ഒറ്റപ്പാലം: സിപിഎം നേതാവ് പ്രസിഡന്റായ സൊസൈറ്റി കൈവശപ്പെടുത്തിയ സ്ഥലം തിരിച്ചെടുക്കാന്‍ നഗരസഭക്ക് വൈമുഖ്യം. ഓംബുഡ്സ്മാന് നിര്‍ദ്ദേശിച്ചിട്ടും സിപിഎം ഭരണസമിതി സ്ഥലം കയ്യേറ്റം തിരിച്ചു പിടിക്കാന്‍ നടപടിയെടുത്തില്ല.
തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്സ്മാന് ജസ്റ്റിസ് എം.എല്‍. ജോസഫ് ഫ്രാന്‍സിസിന്റെ ഉത്തരവു പ്രകാരം നഗരസഭാ കൗണ്‍സിലര്‍ ജലീല്‍ സെക്രട്ടറിക്കു നല്കിയ പരാതിയാണ് അവഗണിക്കപ്പെട്ടത്. ആരോപണവിധേയമായ 14 സെന്റ് സ്ഥലം താലൂക്ക് ആശുപത്രിയുടേതായി വീണ്ടെടുക്കണമെന്ന പരാതിയില്‍ ഓംബുഡ്സ്മാന്റെ ഉത്തരവാണ് നഗരസഭ അവഗണിച്ചത്. ഇതു കോടതിയലക്ഷ്യമാണെന്നു നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ജലീല്‍ ആരോപിച്ചു.
നഗരസഭാ ഓഫിസിനോടു ചേര്‍ന്നുകിടക്കുന്ന 14 സെന്റ് സ്ഥലത്തിന്റെ കൈവശാവകാശത്തെ ചൊല്ലി കൗണ്‍സിലില്‍ വിവാദമുയര്‍ന്നതു മുന്‍ ഭരണ സമിതിയുടെ കാലത്താണ്. സ്ഥലം സൊസൈറ്റിക്ക് അവകാശപ്പെട്ടതാണെന്നായിരുന്നു അന്നത്തെ ഭരണ നേതൃത്വത്തിന്റെ നിലപാട്. ഇതുസംബന്ധിച്ചു തര്‍ക്കം നിലനില്‍ക്കെ ജലീല്‍ ഓംബുഡ്സ്മാനെ സമീപിക്കുകയായിരുന്നു. ഓംബുഡ്സ്മാന് കഴിഞ്ഞ ജൂണ്‍ 15നു പുറപ്പെടുവിച്ച ഉത്തരവു പ്രകാരമാണു ജൂലൈ 27നു ജലീല്‍ നഗരസഭാ സെക്രട്ടറിക്കു പരാതി നല്‍കിയത്.
സെക്രട്ടറിക്കു നല്കുന്ന പരാതിയില്‍ മൂന്നു മാസത്തിനകം നഗരസഭ തീരുമാനമെടുക്കണമെന്നും ഓംബുഡ്സ്മാന് ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഈ സമയ പരിധി കഴിഞ്ഞിരിക്കെയാണു കോടതിയലക്ഷ്യം ആരോപിക്കപ്പെട്ടത്. ഓംബുഡ്സ്മാന്റെ ഉത്തരവു ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നും ഫയല്‍ പരിശോധിക്കുമെന്നുമായിരുന്നു സെക്രട്ടറിയുടെ വിശദീകരണം.
റവന്യൂ രേഖകളില്‍ സര്‍ക്കാര്‍ ആശുപത്രിയുടേതാണെന്ന് വ്യക്തമായ സ്ഥലമാണ് വര്‍ഷങ്ങളായി ഒരു കടലാസ് സൊസൈറ്റിയുടെ കൈവശത്തിലുള്ളത്. ഓംബുഡ്സ്മാന്റെ വിചാരണയില്‍ നഗരസഭാ സെക്രട്ടറി ബോധിപ്പിച്ച പത്രികയില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം വിവാദ സ്ഥലത്തെ കെട്ടിടം നഗരസഭാ രേഖകളില്‍ സൊസൈറ്റി മാനേജരുടെ പേരിലാണ്. ഈ കെട്ടിടം സൊസൈറ്റി നേരത്തെ സ്വകാര്യ സ്ഥാപനത്തിനു വാടകയ്ക്കു നല്‍കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: