പാലക്കാട്: നഗരസഭ നാല്പത്തിയെട്ടാം വാര്‍ഡ് മേപ്പറമ്പിലെ ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രചാരണത്തിനു സമാപനമായി.
നാളെ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഇന്ന് നിശ്ശബ്ദപ്രചാരണത്തിനുള്ള ദിവസമാണ്. ബിജെപിയുടെ പ്രചാരണം വൈകിട്ട് മൂന്നിനു കറുകോടിയില്‍ നിന്നാരംഭിച്ച് വിശ്വകര്മ്മനഗറില് സമാപിച്ചു. വലിയ ആരവങ്ങളൊന്നുമില്ലാതെയായിരുന്നു എല്‍ഡിഎഫും യുഡിഎഫും പ്രചാരണം അവസാനിപ്പിച്ചത്.
കറുകോടി, മേപ്പറമ്പ്, പേഴുങ്കര, കാളാമ്പുഴ, മിഷന്കോമ്പൗണ്ട്, വിശ്വകര്‍മ്മനഗറിലെ കുറച്ചു ഭാഗങ്ങളും ചേര്‍ന്നതാണു വാര്‍ഡ്. ബിജെപി അംഗമായ ഇ.പ്രിയയുടെ മരണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ്.
ബിജെപിയുടെ ശക്തികേന്ദ്രമായ ഇവിടെ ഉറച്ച ആത്മവിശ്വാസത്തിലാണ് പാര്‍ട്ടി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മുഴുനീള പ്രവര്‍ത്തകയായിരുന്ന രാഷ്ട്രീയ സേവിക സമിതി നേതാവ് വി.എ.ശാന്തിയെയാണ് സ്ഥാനാര്‍ഥിയായി ബിജെപി രംഗത്തിറക്കിയത്. ബിജെപി ഭരിക്കുന്ന സംസ്ഥാനത്തെ ആദ്യ നഗരസഭയില്‍ ഭൂരിപക്ഷം വര്‍ധിപ്പിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.
അതേസമയം സ്വന്തം പാര്‍ട്ടിക്കാരെ മത്സരിപ്പിക്കാന്‍ പോലും സിപിഎം ധൈര്യം കാണിച്ചിട്ടില്ല. ബിജെപിയില്‍ നിന്ന് പുറത്തായ മുന്‍ നഗരസഭാംഗമായ ഉഷാമുരളിയെയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാക്കിയത്. ഉഷാമുരളി എല്‍ഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് മത്സരിക്കുന്നത്. യുഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി പുതുമുഖമായ ഷാജിത ഉസൈര്‍ മത്സരിക്കുന്നു. 22നാണ് ഫലപ്രഖ്യാപനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: