പുലാമന്തോള്‍: കരവിരുതിന്റെ ചാരുതയും ക്ഷേത്ര ശില്പകലയും സമന്വയിക്കുന്ന നിരവധി ശില്പങ്ങളിലൂടെ ശ്രദ്ധേയനാവുകയാണ് പുലാമന്തോള്‍ വളപുരം കണ്ണപ്പന് പടി പരേതനായ തേക്കുംത്തൊടി കൃഷ്ണന്റെ മകന് സഞ്ജിത്ത് എന്ന ഇരുപത്തിരണ്ടുകാരന്. തച്ചുശാസ്ത്ര വിദഗ്ദ്ധനായ അച്ഛനില്‍ നിന്നും കിട്ടിയ അറിവില്‍ ക്ഷേത്രശില്പങ്ങളില് വിസ്മയം തീര്‍ക്കുന്ന സഞ്ജിത്ത് നാട്ടുകാര്‍ക്കൊക്കെയും അത്ഭുതമാണ്. തിരുമാന്ധാംകുന്ന് ഭഗവതി, ശ്രീകൃഷ്ണന്, നടരാജ വിഗ്രഹം എന്നിവയുടെ ജീവസുറ്റ ശില്പങ്ങള് കാഴ്ചക്കാരെ അമ്പരപ്പിക്കുന്നവയാണ്. ക്ഷേത്രശില്പങ്ങള്ക്കു പുറമേ യേശുദേവന്, മയില്‍ വാഹനം പക്ഷികള്‍ എന്നിവയിലെല്ലാം സഞ്ജിത്തിന്റെ അനുഗ്രഹീത കരവിരുത് മനോഹാരിത ചാര്‍ത്തുന്നു. ഇദ്ദേഹത്തിന്റെ ദാരുശില്പ നിര്‍മ്മാണത്തിലെ കഴിവ് അറിഞ്ഞെത്തിയ പെരിന്തല്‍മണ്ണ ലൂര്‍ദ്മാതാ തീര്‍ഥാടനകേന്ദ്രത്തിലെ അംഗങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ചു നിര്‍മിച്ച കുരിശിലേറിയ യേശുദേവന്റെ മനോഹരമായ ശില്പം ദിവസങ്ങള്‍ക്ക് മുന്‍പാണ് പള്ളി അധികാരികള്‍ക്ക് കൈമാറിയത്. ഭക്തിയും സൗന്ദര്യവും ചാലിച്ച് പുലാമന്തോള്‍ പഞ്ചായത്തിലെ വളപുരത്തിന്നടുത്ത് കണ്ണപ്പന്പടിയിലെ സ്വന്തം വീടില് സഞ്ജിത്തിന്റെ കരവിരുതിലൂടെ വിരിയുന്ന ശില്പങ്ങള്ക്ക് ആവശ്യക്കാരേറെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: