കണ്ണൂര്‍ ജില്ലയില്‍, ഇടതുപക്ഷ ഭരണത്തെത്തുടര്‍ന്ന് വീണ്ടുമുണ്ടായ കൊലപാതക പരമ്പരകളെപ്പറ്റി നിയമസഭയില്‍ വന്ന അടിയന്തര പ്രമേയ ചര്‍ച്ചയില്‍ ബിജെപി എംഎല്‍എ ഒ.രാജഗോപാല്‍, 1980-കളില്‍ മാര്‍ക്സിസ്റ്റ് അക്രമപരമ്പര അരങ്ങേറിയ കാലത്ത് ദല്‍ഹിയില്‍ ദീനദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായിരുന്ന പി. പരമേശ്വരനും ബിഎംഎസ് നേതാവ് ദത്തോപന്ത് ഠേംഗ്ഡിയും മുന്‍കൈയെടുത്ത് ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യരെയും അനേകം മാര്‍ക്സിസ്റ്റ്, സിഐടിയു നേതാക്കളേയും കാണുകയും, സമാധാനസ്ഥാപനത്തിനായി ഒരുമിച്ച് അസ്വസ്ഥ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനും മറ്റും പരിപാടി തയ്യാറാക്കാന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍, സിപിഎമ്മിന്റെ കണ്ണൂര്‍ നേതൃത്വം അത് അട്ടിമറിച്ച കാര്യം പരാമര്‍ശിക്കുകയുണ്ടായി. രാജഗോപാലിന് കവിതയുമുണ്ടോ എന്ന് അതെപ്പറ്റി അഭിപ്രായപ്പെട്ടുകൊണ്ട്, അങ്ങനെയൊരു നീക്കത്തെക്കുറിച്ച് തനിക്കറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിഷേധിച്ചുവെന്ന് പത്രത്തില്‍ റിപ്പോര്‍ട്ട് കണ്ടു.
പിണറായിയുടെ അന്നത്തെ രാഷ്ട്രീയഗുരുവായിരുന്ന എം.വി. രാഘവനാണല്ലൊ അന്നത്തെ ആക്രമണങ്ങളെ ആശിര്‍വദിച്ചതും അവയ്ക്ക് കടിഞ്ഞാണ്‍ പിടിച്ചതും. ഏതായാലും സമാധാനചര്‍ച്ചകള്‍ക്ക് താന്‍ മുന്‍കൈയെടുക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞതിലും കാവ്യനീതിയുണ്ട്.
കണ്ണൂരില്‍ സംഘത്തിനെതിരായ കൊലപാതക പരമ്പരയുടെ ആരംഭംതന്നെ, 1969 ഏപ്രില്‍ 19 ന് അന്നത്തെ യുവജന നേതാവായിരുന്ന പിണറായി വിജയന്റെയും കോടിയേരി ബാലകൃഷ്ണന്റെയും നേതൃത്വത്തില്‍, തലശ്ശേരി ടൗണിലെ വാടിക്കല്‍ എന്ന ഭാഗത്ത് മാരകായുധങ്ങളേന്തി ജാഥയായി എത്തിയ സിപിഎമ്മുകാര്‍, അവിടെ തുന്നല്‍പണി ചെയ്ത് കുടുംബം പുലര്‍ത്തിവന്ന രാമകൃഷ്ണന് എന്ന സ്വയംസേവകനെ വെട്ടിക്കൊല ചെയ്തതോടെ ആയിരുന്നല്ലൊ. പ്രസ്തുത കേസിലെ പ്രതിപ്പട്ടികയില്‍ വിജയനുമുണ്ടായിരുന്നു. ബാലകൃഷ്ണന് മേജറല്ലായിരുന്നതിനാല് ചാര്ജ്ഷീറ്റില്പ്പെട്ടതുമില്ല. പിണറായി വിജയന് കേസില്‍ ശിക്ഷിക്കപ്പെടാതിരുന്നതെന്തുകൊണ്ടായിരുന്നുവെന്ന് തലശ്ശേരിക്കാര്‍ക്കറിയാം.
ശിക്ഷിക്കപ്പെട്ടാലും എന്തുണ്ടാകുമായിരുന്നുവെന്നതിനും സംശയമില്ല. മൊകേരിയിലെ ജയകൃഷ്ണന് എന്ന അദ്ധ്യാപകനെ ക്ലാസ്സില്‍ പഠിപ്പിച്ചുകൊണ്ടിരിക്കെ കുട്ടികളുടെ മുമ്പിലിട്ടു വെട്ടിനുറുക്കിയ കൊലയാളികള്‍ ശിക്ഷിക്കപ്പെട്ടിട്ടും, അവര്‍ മൊകേരി സഖാക്കളായി വാഴ്ത്തപ്പെട്ടു. അവരെക്കുറിച്ചുള്ള കവിതകള്‍ പാര്‍ട്ടിപത്രങ്ങളില്‍ വന്നു. അവരുടെ കേസ് സുപ്രീംകോടതിയില്‍ വാദിക്കാന്‍ കോടിക്കണക്കിന് രൂപ പിരിച്ചെടുത്തു. എന്നിട്ടും ശിക്ഷ ഉറപ്പായവരെ പാര്‍ട്ടി ഭരണത്തിലായപ്പോള്‍ മോചിപ്പിച്ചു. മാര്‍ക്സിസ്റ്റ് ബുദ്ധിജീവികള്‍ ആ കൊലയാളികളെ പ്രശംസിച്ചുകൊണ്ട് ലേഖനങ്ങളെഴുതി. ബര്‍ലിന്‍ കുഞ്ഞനന്തന് നായരും പ്രൊഫ. വിജയനുമൊക്കെ അക്കൂട്ടത്തില്‍പ്പെടുന്നു.
കൊലചെയ്യപ്പെട്ട വാടിക്കല്‍ രാമകൃഷ്ണന് ആരായിരുന്നു? ഏതുതരം വര്ഗശത്രുവായിരുന്നു? എലിമെന്ററി വിദ്യാഭ്യാസത്തിനപ്പുറം പോകാന്‍ സാമ്പത്തികശേഷിയില്ലാതെ, അരിമുറുക്കുണ്ടാക്കി കടകളില്‍ വിറ്റ് അന്നന്നത്തിടം കഴിഞ്ഞ സാധുകുടുംബത്തിലെ അംഗം. അല്പംകൂടി വരുമാനമുണ്ടാക്കാന്‍ തുന്നല്‍പണി പഠിച്ചു. പക്ഷേ ഏറ്റവും പിന്നാക്കവിഭാഗത്തില്‍പ്പെട്ട (തങ്ങളെ പട്ടികജാതിയില്പ്പെടുത്തണമെന്ന് ആവശ്യവുമായി അധികാരകേന്ദ്രങ്ങളില്‍ കാത്തുകിടന്നവരാണവര്) ആ സമുദായത്തിലെ ബാലന്മാരുമൊത്ത് സമീപത്തുണ്ടായിരുന്ന സംഘശാഖയില്‍ പോകുകയും കുറേ വര്‍ഷങ്ങള്‍ക്കുശേഷം വാടിക്കലില്‍ ഒരു ശാഖ ആരംഭിക്കുകയും ചെയ്തതാണ് രാമകൃഷ്ണന് ചെയ്ത തെറ്റ്. ശാഖാ പ്രവര്‍ത്തനം നടത്തരുതെന്ന പാര്‍ട്ടി വിലക്കനുസരിക്കാത്തത് അതിലും വലിയ തെറ്റ്. അതിന് മരണശിക്ഷ തന്നെയാണ് പിണറായിക്കോടതി നല്‍കിയത്. ന്യായാധിപനും ആരാച്ചാരും ഒന്നുതന്നെയായതു വിചിത്രമല്ലേ?
തലശ്ശേരിയിലെ തിരുവങ്ങാട്ട് മഞ്ഞോടിയില്‍ കാലി വളര്‍ത്തി പാല് വിറ്റ് ജീവിച്ച പിന്നാക്കജാതിക്കാരനായ ബാലന് സംഘത്തില്‍ ചേര്‍ന്നതും, ജനസംഘ സമിതിയില്‍ ചുമതല വഹിച്ചതും അതുപോലെ ഗുരുതരമായ കുറ്റമായി. ആയുസ്സിന്റെ വലിപ്പംകൊണ്ടോ, ആരാച്ചാരുടെ വൈദഗ്ധ്യക്കുറവുകൊണ്ടോ ആ യുവാവിന് ജീവന് നഷ്ടമായില്ല.
തളിപ്പറമ്പില്‍ തൃച്ചംബരം ക്ഷേത്രത്തിന് സമീപത്ത് കുംഭാരന്മാരുടെ തെരുവില്‍ സംഘശാഖയുണ്ട്. അറുപതിലേറെ വര്‍ഷങ്ങളായി അതു നടന്നുവരുന്നു. ആ ശാഖയില്‍ എണ്ണം കൂടിയത് സഹിക്കാനാവാതെ 1961 ല്‍ സഖാക്കള്‍ ജാഥയായി വന്ന് ആക്രമിച്ചു. അവര്‍ക്ക് ഉദ്ദേശം സാധിക്കാതെ മടങ്ങേണ്ടിവന്നു. കലം മെനഞ്ഞ് ജീവിതം തള്ളിനീക്കുന്ന ആ സാധുക്കള്‍ എവിടത്തെ വര്‍ഗശത്രുക്കളാണ് എന്നാണാവോ തളിപ്പറമ്പിലെ മുന്തിയ ജാതിയില്‍പ്പെട്ട സഖാക്കള്‍ കരുതിയത്?
ഇന്ന് അഞ്ചരക്കണ്ടി പാര്‍ട്ടി ഗ്രാമമാണ്. ആറു പതിറ്റാണ്ടുമുന്പും അങ്ങനെയായിരുന്നു. അവിടെ സംഘപ്രവര്‍ത്തനത്തിന് മുന്‍കൈയെടുത്തവരെല്ലാം തന്നെ പിന്നാക്കസമുദായത്തില്‍പ്പെട്ട സി.എച്ച്. ബാലനും ദിവ്യാംഗനായിരുന്ന സുകുമാരനും തോണിക്കാരന് പൈതലും മറ്റുമായിരുന്നു. അവര്‍ക്കും മാര്‍ക്സിസ്റ്റ് ഭീഷണിയുണ്ടായിരുന്നു. അവര്‍ വര്ഗശത്രുക്കളായിരുന്നോ?
പിണറായി പാറപ്പുറത്ത്, കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിക്കാനായി എത്തിയ സഖാക്കളില്‍ മൂന്നുപേരെ അതിഥികളായി സ്വന്തം വീട്ടില്‍ താമസിപ്പിച്ച മന്ദന്‍ മേസ്തിരിയെന്ന തുന്നല്‍ക്കാരനെ, അവിടെ ശാഖ ആരംഭിക്കാനുള്ള ശ്രമത്തിനിടെ പരിചയപ്പെടാന്‍ അവസരമുണ്ടായി.
അദ്ദേഹം അക്കാലത്ത് (1959 ല്‍) കതിരൂരിലാണ് ജോലിചെയ്തത്. പിണറായിയിലെ ചില സുഹൃത്തുക്കളെ പരിചയപ്പെടുത്താന്‍ അദ്ദേഹം തുനിഞ്ഞു. അവിടെ പരിചയപ്പെട്ടവരും വര്‍ഗശത്രുക്കളായിരുന്നില്ല.
മൊകേരിയില്‍ ബാര്‍ബര്‍ഷോപ്പ് നടത്തിവന്ന കുനിയില്‍ ബാലന് ക്ഷണിച്ചതനുസരിച്ച് അവിടെ പോകുകയും, അദ്ദേഹത്തിന്റെ ഏതാനും സുഹൃത്തുക്കളുമായി സംസാരിക്കുകയും ചെയ്തു. അതും 1959 ല്‍തന്നെ. ആ വര്‍ഗശത്രു കേസരി വാരിക വരുത്തി, തന്റെ സേവനമഭ്യര്ത്ഥിച്ചെത്തുന്നവര്ക്ക് വായിക്കാന്‍ കൊടുത്തുവെന്നതിന് ഭീഷണിയിലായി. കേസരി അയക്കേണ്ടെന്ന് ഓഫീസിലേക്കെഴുതുകയും, ഇനി കടയില്‍ വരരുതെന്നും, താന്‍ തിരുവങ്ങാട്ടു വന്നുകൊള്ളാമെന്നും എഴുത്തയക്കുകയും ചെയ്തു.
എന്തുകൊണ്ട് സംഘട്ടനമുണ്ടാകുന്നുവെന്നതിനുത്തരം ഈ സംഭവങ്ങളിലെല്ലാം കാണാം. ഈ ജനായത്തരാജ്യത്ത് സംഘടിക്കാനും സ്വന്തം ആശയങ്ങള്‍ പ്രചരിപ്പിക്കാനുമുള്ള ഉന്മുക്തവും നിര്‍ബാധവുമായ അവകാശവും അധികാരവും ഏത് ഭാരതപൗരനുമുണ്ട്. മാര്‍ക്സിസ്റ്റ് പാര്ട്ടിക്കുള്ളതുപോലെതന്നെ അതു സംഘത്തിനും ബിജെപിക്കുമുണ്ട് എന്ന് വകവെച്ചുകൊടുക്കാന്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി സന്നദ്ധമായാല്‍ സംഘര്‍ഷമുണ്ടാവില്ല. തങ്ങളുടെ പ്രവര്ത്തകന് സ്വാഭിപ്രായം മാറ്റാന്‍ അവകാശമില്ല എന്ന ശാഠ്യമാണല്ലൊ ടി.പി. ചന്ദ്രശേഖരന് 51 വെട്ടുകള്‍ സമ്മാനിച്ചതും എം.വി. രാഘവനും കെ.ആര്. ഗൗരിയമ്മക്കും ആജീവനാന്ത നരകം സമ്മാനിച്ചതും.
മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കെതിരായ ആവലാതികള്‍ നിരത്തിവെക്കുന്നതിനിടെ ഹൃദയം നിലച്ച് ജീവിതം അവസാനിച്ച എം.എന്‍. വിജയന്‍മാസ്റ്ററും വാടിക്കല്‍ രാമകൃഷ്ണനെപ്പോലെ മാര്‍ക്സിസ്റ്റ് അസഹിഷ്ണുതയുടെയും ഉന്മൂലനത്തിന്റെയും രക്തസാക്ഷിതന്നെയാകുന്നു.
ഈ ഭീകരാവസ്ഥക്കറുതി വരുത്താനും സഹിഷ്ണുതയുടെയും സഹജീവനത്തിന്റേയും അന്തരീക്ഷം സ്ഥാപിക്കാനും മുഖ്യമന്ത്രിയായ പിണറായി വിജയന് മുന്‍കൈയെടുക്കുന്നത്, താന്‍ തന്നെ തുടങ്ങിവെച്ച പാരമ്പര്യവും അവസാനിപ്പിക്കുമെന്നതിനാലാണ് കാവ്യനീതിയാണ് എന്ന് ആദ്യം പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: