തിരൂര്‍: തുഞ്ചന്‍ സ്മാരക ട്രസ്റ്റിന്റെ രാഷ്ട്രീയ വിവേചനത്തില്‍ പ്രതിഷേധിച്ച് എന്‍ടിയു തുഞ്ചന്‍പറമ്പിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. കഴിഞ്ഞ മാസം തിരൂരില്‍ നടന്ന എന്‍ടിയു സംസ്ഥാന വനിതാസംഗമത്തിനായി തുഞ്ചന്‍പറമ്പ് അനുവദിക്കണമെന്ന് ട്രസ്റ്റിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ രാഷ്ട്രീയ സ്വഭാവമുള്ള സംഘടനകള്‍ക്ക് അനുമതി നല്‍കാറില്ലെന്നായിരുന്നു മറുപടി. തുടര്‍ന്ന് മറ്റൊരു സ്ഥലത്ത് പരിപാടി നടത്തുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ ദിവസം വേറൊരു സംഘടനക്ക് പരിപാടി നടത്താന്‍ തുഞ്ചന്‍പറമ്പ് അനുവദിച്ചു. ഇതില്‍ പ്രതിഷേധിച്ചാണ് എന്‍ടിയു പ്രതിഷേധം സംഘടിപ്പിച്ചത്.
എന്‍ടിയു സംസ്ഥാന വനിതാവിഭാഗം സംയോജിക സി.ജീജാഭായ് ഉദ്ഘാടനം ചെയ്തു. ഭാഷാപിതാവിന്റെ പേരിലുള്ള ഒരു സ്ഥാപനം ഒരിക്കലും രാഷ്ട്രീയ വിവേചനം കാണിക്കരുതെന്നും, അത്തരത്തിലുള്ള ആളുകളെ ട്രസ്റ്റില്‍ നിന്നും ഉടന്‍ നീക്കം ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് എന്‍.സത്യഭാമ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് എ.ബാലകൃഷ്ണന്, ജില്ലാ സെക്രട്ടറി എം.സി.സുനില്‍ബാബു, സംസ്ഥാന സമിതിയംഗങ്ങളായ കെ.എസ്.രാജേന്ദ്രന് നായര്‍, കെ.വിവേകാനന്ദന്, പി.ശ്രീധരന്, ബിജെപി മണ്ഡലം പ്രസിഡന്റ് കെ.പി.പ്രദീപ്കുമാര്‍, ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് മനോജ് പാറശ്ശേരി, പെന്‍ഷനേഴ്സ് സംഘ് ജില്ലാ പ്രസിഡന്റ് കെ.പി.നാരായണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: