കലാപഠനരംഗത്ത് വഴിതെറ്റിവന്നയാളാണ് വിജയകുമാര്‍ മേനോന്. ബിഎസ്സി ഫിസിക്സ് ഉന്നത നിലയില്‍ പാസായ ഒരാള്‍ സാധാരണ ഗതിയില്‍ കലാചരിത്രപഠനത്തില് ബിരുദാനന്തര ബിരുദം ചെയ്യുക സാധാരണമല്ല. വിജയകുമാര്‍ മേനോന് നിയതി കരുതിവെച്ചത് കലയുടെ രംഗമാണ്. അതുകൊണ്ട് കൈരളിക്ക് ലഭിച്ചതാകട്ടെ അമൂല്യമായ വൈജ്ഞാനിക സാഹിത്യവും. ലക്ഷണമൊത്ത രീതിശാസ്ത്രമുപയോഗിച്ച് മലയാളത്തില്‍ കലാപഠനങ്ങള്‍ തയ്യാറാക്കിയിട്ടുള്ളവരില് മുന്നില്‍ നില്‍ക്കുന്നയാളാണ് വിജയകുമാര്‍ മേനോന്. വടക്കാഞ്ചേരി ജ്ഞാനാശ്രമത്തില്‍ ഗഹനമായ ഏകാന്തതയില്‍ സ്വയം അഭിരമിച്ചുകൊണ്ട് തന്റെ കലാനിരൂപണസപര്യ ഇന്നും തുടരുന്നു.
90കളില്‍പ്പോലും ആധുനിക ആര്ട്ഗ്യാലറികള് ഇല്ലാതിരുന്ന കേരളത്തില്‍ ചിത്രശില്പ കലാപഠനത്തിന് മേല്‍വിലാസമുണ്ടാക്കിയത് മേനോന്റെ ഇടപെടലുകളാണ്. സാഹിത്യം,നൃത്തം, വാസ്തുവിദ്യ എന്നിവയുമായി ചിത്രശില്പ കലകള്‍ക്കുള്ള പാരസ്പര്യം മലയാളി പഠിച്ചത് മേനോന്റെ വാക്കുകളിലൂടെയാണ്. ബിഎസ്സി കഴിഞ്ഞ് എഫ്എസിടിയില്‍ ജോലി നോക്കുന്ന സമയത്താണ് കലാരംഗവുമായി അടുക്കുന്നത്. പിന്നീട് കേരളകലാപീഠമായി മാറിയ എറണാകുളത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ട്സ് ആയിരുന്നു അക്കാലത്ത് കൊച്ചിയിലെ ബുദ്ധിജീവികളുടെ കേന്ദ്രം. എം.വി.ദേവന്, എം.കെ.സാനു, ടി.ആര്., പ്രൊഫ. രാമചന്ദ്രന്, സി.എന്‍.ശ്രീകണ്ഠന്‍നായര്‍, പി.രാജന് അങ്ങനെ നീണ്ടനിര അവിടെ പതിവുകാരാണ്. ശാസ്ത്രം പഠിക്കുന്ന സമയത്തും ചെറിയ സാഹിത്യത്തിന്റെ അസുഖമുണ്ടായിരുന്ന മേനോന് ഈ കൂട്ടുകെട്ടില്‍ ചെന്നുപെട്ടതില് അത്ഭുതമില്ല. അലര്‍ജി മൂലം എഫ്എസിടിയിലെ ജോലി തുടരാനാകാതെ വന്നതോടെ 37-ാം വയസ്സില്‍ ആ പണി വിട്ടു. ടി.കലാധരനാണ് ബറോഡ യൂണിവേഴ്സിറ്റിയില്‍ ബിരുദാനന്തര ബിരുദത്തിന് ചേരാന്‍ പ്രേരിപ്പിച്ചത്. കലാചരിത്രത്തില്‍ എംഎക്ക് പ്രവേശനം കിട്ടി. ഭാരതീയ സൗന്ദര്യ ശാസ്ത്രത്തിന്റെ ആഴവും പരപ്പും ബോദ്ധ്യപ്പെടുന്നത് ഇവിടെ വച്ചാണ്.
അര്‍ദ്ധ പണ്ഡിതന്മാരുടെ അബദ്ധങ്ങള്‍
പുരോഗമനാശയങ്ങളെന്നപേരില് അവതരിപ്പിക്കപ്പെട്ട സിദ്ധാന്തങ്ങള്‍ പലതും ശുദ്ധ പാശ്ചാത്യ അനുകരണങ്ങള്‍ മാത്രമായിരുന്നുവെന്നും ഭാരതീയ സൗന്ദര്യശാസ്ത്രത്തെ തള്ളിപ്പറയുന്നവര്‍ വേണ്ടവിധം അതിനെ മനസ്സിലാക്കാത്തതുകൊണ്ടാണെന്നും മേനോന് ചൂണ്ടിക്കാണിക്കുന്നു. കേരളത്തില്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ ഈ ചിന്താഗതി പ്രബലമായി വളര്‍ന്നുവന്നു. അതിന്റെ ഫലമായാണ് ക്ലാസിക്കല്‍ കലാരൂപങ്ങള്‍ ഉള്‍പ്പടെയുള്ളവയെ മലയാളി തിരസ്കരിക്കാന്‍ തുനിഞ്ഞത്. രവിവര്മ്മയെപ്പോലുള്ളവരെ പാശ്ചാത്യ മോഡേണ്‍ റിയലിസ്റ്റിക് ചിത്രകാരന് മാത്രമായി അടയാളപ്പെടുത്തിയത് കലാപഠനരംഗത്തെ ഈ ഭാരതവിരുദ്ധതയായിരുന്നു. ഭാരതീയ ലാവണ്യ ശാസ്ത്രത്തെ പുച്ഛിക്കുകയും പാടെ തിരസ്കരിക്കുകയും ചെയ്ത അര്‍ദ്ധ പണ്ഡിതന്മാരുടെ അരങ്ങുവാഴ്ചകളായിരുന്നു ഇരുപതാം നൂറ്റാണ്ടില്‍ സംഭവിച്ചത്. കൂടിയാട്ടം, കഥകളി, കൂത്ത്, തെയ്യം, കളമെഴുത്ത് തുടങ്ങിയവയെല്ലാം കലാമൂല്യമില്ലാത്തവയായി വിലയിരുത്തപ്പെട്ടത് ഈ സാഹചര്യത്തിലാണ്.
സംഭവിക്കാത്ത സാംസ്കാരിക നവോത്ഥാനം
നവോത്ഥാനമെന്നത് പ്രധാനമായും കലയുടേയും സംസ്കാരത്തിന്റേയും മേഖലകളില്‍ സംഭവിക്കേണ്ട ഒന്നാണ്. പക്ഷെ കേരളത്തില്‍ നവോത്ഥാനത്തിന്റെ ഭാഗമായി വേണ്ടത്ര സാംസ്കാരിക പഠനങ്ങള്‍ നടന്നില്ലെന്ന പക്ഷക്കാരനാണ് മേനോന്. ഇവിടെ രാഷ്ട്രീയത്തിലും മതത്തിലും മാത്രമായി നവോത്ഥാനം ഒതുക്കിനിര്‍ത്തപ്പെട്ടു. സാംസ്കാരിക രംഗത്ത് നവോത്ഥാന മൂല്യങ്ങള്‍ ഒരുതരത്തിലുള്ള ഇടപെടലും നടത്തിയില്ല. അതിനുള്ള ശ്രമങ്ങള്‍ ഉണ്ടായില്ല. ഉണ്ടായത് ആശയപരമായ കടംവാങ്ങലുകള് മാത്രമാണ്.
സാഹിത്യപഠനരംഗത്തും കലാപഠനത്തിലും ഈ കുറവ് ഭാരതീയ ലാവണ്യ ശാസ്ത്രത്തെ സാമൂഹ്യ ജീവിതത്തില്‍ നിന്ന് അന്യവല്‍ക്കരിച്ചു. ഭാരതത്തിന്റെ മറ്റ് കോണുകളില്‍ സാംസ്കാരിക നവോത്ഥാനം സംഭവിച്ചപ്പോള്‍ കേരളം അതിന് പുറംതിരിഞ്ഞ് നിന്നു. ക്ഷേത്രകലകള്‍ക്കും അനുഷ്ഠാന കലാരൂപങ്ങള്‍ക്കും മറ്റുമുള്ള കലാമൂല്യം പാടെ അവഗണിക്കപ്പെടുകയും അവ കേവലവിശ്വാസത്തിന്റെ ഭാഗം മാത്രമാണെന്ന് ഇകഴ്ത്തപ്പെടുകയും ചെയ്യുന്നത് ഈ സാഹചര്യത്തിലാണ്. 1990കള്‍ വരെ കേരളത്തിന്റെ സാംസ്കാരിക രംഗം ഈ പാശ്ചാത്യ സിദ്ധാന്തവല്‍ക്കരണത്തിന് കീഴിലായിരുന്നു. വള്ളത്തോളിന്റെ നേതൃത്വത്തില്‍ ഉണ്ടായ കലാമണ്ഡലം പോലെയുള്ള ചെറിയ ശ്രമങ്ങളാണ് ഇതിന് അപവാദം. വിശാലമായ സാമൂഹ്യ മുന്നേറ്റമെന്ന നിലയ്ക്ക് സാംസ്കാരിക നവോത്ഥാനം തടയപ്പെട്ടു.
ഉത്തരാധുനികത സൃഷ്ടിച്ച പരിവര്‍ത്തനം
ഉത്തരാധുനിക കാലത്താണ് ഇതിന് ചെറിയൊരു മാറ്റം കണ്ടുതുടങ്ങിയതെന്ന പക്ഷക്കാരനാണ് മേനോന്. കലാപഠനരംഗത്ത് താരതമ്യപഠനസമ്പ്രദായം നിലവില്‍ വന്നതോടെയാണ് അന്നുവരെ സ്വീകരിക്കപ്പെട്ടിരുന്ന പലതിനുമപ്പുറം വലിയ അറിവുകള്‍ ഭാരതീയ ലാവണ്യശാസ്ത്രത്തിന്റെ ഭാഗമായുണ്ടെന്ന് നാം മനസ്സിലാക്കുന്നത്. ഭാരതീയ സൗന്ദര്യശാസ്ത്രത്തെ സാഹിത്യം, നാടകം തുടങ്ങിയവയുമായി ബന്ധപ്പെടുത്തിയുള്ള അനേകം പഠനങ്ങള്‍ ഇതിനകം പുറത്തുവന്നു. എന്നാല്‍ ചിത്രശില്പ കലാപഠനരംഗത്ത് ഭാരതീയ ലാവണ്യശാസ്ത്രത്തിന്റെ സ്വാധീനം ഉറപ്പിച്ചത് വിജയകുമാര്‍ മേനോന്റെ ഇടപെടലുകളാണ്. ഫൈന്‍ ആര്‍ട്സ് കോളേജുകളില്‍ അദ്ദേഹം നടത്തിയ പ്രഭാഷണങ്ങള്‍, കേരളത്തിലങ്ങോളമിങ്ങോളം നൂറുകണക്കിന് വേദികളില്‍ നടത്തിയ പ്രസംഗങ്ങള്‍, നിരവധി ലേഖനങ്ങള്‍, പഠനങ്ങള്‍, പുസ്തകങ്ങള്‍ ഇവയിലൂടെ ആധുനിക കലാവിമര്ശനരംഗത്ത് ഭാരതീയ സിദ്ധാന്തങ്ങളുടെ സ്വീകാര്യത ഉറപ്പിക്കുകയായിരുന്നു അദ്ദേഹം ചെയ്തത്. 2006ല്‍ പുറത്തിറങ്ങിയ ‘സ്ഥലം, കാലം, കല’ എന്ന പുസ്തകവും 2011ല്‍ കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച ‘ഭാരതീയ കലാചരിത്രം’ എന്ന പുസ്തകവും ഈ ദിശയില്‍ നമ്മുടെ കലാപഠനരംഗത്തെ മാറ്റിപ്പണിതെടുക്കുന്നതില് വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഈ പരമ്പരയില്‍ അവസാനത്തേതായി വന്ന പുസ്തകമാണ് ‘ഭാരതീയ ലാവണ്യ വിചാരവും കലാപാരസ്പര്യവും’ തന്റെ സൗന്ദര്യശാസ്ത്ര പഠനങ്ങളിലൂടെ ഭാരതീയ ലാവണ്യശാസ്ത്രത്തിന്റെ മേഖലയില്‍ പാരമ്പര്യത്തേയും ആധുനികതയേയും കൂട്ടിയിണക്കുന്ന വലിയ പ്രയത്നമാണ് അദ്ദേഹം നിര്‍വഹിക്കുന്നത്.
ചിത്രകലയിലെ സഞ്ചാരീഭാവം
ചിത്ര-ശില്പ കലാരൂപങ്ങളില്‍ സഞ്ചാരീഭാവം ആവിഷ്കരിക്കപ്പെടുന്നില്ല എന്ന പാശ്ചാത്യ കലാദര്‍ശനത്തെ പാടെ നിരാകരിക്കുന്നു മേനോന്റെ പഠനങ്ങള്‍.
ആഖ്യാനത്തിന്റെ ഒരു നിമിഷത്തെ പിടിച്ചുനിര്‍ത്തുന്ന ചിത്ര-ശില്പ ഭാഷ കാലനിബദ്ധമാണെന്നും രംഗകലയിലെ കൊറിയോഗ്രഫി പോലെയാണ് ചിത്ര-ശില്പത്തിന്റെ കോമ്പോസിഷനെന്നും മേനോന് പറയുന്നു. അവ ആസ്വാദനത്തിനുള്ളത് മാത്രമല്ല. ചിന്ത ഉല്പാദിപ്പിക്കപ്പെടുന്നുണ്ട്. ആശയത്തിന്റെ ഭാഷാപരമായ ആവിഷ്കരണവും നടക്കുന്നുണ്ട്. ഒരു പക്ഷെ ചില സമയങ്ങളില്‍ അത് വലിയ ആശയപോരാട്ടത്തിന്റെ പ്രതീകമായി മാറുന്നുണ്ട്. ഈ നിലക്കെല്ലാം സഞ്ചാരീഭാവവും രസസ്ഫൂര്ത്തിയുമുണ്ടാക്കുന്നതില് ചിത്ര-ശില്പകല മറ്റൊരു കലാരൂപത്തിനും പിന്നിലല്ല.
കാഴ്ചക്കാരന്റെ ഭാവനയും ബുദ്ധിശക്തിയും വിശകലനം ചെയ്യാനുള്ള കഴിവുമാണ് ചിത്ര-ശില്പ വായനയില്‍ പ്രധാനം. ഒരു വൃക്ഷച്ചുവട്ടില്‍ ഒരു കല്ല് വെച്ച് കുങ്കുമം പൂശിയിയാല് അത് ദൈവമായി മാറുന്നു. ഇവിടെ ശില്പം ധ്വന്യാത്മകമാവുകയാണ്. ഇത്തരം ധ്വന്യാത്മകതയുടെ മകുടോദാഹരണങ്ങളാണ് നമ്മുടെ പല ഫോക് കലാരൂപങ്ങളും- മേനോന് വ്യക്തമാക്കുന്നു. ഒരു മോഡലിനെ ഉപയോഗിച്ച് കലാകാരന് ശില്പമോ ചിത്രമോ നിര്‍മിക്കാം. ആ മോഡലും ചിത്രവും ഒരേസമയം കാണുന്നയാള്‍ക്ക് അവയെ താരതമ്യം ചെയ്യാം. കലാകാരന്റെ അനുകരണ ശേഷി വിലയിരുത്താം. എന്നാല്‍ അതല്ല യഥാര്‍ത്ഥ കലാസ്വാദനം. കലാകാരന്റെ മനസ്സിലെ സ്ഥായീഭാവത്തിന്റെ ആവിഷ്കാരമാണ് കലാരൂപം. കലാരൂപവും അയാളുടെ മനസ്സിലെ ഭാവവും താരതമ്യത്തിനപ്പുറത്താണ്. ബൗദ്ധിക – ചിന്താ തലത്തില്‍ മാത്രമാണ് ഇതിന്റെ ലാവണ്യാനുഭൂതി ഉണ്ടാവുന്നത്. ആ നിലയ്ക്ക് രവിവര്‍മ്മയെ റിയലിസ്റ്റിക് ചിത്രകാരന് എന്ന് വിലയിരുത്തുന്നത് വിഡ്ഢിത്തമാണ്. രവിവര്മ്മചിത്രങ്ങളെ ഭാരതീയ ലാവണ്യശാസ്ത്രമനുസരിച്ച് സ്വഭാവോക്തി എന്ന ഗണത്തില്‍പ്പെടുത്താനാണ് മേനോന് താല്പര്യപ്പെടുന്നത്.
ഭാരതീയ കലയുടെ സ്വത്വം
നാട്യശാസ്ത്രത്തിലെ തത്വങ്ങളും ഒപ്പംതന്നെ പ്രാദേശികമായുള്ള സ്വത്വങ്ങളും ചേര്‍ന്ന പൈതൃകമാണ് ഭാരതത്തിന്റെ കലാരംഗം. പ്രാദേശികത്വം വളരെയധികം ചേര്‍ന്നതാണ് ഭാരതത്തിലെ ഓരോ കലാരൂപങ്ങളും. ചിത്ര-ശില്പകലകളെക്കുറിച്ചുള്ള പരാമര്‍ശം ഏറ്റവും കൂടുതല്‍ കാണുന്നത് പുരാണങ്ങളിലാണ്. വിഷ്ണു പുരാണത്തില്‍ ചിത്രസൂത്രം തന്നെയുണ്ട്. എന്നാല്‍ ഇതൊന്നും അറിയാത്തവരാണ് നാടന്‍ കലാകാരന്മാര്. പക്ഷെ അവര്‍ പാരമ്പര്യമായി ചെയ്തുവരുന്ന പലതും കണ്ടാണ് പഠിക്കുന്നത്. ഭാരതത്തില്‍ ഏറ്റവും അമൂര്‍ത്തമായ ശില്പരൂപം ഏതെന്ന് ചോദിച്ചാല്‍ മേനോന് പറയും ശിവലിംഗമെന്ന്. അനേക കോടി ജനങ്ങള്‍ ആരാധിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ഈ രൂപം ശില്പം എന്ന നിലയില്‍ രൂപപരമായി മാത്രം വീക്ഷിച്ചാല്‍ മതിയാവില്ല. രൂപപരമായ തലം മാത്രമെടുത്ത് ആധുനിക കാലത്ത് ശില്പികളും ചിത്രകാരന്മാരും നിരീക്ഷണങ്ങള്‍ നടത്താറുണ്ട്. ഇത് ശുദ്ധവിഡ്ഢിത്തമാണ്. ഒരു സംസ്കാര ബിംബത്തിന്റെ അബോധസ്മൃതിരൂപമായി വായിക്കാന്‍ കഴിയുമ്പോഴാണ് ജഡയും ചന്ദ്രക്കലയും ശൂലവും എല്ലാമുള്ള ശിവസങ്കല്പം തെളിയുന്നത്. വിചിത്രമായ ഈ വിഗ്രഹ കാഴ്ചകള്‍ ഒറ്റനോട്ടത്തില്‍ അയുക്തികമാണ്. എന്നാല്‍ ഈ അയുക്തികത തന്നെയാണ് അതിന്റെ ലാവണ്യവും. ശിവലിംഗത്തെ ഒരൗലികരൂപകം ആയിവേണം വിലയിരുത്താന്‍. ആധുനിക സര്‍റിയലിസത്തിന്റെ ഭ്രമാത്മകത രൂപപ്പെടുന്നതിനും എത്രയോ നൂറ്റാണ്ടുകള്‍ക്ക് മുമ്പാണ് ശിവലിംഗം എന്ന രൂപകം ഭാരതീയരുടെ അബോധതലസ്മൃതികളില് നടരാജ ശിവനായും, സംഹാര ശിവനായും മറ്റും നിറഞ്ഞത്. രണ്ടോമൂന്നോ നൂറ്റാണ്ടുകള്‍ മാത്രം പഴക്കമുള്ള വൈദേശിക സിദ്ധാന്തങ്ങള്‍കൊണ്ട് ഭാരതീയ കലാപാരമ്പര്യത്തെ അളന്നെടുക്കാനുള്ള ശ്രമങ്ങള്‍ പലപ്പോഴും അബദ്ധങ്ങളായിത്തീരുകയാണ്.
ബ്രിട്ടീഷ് ഭരണമാണ് ഭാരതീയ ലാവണ്യശാസ്ത്രത്തിന്റെ പഠനത്തെ ഇല്ലാതാക്കിയത്. ബ്രിട്ടീഷുകാരന്റെ സിദ്ധാന്തങ്ങള്‍ കലാപഠനരംഗത്ത് ഏറ്റെടുത്തതോടെ നൂറ്റാണ്ടുകളായി നാം വളര്‍ത്തിയെടുത്ത തനത് ലാവണ്യ ശാസ്ത്രസമീപനങ്ങള്‍ പുതുതലമുറയില്‍ നിന്ന് അന്യമാവുകയായിരുന്നു. ഇവയെ വീണ്ടെടുക്കുകയാണ് തന്റെ പഠനങ്ങളിലൂടെ മേനോന് ലക്ഷ്യമിടുന്നത്.
ഭാരതത്തില്‍ നിരവധി നടരാജ ശില്പങ്ങളുണ്ട്. അവയിലെ സ്ഥായീഭാവം ശാന്തമാണ്. സഞ്ചാരീഭാവം ഭസ്മാസുരനെ അമര്‍ച്ച ചെയ്യുമ്പോഴുള്ള ക്രോധവും. ധ്യാനി ബുദ്ധന്റെ സ്ഥായീഭാവം ആദ്ധ്യാത്മികതയാണ്. ബോധിസത്വന്റേതില് ആദ്ധ്യാത്മികഭാവം അത്രക്കില്ല. ബുദ്ധന്റെ ജനനം കാണിക്കുന്ന ഗാന്ധാര റിലീഫില്‍ സ്ഥായീഭാവവും സഞ്ചാരീഭാവവും ഉണ്ട്. ചിത്ര-ശില്പകലയില് ഇത്രയും ആഴത്തിലുള്ള ധ്വന്യാത്മകത നൂറ്റാണ്ടുകള്‍ക്ക് മുമ്പേ ഭാരതീയ ലാവണ്യശാസ്ത്രത്തിന്റെ ഭാഗമായിരുന്നു. ഇവയെ കണ്ടില്ലെന്ന് നടിച്ചാണ് പാശ്ചാത്യ സിദ്ധാന്തങ്ങളുടെ നാലതരികുകള്ക്കുള്ള നമ്മുടെ കലാനിരൂപണത്തെ തളച്ചിടാന്‍ ശ്രമം നടന്നത്. തന്റെ പുതിയ പുസ്തകം ഭാരതീയ ലാവണ്യവിചാരവും കലാപാരസ്പര്യവും കലാപഠനരംഗത്തെ ഈ പോരായ്മയെ മറികടക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണെന്ന് മേനോന് വിശദീകരിക്കുന്നു. ഭാരതീയ സൗന്ദര്യ ശാസ്ത്രത്തെ കേവലം ചിത്ര-ശില്പകലകളുമായി ബന്ധിപ്പിച്ചുള്ള ഒരു പഠനം മാത്രമല്ല നടത്തിയിട്ടുള്ളത്.
ദര്‍ശനത്തില്‍ വിരിയുന്ന കല
ഭാരതീയ ലാവണ്യചിന്തയെ ആധുനികോത്തര ഘടനാവാദം തുടങ്ങിയവയുമായി ബന്ധപ്പെടുത്താനുള്ള ശ്രമമാണ് മേനോന്റേത്. വിവിധ ഭാരതീയ തത്വചിന്താതലങ്ങളെയും നാടന്‍ കല, താന്ത്രിക് കല എന്നിവകളേയും വിശകലനം ചെയ്യുന്ന മേനോന് എല്ലാത്തിനും ആധാരമായി കാണുന്നത് വേദാന്ത ദര്‍ശനത്തെയാണ്. പ്രകൃതിയും പുരുഷനും ഒന്നാകുന്ന അദ്വൈത ദര്‍ശനം. തത്വചിന്തക്കും അപ്പുറത്തുള്ള ദര്‍ശനത്തില്‍ നിന്നാണ് കലയുടേയും സംസ്കാരത്തിന്റേയും പിറവിയെന്ന കാര്യത്തില്‍ അദ്ദേഹത്തിന് സംശയമില്ല. അതാണ് ഭാരതീയ കലാരൂപങ്ങളെ സവിശേഷമാക്കുന്നത്. ഇവയെ മനസ്സിലാക്കണമെങ്കില്‍ അതിനുതകുന്ന ലാവണ്യശാസ്ത്ര പാഠങ്ങളും മനസ്സിലാക്കണം. അല്ലെങ്കില്‍ പലപ്പോഴും ഇവയെല്ലാം അന്ധവിശ്വാസങ്ങളാണെന്ന മണ്ടന്‍ നിഗമനങ്ങളില്‍ മുങ്ങിപ്പോകാന്‍ ഇടയുണ്ട്.
ജീവിതം കലാപഠനത്തിനുള്ള മഹായാത്രയായി മാറ്റിയ മേനോന് വിവാഹം, കുടുംബ ജീവിതം എന്നിവ വേണ്ടെന്നു വച്ചു. അതിനു രസകരമായ കാരണമുണ്ട് പറയാന്‍. കൂടെ ജോലി ചെയ്തിരുന്നവരും സുഹൃത്തുക്കളും വിവാഹജീവിതത്തിന്റെ ആദ്യമാസങ്ങളില്‍ തന്നെ ഇതു വേണ്ടായിരുന്നു എന്ന് വിലപിക്കുന്നത് പലപ്പോഴും കേട്ടിട്ടുണ്ട്. എന്തിനാണ് ഈ ജീവിതത്തില്‍ ഇത്രയും വലിയ പെടാപാടുകള്‍. ജീവിതം സ്വതന്ത്രമായി, ഏകാന്തമായി, ശബ്ദബഹളങ്ങളില്ലാതെ ധ്യാനാത്മകമായി ജീവിച്ചുതീര്‍ക്കണമെന്ന പക്ഷക്കാരനാണ് വിജയകുമാര്‍ മേനോന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: