പത്തനംതിട്ട : ശബരിമല തീര്‍ത്ഥാടനം പടിവാതിക്കലെത്തിയിട്ടും കാട്ടാന സൈ്വര്യ വിഹാരം നടത്തുന്ന കല്ലേലിഅച്ചന്കോവില് കാനന പാതയില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ വനം വകുപ്പ് ആവിഷ്കരിച്ച പദ്ധതി പ്രാവര്‍ത്തികമായില്ല.
അച്ചന്‍കോവില്‍ റോഡിന്റെ പ്രവേശന കവാടമായ കല്ലേലിക്കടവ് ഭാഗത്തും തുറയ്ക്കു സമീപം ചേമ്പാല ഭാഗത്തും ചെക്പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടും പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല.അച്ചന്‍കോവില്‍ ധര്‍മശാസ്താ ക്ഷേത്രത്തിലെ ഉല്‍സവത്തിനും ശബരിമല തീര്‍ഥാടന സമയത്തും തിരക്കേറുന്ന വനപാത, അരുവാപ്പുലം പഞ്ചായത്തിലെ ആവണിപ്പാറ ഗിരിവര്‍ഗ കോളനി വാസികളും ഉപയോഗിക്കുന്നു. അച്ചന്‍കോവില്‍, തുറ, ചെമ്പനരുവി മേഖലകളില്‍ നിന്നൊക്കെയും യാത്രക്കാര്‍ ഈ കാനനപാത തിരഞ്ഞെടുക്കുമ്പോള്‍ ഇരുചക്രവാഹനയാത്രക്കാര് അടക്കം വിനോദയാത്രയ്ക്കായും എത്താറുണ്ട്.
വന്യജീവികളുടെ സ്ഥിരം സാന്നിധ്യമുള്ള വനമേഖലയില്‍ യാത്രക്കാര്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് വനം വകുപ്പ് അച്ചന്‍കോവില്‍ റോഡിന്റെ വനമേഖലയിലെ ഭാഗത്ത് ഒന്നര വര്‍ഷം മുമ്പ് ചെക്പോസ്റ്റ് സ്ഥാപിച്ചത്. വൈകീട്ട് ആറു മുതല്‍ പുലര്‍ച്ചെ ആറുവരെയുള്ള സമയങ്ങളില്‍ ഇതുവഴിയുള്ള യാത്ര കര്‍ശനമായി നിയന്ത്രിക്കുകയായിരുന്നു ലക്ഷ്യം.
യാത്രക്കാര്‍ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക്കും കുപ്പികളും ഭക്ഷണസാധനങ്ങളും കഴിക്കാനിടവരുന്ന സാഹചര്യം വന്യജീവികളുടെ ആരോഗ്യത്തെ ബാധിക്കുമെന്നതിനാല്‍ നിയന്ത്രണം അനിവാര്യമായിട്ടുണ്ടെന്നും വനം വകുപ്പ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, അച്ചന്‍കോവില്‍, ശബരിമല ക്ഷേത്രങ്ങളിലെ ഉല്‍സവവുമായി ബന്ധപ്പെട്ടു നിയന്ത്രണം പാടില്ലെന്നും തീരുമാനിച്ചിരുന്നു.
വന്യജീവികള്‍ കാട്ടില്‍ നിന്നിറങ്ങി ഇതുവഴിയുള്ള റോഡ് മുറിച്ചുകടന്നാണ് അച്ചന്‍കോവിലാറ്റിലേക്ക് ഇറങ്ങുന്നത്. പലപ്പോഴും ഇവിടെ കാട്ടാനക്കൂട്ടത്തെ തന്നെ കാണാം.മണ്ഡലകാലം ആരംഭിക്കുന്നതോടെ തമിഴ് നാട്ടില്‍ നിന്നുള്ള അയ്യപ്പന്മാര് കാല്‍നട യാത്രക്ക് തിരെഞ്ഞെടുക്കുന്നതും ഈ വഴിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: