പാലക്കാട്: അട്ടപ്പാടി ജലസേചന പദ്ധതിക്ക് പരിസ്ഥിതി ആഘാത പഠനം നടത്തുന്നതിന് നല്കിയ അനുമതി താത്കാലികമായി പിന്‍വലിച്ചത് അട്ടപ്പാടിയുടെ പ്രതീക്ഷക്ക് മങ്ങലേല്‍പ്പിക്കുന്നു. പദ്ധതിക്ക് പാരിസ്ഥിതികാഘാത പഠനം നടത്താന്‍ കഴിഞ്ഞ ആഗസ്തിലാണ് കേന്ദ്രം അനുമതി നല്‍കിയത്. കേരളത്തിന്റെ അപേക്ഷയില്‍ തമിഴ്നാടിനോട് അഭിപ്രായം ചോദിച്ചെങ്കിലും പ്രതികരിക്കാത്തതിനാല്‍ കേരളത്തിനനുകൂലമായി കേന്ദ്രം നിലപാടെടുത്തു. ഇപ്പോഴത്തെ തീരുമാനം മാറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
കേരളം രണ്ട് മാസമായി പഠനം നടത്തിവരികയായിരുന്നു. അടുത്ത മഴക്കാലത്തോടെ പഠനം പൂര്‍ത്തിയാകുമായിരുന്നു. അതിനിടെ തമിഴ്നാട്ടില്‍ നിന്നുയര്‍ന്ന പ്രതിഷേധവും രാഷ്ട്രീയ സമ്മര്‍ദ്ദവുമാണ് ഇപ്പോള്‍ അനുമതി റദ്ദാക്കാന്‍ കേന്ദ്രത്തെ പ്രേരിപ്പിച്ചിരിക്കുന്നത്. അനുമതി മരവിപ്പിച്ച പ്രശ്നത്തില്‍ നിയമവിദഗ്ധരുമായും അക്കൗണ്ട് ജനറലുമായും ആലോചിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്ന് ജലസേചനവകുപ്പ് അധികൃതര്‍ പറഞ്ഞു.
അട്ടപ്പാടിയിലെ ചിറ്റൂരിനടുത്ത് വെങ്കക്കടവില്‍ ശിരുവാണിപ്പുഴയ്ക്ക് കുറുകെ തടയണ കെട്ടി കിഴക്കന്‍ അട്ടപ്പാടിയില്‍ വെള്ളമെത്തിച്ച് ജലസേചനം നടത്തുന്നതാണ് അട്ടപ്പാടി ജലസേചനപദ്ധതി. മൂന്ന് പതിറ്റാണ്ടുമുമ്പ് വിഭാവനം ചെയ്ത പദ്ധതി തമിഴ്നാടിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു.കാലാവസ്ഥ വ്യതിയാനങ്ങള്‍ കാരണം മരുഭൂമിയായി തുടങ്ങിയ കിഴക്കനട്ടപ്പാടി ഉള്‍പ്പടെ കാര്‍ഷിക ജലസേചനത്തിനും കുടിവെള്ളത്തിനും പദ്ധതി സഹായകരമാകുമെന്ന പ്രതീക്ഷയിലായിരുന്നു അട്ടപ്പാടി നിവാസികള്‍.
2005ല്‍ കാവേരി ട്രിബൂണല്‍ വിധി അനുസരിച്ച് ഭവാനി നദീതടത്തില്‍ നിന്ന് ആറ് ടിഎംസി ജലം കേരളത്തിന് അവകാശപ്പെട്ടതാണ്. 2013ല്‍ ഇത് സംബന്ധിച്ച് ഗസറ്റ് വിഞ്ജാപനവും ഉണ്ടായി. ശിരുവാണിപ്പുഴയില്‍ ചിറ്റൂര്‍ വെങ്കക്കടവിലെ നിര്‍ദ്ദിഷ്ട അണയില്‍ 2.89ടിഎംസി ജലം സംഭരിക്കാനാകും. അട്ടപ്പാടി തടയണനിര്‍മ്മാണം തടസ്സപ്പെടുത്തുന്നത് കാവേരി ട്രിബ്യൂണല്‍ വിധിക്ക് എതിരാണ്.
വിധിയനുസരിച്ച് കാവേരിയുടെ പോഷകനദികളായ ഭവാനി, ശിരുവാണി നദികളില്‍നിന്ന് കേരളത്തിന് 2.87 ടി.എം.സി. വെള്ളം ഉപയോഗിക്കാം. ഭവാനിയുടെ കൈവഴിയാണ് ശിരുവാണിപ്പുഴ. കേരളം വെള്ളം ഉപയോഗിക്കാതിരിക്കുന്ന കാലത്തോളം തമിഴ്നാടിന് ഉപയോഗിക്കാമെന്നാണ് വിധിയിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: