പത്തനംതിട്ട : കാല്‍നടയാത്രക്കാരെ വലച്ച് വഴിയോരക്കച്ചവടക്കാര്‍ നഗരത്തിന്റെ പ്രധാന നടപ്പാതകളില്‍ തമ്പടിച്ചിരിക്കുന്നു.
ടികെ റോഡിലെ പ്രധാന കേന്ദ്രങ്ങളായ ആലൂക്കാസ് ജംഗ്ഷന്, പുതിയ ബസ് സ്റ്റാന്‍ഡ് റോഡ് എന്നിവിടങ്ങളാണ് വഴിയോരക്കച്ചവടക്കാരുടെ പ്രധാന കേന്ദ്രങ്ങള്‍. ഉന്തുവണ്ടിയിലും പെട്ടിഓട്ടോറിക്ഷകളിലുമാണ് മിക്ക ആളുകളും കച്ചവടം ചെയ്യുന്നത്. ബന്ധപ്പെട്ട അധികാരികളുടെ അനുമതിയില്ലാതെ നിയമം ലംഘിച്ചുകൊണ്ടാണ് കച്ചവടം നടത്തുന്നത്. മതിയായ ലൈസന്‍സോ സെയില്‍സ് ടാക്സ് രജിസ്ട്രേഷനോ ഇല്ലാത്ത വഴിയോരക്കച്ചവടക്കാര്‍ക്ക് ലേബര്‍ രജിസ്ട്രേഷനുകളുമില്ല.
നടപ്പാതയില്‍ ഇവരുടെ കച്ചവടം കേന്ദ്രീകരിക്കുന്നതിനാല്‍ കാല്‍നടയാത്രക്കാരാണ് ബുദ്ധിമുട്ടുന്നത്. ആളുകള്‍ വാഹനങ്ങളില്‍ ഇരുന്നുകൊണ്ട് ഇവരില്‍ നിന്നും സാധനം വാങ്ങുമ്പോള്‍ കാല്‍നടയാത്രക്കാര്‍ക്ക് റോഡിലേക്കിറങ്ങി നടക്കേണ്ടതായി വരുന്നു, കാല്‍നടയാത്രക്കാര്‍ക്ക് പലവിധമായ അപകടങ്ങള്ക്കുമിത് വഴിതെളിക്കുന്നു. സ്കൂള്‍ കുട്ടികള്‍ ധാരാളമായി പോകുന്ന റോഡുകളാണിവ. വഴിയോരങ്ങളില്‍ കച്ചവടം നടത്തുന്നത് ദിവസവേതനത്തിന് അന്യസംസ്ഥാന തൊഴിലാളികളാണ്.
കാല്‍നടയാത്രക്കാര്‍ക്ക് മാത്രമല്ല ലക്ഷങ്ങള്‍ മുടക്കി നിയമാനുസരണം കച്ചവടം നടത്തുന്ന വ്യാപാരികള്‍ക്കും ഇവര്‍ ഭീക്ഷണിയായി തുടരുന്നു. പൊതുനിരത്തിലെ സഞ്ചാര സ്വാതന്ത്രത്തിന്റെ ലംഘനമാണ് നടക്കുന്നത്.
നോ-പാര്‍ക്കിംഗ് ഏരിയയില്‍ വാഹനങ്ങളില്‍ നടക്കുന്ന ഇത്തരം കച്ചവടങ്ങള്‍ ട്രാഫിക് പോലീസുകാര്‍ പോലും ചോദ്യം ചെയ്യാറില്ല.
നിയമലംഘനം നടത്തി ഇത്തരക്കാര്‍ വില്‍ക്കുന്ന ഉല്പന്നങ്ങളുടെ ഗുണമേന്മയും ആശങ്കാജനകമാണ്.
വാഹനഗതാഗതത്തിനും കാല്നടയാത്രക്കരുടെ സഞ്ചാര സ്വാതന്ത്രത്തിനും ഒരുപോലെ ഭീക്ഷണിയായി നിലനില്‍ക്കുന്ന വഴിയോരക്കച്ചവടം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ച് വരുന്ന സാഹചര്യമാണുള്ളത്.
നിയമം ലംഘിച്ചുകൊണ്ട് നടത്തുന്ന വഴിയോരക്കച്ചവടങ്ങള്‍ നിയന്ത്രിക്കാനും നടപടികള്‍ സ്വീകരിക്കാനും അധികാരികള്‍ ശ്രദ്ധപതിപ്പിക്കണമെന്ന ആവശ്യം ഉയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: