വള്ളിക്കുന്ന്: വര്‍ഷങ്ങളായി നിലനിന്നിരുന്ന യാത്രാദുരിതത്തിന് പരിഹാരമാകുമെന്ന് പ്രതീക്ഷിച്ച റെയില്‍വേ അടിപ്പാത ഉപയോഗിക്കാനാവാത്ത നിലയില്‍. അശാസ്ത്രീയ നിര്‍മ്മാണം മൂലം അടിപ്പാതയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. പ്രദേശവാസികള്‍ക്കടക്കം ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ഈ പാത യാഥാര്‍ത്ഥ്യമായിരുന്നെങ്കില്‍ അരിയല്ലൂര്‍ മേഖല വികസനകുതിപ്പ് തന്നെ നടത്തുമായിരുന്നു. കാലിക്കറ്റ് സര്‍വകലാശാല, ചേളാരി, പരപ്പനങ്ങാടി, ആനങ്ങാടി തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള എളുപ്പവഴിയാണിത്. കോടികള്‍ ചിലവഴിച്ച് നിര്‍മ്മിച്ച ഈ പാത ഉപയോഗശൂന്യമായതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. നിര്‍മ്മാണത്തിലെ അപകാത റെയില്‍വേ ലൈനിലും പ്രതിഫലിക്കുന്നു. പാടിഞ്ഞാറ് ഭാഗത്തെ പ്ലാറ്റ് ഫോം അനുവദനീയമായതിലും അധികം താഴ്ചയിലായത് അപകടങ്ങള്‍ക്ക് കാരണമാകുന്നു. ട്രെയിനില്‍ നിന്ന് ഇറങ്ങുന്നതിനിടെ വീണ് മരണം വരെ ഇവിടെ സംഭവിച്ചു. അടിപ്പാത ഉപയോഗിക്കാനാവാത്തതിനാല്‍ ഇപ്പോഴും പാളം മുറിച്ച് കടക്കുകയാണ് പതിവ്. ട്രെയിനുകളുടെ എണ്ണവും വേഗതയും വര്‍ധിച്ചത് മൂലം പാളം കടക്കുകയെന്നത് വലിയൊരു പരീക്ഷണമായി മാറിയിരിക്കുന്നു. ഇ.അഹമ്മദ് റെയില്‍വേ മന്ത്രിയായിരുന്നപ്പോള്‍ ശിലാസ്ഥാപനം നടത്തിയ ഓവര്‍ ബ്രിഡ്ജും യാഥാര്‍ത്ഥ്യമായിട്ടില്ല. എത്രയും വേഗം പണി പൂര്‍ത്തീകരിക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനം വെറുതെയായി.
അടിപ്പാതയുടെ അപ്രോച്ച് റോഡ് നിര്‍മ്മാണവും പൂര്‍ത്തിയായിട്ടില്ല. പ്രശ്നങ്ങള്‍ പരിഹരിച്ച് എത്രയും വേഗം ഇത് ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: