കാസര്‍കോട്: മുട്ടത്തോടി സഹകരണ ബാങ്കില്‍ വ്യാജ സ്വര്‍ണ്ണാഭരണങ്ങള്‍ പണയപ്പെടുത്തി നാലുകോടിയില്‍പരം രൂപ തട്ടിയെടുത്ത സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്ത ആറു കേസുകളില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്. തട്ടിപ്പുമായി ബന്ധപ്പെട്ട് വിദ്യാനഗര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത മറ്റു കേസുകളും ഉടന്‍ ക്രൈംബ്രാഞ്ചിന് കൈമാറും.
കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് കാസര്‍കോട് ജില്ലയിലെ പ്രമുഖ സഹകരണ ബാങ്കുകളില്‍ ഒന്നായ മുട്ടത്തോടി സഹകരണ ബാങ്കില്‍ നടന്ന സ്വര്‍ണ്ണ പണയ തട്ടിപ്പ് പുറത്തായത്. ജൂണ്‍ ഒന്നിന് മജീദ് എന്ന ആള് ഒരേ ഇടപാടില്‍ സ്വര്‍ണ്ണം പണയപ്പെടുത്തി ഏഴുലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഇതില്‍ സംശയം തോന്നിയ ബാങ്കിന്റെ നായന്മാര്മൂല ശാഖയിലെ ജീവനക്കാര്‍ ഒരു ജ്വല്ലറിയില്‍ നടത്തിയ പരിശോധനയിലാണ് പണയപ്പെടുത്തിയത് വ്യാജ സ്വര്‍ണ്ണമാണെന്ന് തിരിച്ചറിഞ്ഞത്. വിദ്യാനഗര്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് കോടികളുടെ തട്ടിപ്പ് സംഭവം പുറത്തായത്. ലോക്കല്‍ പോാലീസ് നടത്തിയ അന്വേഷണത്തിലാണ് മുട്ടത്തോടി ബാങ്കിന്റെ നായന്മാര്മൂലയിലെ മെയിന്‍ ശാഖയിലും സിവില്‍ സ്റ്റേഷന് സായാഹ്ന ശാഖയിലും തട്ടിപ്പ് നടത്തി ആസൂത്രിതമായി നാലുകോടിയില്‍പരം രൂപ തട്ടിയെടുത്തതായി കണ്ടെത്തിയത്.
തട്ടിപ്പുമായി ബന്ധപ്പെട്ട് ഇരുശാഖകളിലെയും അപ്രൈസര്‍മാരായ നീലേശ്വരത്തെ പി വി രതീഷ്, പി വി സത്യപാല്‍, വിദ്യാനഗര്‍ ശാഖാ മാനേജര്‍ മാവുങ്കാല്‍, കോട്ടപ്പാറയില്‍ താമസക്കാരനും നീലേശ്വരം സ്വദേശിയുമായ പി ആര് സന്തോഷ്, ഇടപാടുകാരായ അബ്ദുള്‍ മജീദ്, ഹാരിസ്, കുണ്ടാര്‍ ഉയിത്തടുക്കയിലെ ഹാരിസ് സഖാഫി എന്ന യു കെ ഹാരിസ്, വ്യാജ സ്വര്‍ണ്ണത്തിന് ഹാള്‍മാര്‍ക്ക് രേഖപ്പെടുത്തി നല്കിയ നായന്മാര്മൂലയിലെ വന്ദന ജ്വല്ലറി ജീവനക്കാരന് ഭീമനടി, കൂവാരപാല് പറമ്പിലെ കെ ജയരാജന് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
മുട്ടത്തോടി ബാങ്കിലെ തട്ടിപ്പ് നടത്തിയവരുടെ നേതൃത്വത്തില്‍ ബാങ്ക് കൊള്ളയടിക്കാനും പദ്ധതി ഉണ്ടായിരുന്നതായും പോലീസ് അന്വോഷണത്തില്‍ കണ്ടെത്തിയിരുന്നു. പണയം വെച്ച വ്യാജ ആഭരണങ്ങള്‍ കൈക്കലാക്കി തട്ടിപ്പ് സംഭവം പുറത്ത് വരാതിരിക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. എന്നാല്‍ അതിന് മുമ്പ് തട്ടിപ്പ് പുറത്താവുകയായിരുന്നു. തട്ടിപ്പ് കേസ് അന്വേഷണത്തില്‍ ലോക്കല്‍ പോലീസ് പരിമിതികള്‍ ഉണ്ടെന്നും ക്രൈംബ്രാഞ്ച് അന്വേഷണമാണ് കേസിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരാന്‍ ഉചിതമെന്നും കാണിച്ച് ജില്ലാ പോലീസ് ഡി ജി പിക്കുമെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതോടെയാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ക്രൈംബ്രാഞ്ച് കാസര്‍കോട് യൂണിറ്റ് ഡിവൈ എസ് പി എല്‍ സുരേന്ദ്രന്, സി ഐമാരായ എ സതീഷ്കുമാര്‍, കെ.പ്രേംസദന് എന്നിവരാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണ ഉത്തരവ് സംസ്ഥാന ആഭ്യന്തര വകുപ്പില്‍ നിന്ന് കഴിഞ്ഞ ദിവസം കാസര്‍കോട്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: