പറപ്പൂര്: ഗ്രാമപ്പഞ്ചായത്തിലെ പുള്ളാട്ടങ്ങാടിയില് ചാക്കുകണക്കിന് അറവുമാലിന്യം തള്ളി.
പുള്ളാട്ടങ്ങാടി-വെട്ടം റോഡില്‍ വെട്ടം പള്ളിക്കുസമീപത്താണ് റോഡിനുകുറുകെ മാലിന്യം തള്ളിയത്. രാത്രിയാണ് സംഭവം. രാവിലെയാണ് ഇത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. റോഡിലൂടെ ആളുകള്‍ക്ക് നടക്കാനോ വാഹനത്തിന് പോകാനോ കഴിയാത്ത വിധത്തിലായിരുന്നു മാലിന്യം തളളിയത്.
മാലിന്യത്തിന്റെ രൂക്ഷഗന്ധം കാരണം തൊട്ടടുത്ത അങ്കണവാടിയിലെ കുട്ടികളും ജനങ്ങളും ദുരിതത്തിലായി.
വിവരമറിഞ്ഞ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പറങ്ങോടത്ത് മുഹമ്മദ്കുട്ടി, വൈസ് പ്രസിഡന്റ് പി വി കെ ഹസീന എന്നിവരടങ്ങുന്ന ഭരണസമിതി അംഗങ്ങളും വേങ്ങര പൊലീസും സംഭവസ്ഥലത്തെത്തി.
രാവിലെ 11 മണിയോടെ മണ്ണുമാന്തിയന്ത്രമുപയോഗിച്ച് മാലിന്യം ഒഴിഞ്ഞ സ്ഥലത്ത് സംസ്കരിച്ചു. തൊട്ടടുത്തുള്ള കടകളിലെയും ബാങ്കുകളിലെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് മാലിന്യം തള്ളിയ വാഹനം കണ്ടെത്താനുള്ള ശ്രമത്തിലാണ് നാട്ടുകാര്‍. വേങ്ങര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: