ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് കണ്ണൂരില്‍നിന്ന് ജന്മഭൂമിയുടെ മുന്‍ എഡിറ്റര്‍ എ. ദാമോദരന്‍ ഫോണില്‍ വിളിച്ച്, തലശ്ശേരിയിലെ പഴയ സംഘപ്രവര്ത്തകന് കെ.വി. ശ്രീധരന് അന്തരിച്ചുവെന്ന വിവരം അറിയിച്ചു. അപ്പോള്‍ അഞ്ചര പതിറ്റാണ്ടിലേറെക്കാലത്തെ ഓര്‍മകള്‍ മനസ്സില്‍ തള്ളിവന്നു. വിവരം ലഭിച്ച സമയത്ത് ഞാന്‍ എന്റെ കുടുംബത്തില്‍തന്നെയുള്ള ഒരു മരണവീട്ടിലായിരുന്നു.
എന്റെ വലിയമ്മയുടെ മകളുടെ ഭര്‍ത്താവ് ഉത്തര റെയില്‍വെയിലെ ഫിനാന്‍സ് വകുപ്പില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്ന ദാമോദരന്‍നായര്‍ ഏറെക്കാലം ശയ്യാവലംബിയായശേഷം അന്നാണന്തരിച്ചത്. അദ്ദേഹത്തിന്റെ മകന് ജയരാമനും റെയില്‍വേയില്‍, പാലക്കാട് ജങ്ഷന് സൂപ്രണ്ടാണ്. ദാമോദരന്‍നായരുമായി എനിക്ക്രത അടുത്ത പരിചയം ഉണ്ടായിരുന്നില്ല. അദ്ദേഹം ജോലി സംബന്ധമായി അജമീറിലും ഞാന്‍ പ്രചാരകനായി കണ്ണൂര്‍ ജില്ലയിലുമായിരുന്നു. എന്നാല്‍ ഒരിക്കല്‍ രാമകൃഷ്ണമിഷനിലെ സന്യാസിവര്യനായിരുന്ന സിദ്ധിനാഥാനന്ദസ്വാമിയുമായി പരിചയപ്പെടാനിടയായി. സ്വാമിജിയുടെ പുസ്തകങ്ങള്‍ വായിച്ച്, അതിന്റെ ആധ്യാത്മിക, സാഹിത്യ, സാംസ്കാരിക മൂല്യങ്ങളുടെ കനം മനസ്സിലാക്കിയിരുന്നതിനാല്‍ ആ കൂടിക്കാഴ്ച വളരെ വിലപ്പെട്ടതായിരുന്നു. പരസ്പരം ആശയങ്ങള്‍ കൈമാറുന്നതിനിടയില്‍ അദ്ദേഹത്തിന്റെ പൂര്‍വാശ്രമം കുറിച്ചിത്താനത്താണെന്നും അനന്തരവന് ദാമോദരന്‍ നായരാണ് എന്റെ അര്‍ദ്ധസഹോദരിയുടെ ഭര്‍ത്താവെന്നും മനസ്സിലായി. സ്വാമിജിയുടെ ആധ്യാത്മികതയുടെ അംശം അങ്ങനെ ആ കുടുംബത്തില്‍ എല്ലാവര്ക്കും പകര്‍ന്നുകിട്ടുകയും ചെയ്തിരുന്നു.
തലശ്ശേരിക്കടുത്ത് കാവുംഭാഗത്താണ് അന്തരിച്ച കെ.വി. ശ്രീധരന്റെ വീട്. കാവുംഭാഗം തനി മാര്‍ക്സിസ്റ്റ് കോട്ടയായിരുന്ന കാലത്താണ് ശ്രീധരന് സംഘവുമായി പരിചയപ്പെട്ടത്. തലശ്ശേരിയിലെ പി.കെ.കൃഷ്ണന്റെ തുണിക്കടയില്‍ ഏതാണ്ട് മാനേജരെപ്പോലെയായിരുന്ന അദ്ദേഹത്തെ അവിടെനിന്നാണ് പരിചയപ്പെട്ടത്. ഗണവേഷത്തിന്റെ തുണിയെടുക്കാന്‍ പോകുമ്പോള്‍ സംഘപ്രചാരകനാണ് എന്ന നിലയ്ക്കു പരിചയപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ അദ്ദേഹത്തെ സ്വയംസേവകനാക്കിയതില്‍ പ്രധാന പങ്ക് അന്നവിടെ ബാങ്കുദ്യോഗസ്ഥനായിരുന്ന മോഹന്‍ജിക്കും, പ്രചാരകനായിരുന്ന എം.എസ്. ശിവാനന്ദനും, സി. ചന്ദ്രേട്ടനും അവകാശപ്പെട്ടതാണ്. മോഹന്‍ജി ബാങ്കിലെ ജോലി രാജിവെച്ച് പ്രചാരകനായി പ്രാന്തകാര്യാലയത്തിന്റെ ചുമതല നിര്‍വഹിച്ച് കഴിഞ്ഞവര്‍ഷംവരെ സര്‍വാഭൃതനായി കഴിഞ്ഞു. ചന്ദ്രേട്ടന് കണ്ണൂര്‍ വിഭാഗ് സംഘചാലകനും ഉത്തരകേരളത്തില്‍ സംഘത്തിന്റെ ഗ്രാന്‍ഡ് ഓള്‍ഡ്മാനുമായി കഴിയുന്നു. ശിവാനന്ദ് കൊച്ചിയില്‍ തന്റെ കൊച്ചു കച്ചവടവുമായി ജീവിക്കുന്നു. കെ.വി. ശ്രീധരന് തന്റെ കടയിലെ ജോലി കഴിഞ്ഞു തിരുവങ്ങാട്ട് രാത്രിശാഖയില്‍, സന്തതസഹചാരിയായ കാലന്‍കുടയുമായി പോകുന്നത് മനസ്സില്‍ പതിഞ്ഞുനില്ക്കുന്നു. അദ്ദേഹത്തിന്റെ കയ്യിലാണ് ഞാനാദ്യമായി നൈലോണ്‍ ശീലയുള്ള കുട കണ്ടത്. മഴവെള്ളം വീണാല്‍ തെറിച്ചുപോകുകയും നന്നായൊന്നു കുടയുമ്പോള്‍ ഉണങ്ങിയതുപോലെയാകുകയും ചെയ്യുന്ന ആ കുട എനിക്ക് കൗതുകമായിരുന്നു.
കാവുംഭാഗത്തെ സംഘത്തിന്റെ ശക്തിദുര്‍ഗംതന്നെയായിരുന്നു ശ്രീധരന്റെ വീട്. ഒന്നുരണ്ടു തവണയേ അവിടെ പോകാന്‍ അവസരമുണ്ടായിട്ടുള്ളൂ. ഇന്നത്തേതുപോലെ ചെറിയ കുടുംബമായിരുന്നില്ല. 12 സഹോദരീസഹോദരങ്ങള്‍. ഒരു ശാഖയ്ക്കുള്ളവര്‍ വീട്ടില്തന്നെയുണ്ടായിരുന്നു. ശ്രീധരനു പുറമെ സുരേന്ദ്രന്, രവീന്ദ്രന്, രഘു, രതീന്ദ്രന്‍, ഏകനാഥ് ദീനനാഥ്, വിജയന്, സുകുമാരന്‍, കമല, ശകുന്തള, പ്രസന്ന, പത്മാവതി, വത്സല എന്നീ സഹോദരങ്ങളുമുണ്ടായിരുന്നു. എല്ലാവരും നിറഞ്ഞ ആ വീട്ടില്‍ പോകുന്നതുതന്നെ കണ്ണും ഹൃദയവും നിറയ്ക്കുന്ന അനുഭൂതിയായിരുന്നു.
1969 ല്‍ വാടിക്കല്‍ രാമകൃഷ്ണന്റെ കൊലയോടെയാണ് മാര്‍ക്സിസ്റ്റുകള്‍ സംഘത്തിനെതിരായ തുറന്ന ആക്രമണം ആരംഭിച്ചത്. മാര്‍ക്സിസ്റ്റ് ഗൂഢതന്ത്രത്തിന്റെ ഭാഗമായി മുഴപ്പിലങ്ങാട് ചേറുമ്മക്കാവിലെ ഉത്സവക്കാലത്ത് ഉണ്ടായ സംഘര്‍ഷങ്ങളും, നാടെങ്ങും അഴിഞ്ഞാടിയ വര്‍ഗീയ കലാപങ്ങളും, ശ്രീധരന്റെയും സഹോദരങ്ങളുടെയും മനസ്സാന്നിധ്യംകൊണ്ടും, ധീരതകൊണ്ടും കുറേയൊക്കെ നിയന്ത്രണാധീനമായി.
ജനസംഘ പ്രവര്‍ത്തനത്തിലായിരുന്നു അദ്ദേഹം കൂടുതല്‍ ശ്രദ്ധിച്ചത്. അടിയന്തരാവസ്ഥക്കുശേഷം ബിജെപിയിലും സജീവമായിരുന്നു. ബിജെപി സ്റ്റേറ്റ് കൗണ്‍സില്‍ അംഗമായി പ്രവര്‍ത്തിച്ചു. തനിക്കു ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ വലിപ്പചെറുപ്പം കണക്കാക്കാതെ ആരുടെ മുന്നിലും തുറന്നുപറയുന്ന സ്വഭാവം പലര്‍ക്കും ഇഷ്ടമാകാതെയും വന്നിട്ടുണ്ട്.
ശ്രീധരന്റെ സഹോദരന് സുരേന്ദ്രന് തലശ്ശേരിയില്‍ സൈദാര്‍പള്ളിക്കെതിര്‍വശത്തു ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പ് നടത്തിയിരുന്നു. ടൗണില്‍ എത്തുന്നതിനു മുമ്പ് അവിടെയിരുന്ന്, കുറേസമയം ചെലവഴിക്കുമ്പോള്‍തന്നെ അവിടത്തെയെന്നല്ല ജില്ലയിലെയാകെ സ്ഥിതിഗതികളെക്കുറിച്ചുള്ള സാമാന്യവിവരങ്ങള്‍ ലഭിക്കുമായിരുന്നു. പരിവാര്‍ പ്രവര്‍ത്തകര്‍ക്കു പുറമെ മറ്റ് വിശ്വാസക്കാരെയും അവിടെ കാണാന്‍ കഴിയുമായിരുന്നു. കെ.വി സഹോദരന്മാരെ മാര്‍ക്സിസ്റ്റുകള്‍ നോട്ടപ്പുള്ളികളാക്കിവെച്ചിരിക്കയായിരുന്നു. അവിടെനിന്ന് ഏതാനും കി.മീ അകലെ കുട്ടിമാക്കൂല്‍ എന്ന സ്ഥലത്താണ് സുരേന്ദ്രന് താമസിച്ചിരുന്നത്. മാര്‍ക്സിസ്റ്റ് തേര്‍വാഴ്ചയിലായിരുന്ന ആ സ്ഥലത്ത് 2008 ല്‍ സുരേന്ദ്രനെ രാത്രിയില്‍ ഉറക്കത്തില്‍നിന്നു വിളിച്ചെഴുന്നേല്‍പ്പിച്ച് കൊലചെയ്യുകയായിരുന്നു. രണ്ട് ദളിത സഹോദരിമാരെ കയ്യേറ്റം ചെയ്ത് ഈയിടെയും കുട്ടിമാക്കൂലിലെ മാര്‍ക്സിസ്റ്റുകള്‍ കുപ്രസിദ്ധി നേടിയല്ലോ.
അവസാനകാലത്ത് ശ്രീധരന് എരഞ്ഞോളിയിലാണ് താമസിച്ചത്.
നാലുവര്‍ഷങ്ങള്‍ക്കു മുന്‍പ് കണ്ണൂര്‍ ജില്ലയിലെ പഴയ ജനസംഘ പ്രവര്‍ത്തകരുടെ സംഗമം കൂത്തുപറമ്പില്‍ സംഘടിപ്പിച്ചിരുന്നു. അതില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ ഒരുപകല്‍ ശ്രീധരന്റെ വീട്ടില്‍ താമസിക്കാന്‍ അവസരം ലഭിച്ചു. സ്വന്തമായി ചില ആയുര്‍വേദ ഔഷധങ്ങള്‍ തയ്യാറാക്കി ചെറിയ കച്ചവടവുമായി കഴിയുകയായിരുന്നു. ചില മരുന്നുകള്‍, ദന്തധാവനചൂര്‍ണം മുതലായവ എനിക്കും തന്നു. അവിടെ കഴിച്ചുകൂട്ടിയ സമയം അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളും സംഘത്തിലും ബിജെപിയിലും നിന്നുണ്ടായ അനുഭവങ്ങളും അവയെക്കുറിച്ചുള്ള വിലയിരുത്തലുകളും നടത്തുകയുണ്ടായി. നരേന്ദ്ര മോദിയെ പ്രധാനമന്ത്രിസ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടി രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിക്കണമെന്നും ശക്തിയായി വാദിച്ചത് ഓര്‍ക്കുന്നു.
ആറു പതിറ്റാണ്ടുകാലത്തോളം സംഘപരിവാറില്‍ സജീവസാന്നിധ്യമറിയിച്ചുകഴിഞ്ഞ ശരിയായ യോദ്ധാവുതന്നെയായിരുന്നു കെ.വി. ശ്രീധരന്. അദ്ദേഹത്തിന്റെ ഓര്‍മകള്‍ ആവേശദായകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: