പത്തനംതിട്ട: ഗവി സഞ്ചാരികള്‍ക്ക് പറുദീസയൊരുക്കുമെന്ന വാഗ്ദാനം പാഴ്വാക്കാകുന്നു.
ഗവിയിലേക്കെത്താനുള്ള റോഡുകളെല്ലാം തകര്‍ന്ന് തരിപ്പണമായി. മൂന്നുമാസങ്ങള്‍ക്ക് മുമ്പ് ടാര്‍ ചെയ്ത റോഡുപോലും മെറ്റലിളകി കുണ്ടുംകുഴിയും വലിയ ഗര്ത്തങ്ങളുമായി മാറി. പത്തനംതിട്ടയില്‍ നിന്നും ചിറ്റാര്‍, ആങ്ങമൂഴിവഴി കൊച്ചാണ്ടി ചെക്ക്പോസ്റ്റിലെത്തി മൂഴിയാര്‍ റൂട്ടിലെത്തി ഗവിയിലേക്ക് പോകുന്ന റോഡും വണ്ടിപ്പെരിയാറില്‍ നിന്നും വള്ളക്കടവ് ചെക്ക്പോസ്റ്റ് കടന്ന് ഗവിയിലേക്കെത്തുന്ന റോഡുമാണ് പ്രധാന സഞ്ചാരമാര്‍ഗ്ഗങ്ങള്‍. ഈ രണ്ട് ടാര്‍ റോഡുകളും ഗതാഗതയോഗ്യമല്ല. വിദൂര സ്ഥലങ്ങളില്‍ നിന്നുപോലും ഗവിയുടെ മനോഹാരിത ആസ്വദിക്കാനെത്തുന്ന സഞ്ചാരികളുടെ മനംമടുപ്പിക്കുന്ന സ്വീകരണമാണ് വനംവകുപ്പും ഒരുക്കുന്നതെന്ന് ആക്ഷേപമുണ്ട്.
അവധി ദിവസങ്ങളില്‍ ആദ്യമെത്തുന്ന കേവലം 30 വാഹനങ്ങള്‍ക്ക് മാത്രമാണ് ആങ്ങമൂഴിയിലെ വനംവകുപ്പിന്റെ ഓഫീസില്‍ നിന്നും പ്രവേശനാനുമതി നല്‍കുന്നത്. മറ്റ് ദിവസങ്ങളില്‍ പത്തുവാഹനങ്ങള്‍ക്ക് മാത്രമേ കടന്നുപോകാനാകൂ. ഇതുമൂലം ദൂരദേശങ്ങളില്‍ നിന്നും വരുന്ന സഞ്ചാരികള്‍ക്ക് ഗവിയിലെത്താനാകാതെ മടങ്ങേണ്ടിവരുന്നു.
വിദേശികളടക്കം നിരവധി വിനോദസഞ്ചാരികളെത്തുന്ന ഗവിയില്‍ മതിയായ താമസ സൗകര്യമോ ഭക്ഷണ സൗകര്യമോ ലഭ്യമല്ല. വനംവകുപ്പിന്റെ ടൂറിസം പാക്കേജില്‍ ഉള്‍പ്പെട്ടു വരുന്നവര്‍ക്ക് മാത്രമാണ് നാമമാത്രയെങ്കിലും ഈ സൗകര്യങ്ങള്‍ ലഭിക്കുന്നത്. ഗവിയിലേക്ക് പോകാന്‍ എത്തുന്നവര്‍ ആളൊന്നിന് 30 രൂപയുടെ പാസ് എടുക്കണം.
ആനത്തോട് വരെമാത്രമേ ഇതില്‍ പ്രവേശനമൊള്ളു. ആനത്തോട്ടില്‍ നിന്നും ഗവിയിലേക്ക് പോകാന്‍ വാഹനത്തിനും പണം അടച്ച് പാസ് വാങ്ങണം. എന്നാല്‍ വിനോദസഞ്ചാരികള്‍ കടന്നുവരുന്ന റോഡുകള്‍ ഗതാഗത യോഗ്യമാക്കിത്തീര്‍ക്കാന്‍ യാതൊരു ഉല്‍സാഹവും വനംവകുപ്പോ പൊതുമരാമത്ത് വകുപ്പോ കാണിക്കുന്നില്ല. മൂഴിയാറില്‍ നിന്നും ഗവിയിലേക്കുള്ള റോഡ് ടാറ് ചെയ്ത് മൂന്നുമാസങ്ങള്‍ക്കുള്ളില്‍ മെറ്റലിളകി ഗതാഗതയോഗ്യമല്ലാതായി. ഗവി റൂട്ടിലെ അരണമുഴി ഭാഗത്ത് റോഡില്‍ മെറ്റലിളകി കൂനകൂടികിടക്കുന്നു.
റോഡിന്റെ വശങ്ങളില് കുഴികളും രൂപപ്പെട്ടിട്ടുണ്ട്. ചതുരക്കള്ളി ഭാഗത്തെത്തുമ്പോഴേക്കും റോഡില്‍ വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ട് വെള്ളംകെട്ടികിടക്കുന്ന സ്ഥിതിയാണിപ്പോള്‍. ഈ ഭാഗമെല്ലാം മൂന്നുമാസങ്ങള്‍ക്കുള്ളില്‍ റീടാറു ചെയ്തതാണ്. ആനത്തോട് ഡാമിന്റെ പരിസരത്തേക്കെത്തുമ്പോള്‍ ഏറെക്കാലമായി ടാറ്ചെയ്ത റോഡ് പൂര്‍ണ്ണമായും നാശോന്മുഖമാണ്. വലിയ ഗര്‍ത്തങ്ങളാണ് കൊച്ചുപമ്പയ്ക്ക് സമീപം കാണാനാകുന്നത്. ഗവിയിലെത്തി വള്ളക്കടവിലേക്ക് പോകുമ്പോഴും റോഡിന്റെ സ്ഥിതി ഒട്ടും മെച്ചപ്പെട്ടതല്ല. നിബിഡവനത്തില്‍കൂടിയുള്ള ഈ റോഡെല്ലാം വീതി കുറഞ്ഞവയാണ്. റോഡിന്റെ വശങ്ങളില് ഈറ്റക്കാടുകള്‍ നിറഞ്ഞുനില്‍ക്കുന്നിടത്ത് മിക്കപ്പോഴും ആനയും കാട്ടുപോത്തുമടക്കമുള്ള മൃഗങ്ങളുടെ സാന്നിദ്ധ്യവുമുണ്ട്.
ജില്ലയുടെ വിനോദസഞ്ചാര മാപ്പില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന ഗവിയിലേക്ക് കൂടുതല്‍ സഞ്ചാരികളെത്തണമെങ്കില്‍ റോഡുകളെങ്കിലും ഗതാഗതയോഗ്യമാക്കണമെന്നാണ് വിനോദസഞ്ചാരികള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: