പാലക്കാട്: ക്വാറികളിലും ഖനികളിലും അപകടകരമായ പണികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്.
ഉപയോഗശൂന്യമായ ക്വാറികളില്‍ അപകടമുണ്ടായാല്‍ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും കമ്മീഷന് സര്‍ക്കാരിന് നിര്‍ദ്ദേശം നല്കി. ക്വാറി ഉടമകള്‍ക്ക് മേല്‍ പരുന്തും പറക്കില്ലെന്ന സ്ഥിതി വിശേഷം ഉണ്ടാകരുതെന്നും ഉത്തരവില്‍ പറഞ്ഞു.
സംസ്ഥാനത്തെ വിവിധ ജില്ലകളിലുള്ള ക്വാറികളില്‍ സുരക്ഷാ വ്യവസ്ഥകള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും കമ്മീഷന് അംഗം കെ. മോഹന്‍ കുമാര്‍ തൊഴില്‍ സെക്രട്ടറിക്കും ലേബര്‍ കമ്മീഷണര്‍ക്കും നിര്‍ദ്ദേശം നല്കി. കണ്ണമംഗലം ഗ്രാമപഞ്ചായത്തിലെ ചെരുപ്പടി മലയിലുള്ള കരിങ്കല്‍ ക്വാറിയില്‍ തമിഴ്നാട് സ്വദേശി താഴെ വീണ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് പി. ഗിരീഷ് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.
ക്വാറികളില്‍ നടത്തിയ പരിശോധനയില്‍ തൊഴിലാളികളെ സംബന്ധിച്ച രേഖകള്‍ സൂക്ഷിക്കുന്നില്ലെന്നും സുരക്ഷാ ക്രമീകരണങ്ങള്‍ ഇല്ലെന്നും കണ്ടെത്തിയതായി ജില്ലാ ലേബര്‍ ഓഫീസര്‍ കമ്മീഷനില്‍ സമര്‍പ്പിച്ച വിശദീകരണത്തില്‍ പറയുന്നു. അപകട സാധ്യതയുള്ള തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ അന്യ സംസ്ഥാന തൊഴിലാളികളാണെന്നും സുരക്ഷാ സംവിധാനങ്ങളും അപകട ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തേണ്ടത് ക്വാറി ഉടമയുടെ ഉത്തരവാദിത്വമാണെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ജില്ലാ കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചെരുപ്പടി മലയിലെ പാറയില്‍ നിന്ന് കാല് വഴുതി താഴേക്ക് വീണ് ഗുരുതരമായി പരിക്കേറ്റാണ് തൊഴിലാളി മരിച്ചതെന്ന് പറയുന്നു. ക്വാറി ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണെന്നാണ് പോലീസ് റിപ്പോര്‍ട്ട്. നാമക്കല്‍ സെമന്തിപ്പടി മലൈപ്പട്ടി വീട്ടില്‍ കുമാറാണ് മരിച്ചത്. കുമാറിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. പരേതന്റെ കുടുംബത്തിന് ആനുകൂല്യങ്ങള്‍ നല്‍കിയതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല.
എന്നാല്‍ വ്യവസായ വകുപ്പിന്റെ ഉത്തരവില്‍ ക്വാറികളില്‍ അപകടമുണ്ടായാല്‍ അര്‍ഹമായ നഷ്ടപരിഹാരം ഉടമയില്‍ നിന്നും ഈടാക്കണമെന്ന് വ്യവസ്ഥയുണ്ട്. ക്വാറികള്‍ പ്രവര്‍ത്തിച്ചാലും ഇല്ലെങ്കിലും ഇതു ബാധകമാണ്. മരിച്ചയാളുടെ സംസ്ഥാനം ഇക്കാര്യത്തില്‍ പ്രശ്നമല്ല. ക്വാറികളില്‍ വഴുതി വീണ് നിരവധി തൊഴിലാളികള്‍ കിടപ്പിലാണെന്ന് പരാതിയുണ്ടെന്നും കമ്മീഷന് നിരീക്ഷിച്ചു. കുമാറിന്റെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്ന് കമ്മീഷന് ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: