അരീക്കോട്: ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ തെരുവുനായ ശല്ല്യം രൂക്ഷമാകുന്നു. പൂവത്തിക്കല്‍, ചൂളാട്ടിപ്പാറ, മൈത്ര, കുരിക്കലമ്പാട്, തെഞ്ചീരി, വേഴക്കാട്, പാവണ്ണ പ്രദേശങ്ങളിലാണ് തെരുവ് നായകളുടെ വിളയാട്ടം രൂക്ഷമായിരിക്കുന്നത്.
ഈ പ്രദേശങ്ങളില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ തെരുവ് നായകളുടെ അക്രമത്തെ തുടര്‍ന്ന് ചെറുതും വലുതുമായ ഏഴ് അപകടങ്ങളാണ് സംഭവിച്ചത്. ഇതില്‍ ഒരാള്‍ മരിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രി എട്ടിന് അരീക്കോട് നിന്ന് ഒതായി ഭാഗത്തേക്ക് ബൈക്കില്‍ പോവുകയായിരുന്ന തമിഴ്നാട് സ്വദേശി മുരുകന് (40) തെരുവ് നായയുടെ അക്രമത്തിനിരയായതാണ് ഈ ശ്രേണിയിലെ അവസാനത്തെ സംഭവം.
നായ കുറുകെ ചാടിയതോടെ നിയന്ത്രണം നഷ്ടപ്പെട്ട് മുരുകന് ഓടിച്ചിരുന്ന ബൈക്ക് മറിയുകയായിരുന്നു. കൈക്കും കാലിനും ഗുരുതരമായ പരുക്കേറ്റ മുരുകനെ മഞ്ചേരി മെഡിക്കല്‍ മെഡിക്കല്‍ കോളജിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.
കഴിഞ്ഞ പെരുന്നാളിനു തലേ ദിവസം രാത്രി എട്ടിന് തെരുവ് നായയുടെ ആക്രമണത്തെ തുടര്‍ന്ന് ഒതായിയില്‍ നിന്ന് അരീക്കോട്ടേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയും ബൈക്കും ചൂളാട്ടിപാറക്കടുത്ത് കുരിക്കലമ്പാടില് അപകടത്തില്‍ പെട്ടിരുന്നു. ഓട്ടോ ഓടിച്ചിരുന്ന ചൂളാട്ടിപ്പാറ സ്വദേശി ഇല്ല്യന് ഷബീറാണ് അന്ന് അപകടത്തില്‍പെട്ട് മരിച്ചത്. ബൈക്കോടിച്ചിരുന്ന പൂവത്തിക്കല്‍ സ്വദേശി സുനീര്‍ ഇപ്പൊഴും പരുക്കില്‍ നിന്ന് മുക്തി നേടിയിട്ടില്ല. ഇതിന് പിറകില്‍ മറ്റൊരു ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന രണ്ട് യുവാക്കള്‍ക്കും തെരുവ് നായയുടെ ആക്രമത്തില്‍ പരുക്കേറ്റിരുന്നു.
ആഴ്ചയില്‍ രണ്ട് അപകടങ്ങളെങ്കിലും തെരുവ് നായകള്‍ വരുത്തി വെക്കുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. മൈത്ര ചെട്ടിക്കുന്നുമ്മലില് തൊഴിലുറപ്പ് ജോലിയിലേര്‍പ്പെട്ട ചൂരത്ത ചാരു എന്നയാള്‍ക്ക് പന്നികളുടെ ആക്രമത്തിലും പരിക്കേറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: