പത്തനംതിട്ട: ജില്ലാ ഗവണ്മെന്റ് പ്ലീഡര്‍ ആന്റ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ നിയമനം സംബന്ധിച്ച് സിപിഎമ്മില്‍ കലാപം.
സിപിഎം നിയന്ത്രണത്തിലുള്ള അഭിഭാഷക സംഘടനയിലും ഇതുസംബന്ധിച്ച തര്‍ക്ക വിതര്‍ക്കങ്ങള്‍ ഉയരുന്നു. ജില്ലാ ഗവണ്മെന്റ് പ്ലീഡര്‍ ആന്റ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ തസ്തിക സംസ്ഥാന അടിസ്ഥാനത്തില്‍ ഇടതു മുന്നണി വീതം വെച്ചപ്പോള്‍ പത്തനംതിട്ട ജില്ലയിലേത് ഘടകക്ഷിയായ ജനതാദളിനാണ് ലഭിച്ചത്. എന്നാല്‍ ജില്ലയില്‍ ദളിന് മികച്ച അഭിഭാഷകരെ കണ്ടെത്താനായില്ല. തുടര്‍ന്ന് സിപിഎം സഹയാത്രികനായിരുന്ന ഒരു അഭിഭാഷകനെ ജനതാദളിന്റെ പ്രതിനിധിയായി അവതരിപ്പിക്കുകയായിരുന്നത്രേ. സിപിഎമ്മിന്റെ അഭിഭാഷക സംഘടനയുടെ അടൂര്‍ യൂണിറ്റ് അംഗമായിരുന്ന ഈ അഭിഭാഷകന് പ്രോസിക്യൂട്ടര്‍ സ്ഥാനത്തേക്ക് അനര്‍ഹമായാണ് വരുന്നതെന്നാണ് എതിരാളികളുടെ ആക്ഷേപം. പത്തനംതിട്ടയിലെ പ്രമുഖ സിപിഎംകാരായ ചില അഭിഭാഷകര്‍ പ്ലീഡര്‍ ആന്റ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ സ്ഥാനത്തേക്ക് നോട്ടമിട്ടിരുന്നെങ്കിലുംപദവി കൈവിട്ടുപോയതാണ് ആക്ഷേപങ്ങള്ക്കിടയാക്കുന്നതെന്നും സൂചനയുണ്ട്.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ജില്ലാ പ്ലീഡര്‍ ആന്റ് പബ്ലിക്ക് പ്രോസിക്കുട്ടറുടെ ശമ്പളവും സൗകര്യങ്ങളും വര്‍ദ്ധിപ്പിച്ചത്. എഴുപതിനായിരത്തിലേറെ രൂപ ശമ്പളവും ഔദ്യോഗിക വാഹനവും ഇവര്‍ക്ക് അനുവദിച്ചിട്ടുണ്ട്. നേരത്തെയുണ്ടായിരുന്നതിനേക്കാള്‍ മൂന്നിരട്ടിയിലേറെ ശമ്പള വര്‍ദ്ധനവും ഔദ്യോഗിക വാഹനവും ലഭിച്ചതോടെ ഈ പദവിയിലെത്താന്‍ അഭിഭാഷകരുടെ തിരക്കായി. രാഷ്ട്രീയ നിയമനമായിട്ടും ഏകദേശം 70 ഓളം അപേക്ഷകള്‍ ഇക്കുറി ഈ സ്ഥാനത്തേക്കുണ്ടായിരുന്നതായി പറയപ്പെടുന്നു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ജില്ലയില്‍ ഈ പദവി ലഭിച്ചത് സിപിഐക്കായിരുന്നു.
അഡീഷണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറുടെ തസ്തികകളിലേക്കുള്ള നിയമനത്തിലും പരാതികളും ആക്ഷേപങ്ങളുമുണ്ട്. ഇവ വീതം വെയ്ക്കുന്നത് സംബന്ധിച്ച് സിപിഎമ്മും സിപിഐയും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നു. സിപിഎം ജില്ലാ കമ്മിറ്റിയിലേക്ക് ഈ തസ്തികകളിലേക്ക് കീഴ്ഘടകങ്ങള്‍ നിര്‍ദ്ദേശിച്ച പേരുകള്‍ പലതും ജില്ലാ കമ്മിറ്റി വെട്ടിനിരത്തിയതായും ആക്ഷേപമുണ്ട്.
ജില്ലാ പ്ലീഡര്‍ ആന്റ് പബ്ലിക്ക് പ്രോസിക്യൂട്ടറുടെ പദവിയിലേക്ക് പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രമുഖ സിപിഎം അഭിഭാഷകന് അസി.പബ്ലിക്ക് പ്രോസിക്യൂട്ടറുടെ ഓഫര്‍ നിരസിച്ചതായും പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: