കുറ്റിപ്പുറം: കുറ്റിപ്പുറം പാലത്തിനടുത്ത് ഭാരതപ്പുഴയോട് ചേര്‍ന്ന് ശബരിമല തീര്‍ഥാടകരുടെ ഇടത്താവളമായ മിനിപമ്പയില്‍ തീര്‍ഥാടകര്‍ക്കുള്ള എല്ലാവിധ സൗകര്യങ്ങളും ഉറപ്പാക്കാന്‍ ജില്ലാ കലക്ടര്‍ എ. ഷൈനാമോളുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. മണ്ഡലകാലം ആരംഭിക്കുന്നതിന് മുന്നോടിയായി 11 നകം എല്ലാ ജോലികളും പൂര്‍ത്തിയാക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്കി.
മിനി പമ്പയോട് ചേര്‍ന്ന് ഭാരതപ്പുഴയില്‍ തീര്‍ഥാടകര്‍ക്ക് കുളിക്കുന്നതിന് വേണ്ടത്ര വെള്ളമില്ലാത്ത സാഹചര്യത്തില്‍ ഇവിടെ താത്ക്കാലിക തടയണ നിര്‍മിക്കാന്‍ യോഗം തീരുമാനിച്ചു. ഇതിന് തവനൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍കയ്യെടുക്കും. കടവില്‍ കുളിക്കാനിറങ്ങുന്ന തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കടവിനരികല്‍ സുരക്ഷാവേലി സ്ഥാപിക്കുകയും 10 ലൈഫ് ഗാര്‍ഡുകളെയും നിയോഗിക്കുകയും ചെയ്യും. സീസണ് അവസാനിക്കുന്നത് വരെ ബോട്ട് സര്‍വീസ് ലഭ്യമാക്കും. മലയാളം, തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ വെക്കും. പൊലീസ് ചെക്ക്പോസ്റ്റ് സ്ഥാപിക്കുകയും ആവശ്യത്തിന് പൊലീസുകാരെ വിന്യസിക്കുകയും ചെയ്യും. അഗ്നിശമന സേനയുടെ സേവനവും ഉറപ്പുവരുത്തും. ആരോഗ്യ വകുപ്പിന്റെ ആംബുലന്‍സും ഡോക്ടര്‍മാരും മുഴുവന്‍ സമയം സ്ഥലത്തുണ്ടാകും.
പ്രദേശത്തെ കിണര്‍ വൃത്തിയാക്കുന്നതിനും വെള്ളത്തിന്റെ ഗുണമേ• ഉറപ്പാക്കുന്നതിനും ജില്ലാ കലക്ടര്‍ നിര്‍ദേശം നല്കി. പരിസരത്തെ കിണറുകളിലും ക്ലോറിനേഷന് നടത്തും. കിണറിലെ ജലം കുടിക്കാന്‍ മാത്രം ഉപയോഗപ്പെടുത്തി പാത്രങ്ങള്‍ കഴുകുന്നതിനും മറ്റും പുഴയിലെ വെള്ളം ഉപയോഗപ്പെടുത്തും. മാലിന്യ നിര്‍മാര്‍ജനത്തിന് ഫലപ്രദമായ സംവിധാനങ്ങള്‍ ഒരുക്കും. പ്രദേശം പ്ലാസ്റ്റിക്- ലഹരി മുക്തമാണെന്ന് ഉറപ്പാക്കും.
ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സിലിന്റെ അധീനതയിലുള്ള 34 ടോയ്ലെറ്റുകള് കൂടാതെ മൊബൈല്‍ ടോയ്ലറ്റുകള് സ്ഥാപിക്കുന്നതിന്റെ സാധ്യത പരിശോധിക്കും. പ്രദേശത്ത് കൂടുതല്‍ വെളിച്ച സംവിധാനം ഒരുക്കും. തീര്‍ഥാടകര്‍ക്ക് വിരി വെക്കാനുള്ള സൗകര്യമുണ്ടാക്കും. കെ.എസ്.ആര്‍ടി.സി.യുടെ പ്രത്യേക സര്‍വീസ് മിനി പമ്പയില്‍ നിന്നും ചമ്രവട്ടത്ത് നിന്നും ആരംഭിക്കാന്‍ ആവശ്യപ്പെടും. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള നോഡല്‍ ഓഫീസറായി ഡെപ്യൂട്ടി കലക്ടര്‍ ശിവശങ്കര്‍ പ്രസാദിനെയും കോഡിനേറ്ററായി പൊന്നാനി താലൂക്കിലെ ഡെപ്യൂട്ടി തഹസില്‍ദാറെയും ചുമതലപ്പെടുത്തി.
യോഗത്തില്‍ എഡിഎം പി.സെയ്യിദ് അലി, ഡിസാസ്റ്റര്‍ മാനെജ്മെന്റ് ഡെപ്യൂട്ടി കലക്ടര്‍ അബ്ദുള്‍ റഷീദ്, ഡെപ്യൂട്ടി കലക്ടര്‍മാരായ കെ.സി. മോഹനന്, ഡോ.ജെ.ഒ. അരുണ്‍, ശിവശങ്കര്‍ പ്രസാദ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മിനി പമ്പയില്‍ രണ്ട് ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കും. സര്‍ക്കാറില്‍ നിന്ന് പ്രത്യേക അനുമതി ലഭ്യമാകുന്ന മുറയ്ക്ക് ഉടന്‍ ലൈറ്റുകള്‍ സ്ഥാപിക്കാനാകുമെന്ന് യോഗത്തില്‍ പങ്കെടുത്ത മന്ത്രിയുടെ പ്രതിനിധി പി. മന്‍സൂര്‍ അറിയിച്ചു. മിനി പമ്പ ജങ്ക്ഷന്, ക്ഷേത്ര കവാടം എന്നിവിടങ്ങളിലാണ് ലൈറ്റുകള്‍ സ്ഥാപിക്കുക. ഇത്തവണ 500 ഓളം അധിക തീര്‍ഥാടകര്‍ക്ക് വിരിച്ച് കിടക്കാനുള്ള സൗകര്യവുമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: