വരുന്നതും വിദഗ്ധരായ പ്രൊഫഷണലുകള്‍ അന്യ സംസ്ഥാനത്തു നിന്നും വ്യാവസായികമായി ഇടം പിടിച്ചതും ഇവിടത്തെ പരമ്പരാഗത മേഖലയ്ക്ക് തിരിച്ചടിയായിരിക്കുകയാണ്. കളിമണ്‍ പാത്ര നിര്‍മാണം കുലതൊഴിലായി സ്വീകരിച്ച കുംഭാര സമുദായക്കാര്‍ സിംഹഭാഗവും ഈ മേഖലയില്‍ നിന്നും പിന്തിരഞ്ഞ് മറ്റുജോലികള്‍ തേടിപ്പോയി തുടങ്ങി. അന്യസംസ്ഥാനങ്ങളില്‍ നിന്നും പാത്രങ്ങളും ചട്ടികളും സാമഗ്രികളും യഥേഷ്ടം ഇറക്കുമതി ചെയ്യാന്‍ തുടങ്ങിയതും ഇവിടെയുള്ള കളിമണ്‍പാത്ര നിര്‍മാണ മേഖലയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. പഴയ തലമുറയില്‍പ്പെട്ട അപൂര്‍വ്വം ചിലര്‍ മാത്രമാണ് ഇന്ന് ഈ രംഗത്ത് നിലനില്‍ക്കുന്നതെന്നിരിക്കെ ഒരു തൊഴിലെന്ന നിലയില്‍ സ്ഥിരം വരുമാനം ലഭിക്കാത്ത സാഹചര്യവുമാണ്.
തമിഴ്നാട്ടില്‍ നിന്നും മറ്റും വരുന്ന കളിമണ്‍പാത്ര സാധന സാമഗ്രികള്‍ക്കാണ് ഇവിടെ പ്രിയം കൂടുതലുളളത്. അനുഷ്ഠാനം കണക്കെ ഇന്നും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അപൂര്‍വ്വം പേരാകട്ടെ പ്രായമേറിയവരാണ്. പുതുതലമുറയില്‍ നിന്നും ആരും തന്നെ ഈ മേഖലയ്ക്ക് കടന്നു വരാത്തത് ഈ പരമ്പരാഗത മേഖലക്ക് തിരിച്ചടിയായി. കളിമണ്ണ് ലഭിക്കാത്തതാണ് ഈ മേഖലയിലുള്ളവര്‍ നേരിടുന്ന മറ്റൊരു പ്രശ്നം. മണ്ണെടുക്കുന്നതിനു ജിയോളജിക്കല്‍ വകുപ്പിന്റെ നിയമപ്രശ്നങ്ങള്‍ മുഖ്യ വെല്ലുവിളിയാണ് . മുമ്പ് ഭാരതപ്പുഴയുടെ വൃഷ്ടി പ്രദേശങ്ങളില്‍ നിന്നാണ് മണ്ണെടുത്തിരുന്നത്. എന്നാല്‍ ഇതിനു നിരോധനമുള്ളതും മണ്ണില്‍ അമിതമായി ചെളി കലര്‍ന്നതും പാത്രനിര്‍മാണത്തിന് ഉപയോഗിക്കാനാകാത്ത സാഹചര്യമുണ്ടാക്കി. നിലവില്‍ മണ്ണിന് 12,000 മുതല്‍ 15,000 രൂപ വരെ നല്‍കിയാണ് ഈ രംഗത്തുള്ളവര്‍ ഒരു ലോഡ് കളിമണ്ണ് വാങ്ങുന്നത്. ഉത്പാദന ചെലവ് കൂടുതലും ഉത്പന്നത്തിന് വില ലഭിക്കാത്തതും ആവശ്യക്കാര്‍ ഇല്ലാത്തതുമാണ് മേഖലയുടെ മുഖ്യ പ്രശ്നം. കളിമണ്‍ പാത്രത്തില്‍ ആഹാരം പാചകം ചെയ്യുന്നതാണ് ആരോഗ്യത്തിന് അത്യുത്തമമെന്നു ശാസ്ത്രം കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇതൊന്നും പ്രവൃത്തി പഥത്തില്‍ എത്തിക്കുന്നതിന് സമൂഹം തയ്യാറാകുന്നില്ലത്രേ. പരമ്പരാഗതമായ ഈ തൊഴില്‍മേഖലയെ സംരക്ഷിക്കുന്നതിനും പുതുതലമുറയെ ഇതിലേക്ക് ആകര്‍ഷിക്കുന്നതിനും അടിയന്തിരനടപടി അനിവാര്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: