പരപ്പനങ്ങാടി: വള്ളിക്കുന്ന് പഞ്ചായത്തിലെ ഏക ഹയര്‍ സെക്കണ്ടറി തുല്യതാ പഠനകേന്ദ്രം വളളിക്കുന്ന് അത്താണിക്കലില്‍ നിന്നും മാറ്റുന്നതില്‍ പഠിതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കും പ്രതിഷേധം. ജില്ലയിലെ മികച്ച തുടര്‍വിദ്യാ പഠനകേന്ദ്രങ്ങളിലൊന്നായ അത്താണിക്കലിലെ സെന്ററാണ് സമീപ പഞ്ചായത്തിലേക്ക് മാറ്റാനൊരുങ്ങുന്നത്
പത്താംതരം തുല്യത പരീക്ഷക്ക് നൂറുശതമാനം വിജയം സമ്മാനിച്ച ഈ സെന്ററിന് ഹയര്‍സെക്കണ്ടറി തുല്യത ക്ലാസില്‍ മുപ്പതോളം പേര് പഠിതാക്കളായിട്ടുണ്ട്. അന്‍പത് പേര് പഠിതാക്കളായിട്ടുണ്ടെങ്കില് മാത്രമേ അതാത് പ്രദേശങ്ങളിലെ പഠനകേന്ദ്രങ്ങളില്‍ സാക്ഷരതാ മിഷന് ക്ലാസ് തുടങ്ങാനാകൂയെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. ഈ വര്‍ഷം കോഴ്സിന് ചേര്‍ന്നവരാണ് ഇതോടെ പെരുവഴിയിലാകുന്നത്. ജീവിത സാഹചര്യങ്ങളില്‍ പഠിക്കുവാനുള്ള അവസരം നിഷേധിക്കപ്പെട്ട ഒരുകൂട്ടം പഠിതാക്കളുടെ പ്രതീക്ഷകളാണ് കേന്ദ്രം ഇല്ലാതാകുന്നതോടെ പൊലിയുന്നത്. അത്താണിക്കല്‍ തുടര്‍ വിദ്യാകേന്ദ്രത്തില്‍ പഠനത്തിനെത്തുന്നവര്‍ ഭൂരിഭാഗവും പരിസര പ്രദേശങ്ങളിലെ സ്ത്രീകളടക്കമുള്ളവരാണ്. ഹയര്‍ സെക്കണ്ടറി തുല്യതാ ക്ലാസുകള്‍ അത്താണിക്കല്‍ സി.ബി ഹയര്‍സെക്കണ്ടറി സ്കൂളിലാണ് നടക്കുന്നത്. മറ്റൊരു സ്ഥലത്തേക്ക് കേന്ദ്രം മാറ്റുകയാണെങ്കില്‍ പഠനം തുടരാനാകില്ലെന്ന വിഷമാവസ്ഥയിലാണ് പഠിതാക്കളില്‍ പലരും. തുടര്‍ സാക്ഷരതാ പരിപാടിക്ക് ഏറ്റവും കൂടുതല്‍ പഠിതാക്കളുടെ പങ്കാളിത്തമുളള ഈ തുടര്‍വിദ്യാഭ്യാസ പഠനകേന്ദ്രം ഇവിടെ നിന്നും മാറ്റരുതെന്നുമാണ് നാട്ടുകാരുടെ ആവശ്യം
പ്രതികരിക്കാൻ ഇവിടെ എഴുതുക: