അരീക്കോട്: എഴുത്തിനെ പിന്നോട്ടടിക്കുന്ന പ്രവണത ശക്തിയാര്‍ജ്ജിക്കുകയാണെന്ന് പ്രശസ്ത എഴുത്തുകാരന് യു.എ.ഖാദര്‍. വാസു അരീക്കോട് രചിച്ച ശ്രാവണ പൗര്‍ണമി എന്ന നോവലിന്റെ പ്രകാശന കര്‍മ്മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അനീതിക്കെതിരെ തന്റേടത്തോടെ പ്രതികരിക്കാനുള്ള ചങ്കൂറ്റം ഇന്ന് എഴുത്തുകാരന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. അഴിമതിക്കെതിരെ, തിന്മക്കെതിരെ പ്രതികരിച്ചാല്‍ താന്‍ സമൂഹത്തില്‍ ഒറ്റപ്പെടുമോയെന്ന് എഴുത്തുകാരന് ഭയക്കുന്നു. ഈ സാഹചര്യത്തില്‍ എഴുത്തുകാരന് എന്ത് എഴുതണമെന്ന് സമൂഹം തീരുമാനിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ വരും. തൂലിക പടവാളാക്കിയ പൂര്‍വ്വികരുടെ പാത പിന്തുടരാന് പുതിയ തലമുറ ശ്രമിക്കണം അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നോവലിസ്റ്റ് പി.ആര്.നാഥന് പുസ്തകം ഏറ്റുവാങ്ങി. യെസ് പ്രസ് ബുക്സാണ് പ്രസാധകര്. കൊഴക്കോട്ടൂര്‍ എയുപി സ്കൂളില്‍ നടന്ന ചടങ്ങില്‍ പ്രതിഭ കലാസാംസ്കാരിക വേദി പ്രസിഡന്റ് കെ.കെ.രമേഷ്ബാബു അദ്ധ്യക്ഷത വഹിച്ചു. രവി തോട്ടത്തില്‍ പുസ്തക പരിചയം നടത്തി. രാധാകൃഷ്ണന് ഉള്ളൂര്‍, സുരേഷ് കീഴില്ലം, സി.അബ്ദുറഹ്മാന്, നക്ഷത്രരാജ്യം രാധാകൃഷ്ണന്, എം.ടി.മുസ്തഫ, കെ.ഭാസ്ക്കരന്‍, എം.അബ്ദുനാസര്‍ എന്നിവര്‍ സംസാരിച്ചു. ജയന് തവനൂര്‍ സ്വാഗതവും നാരായണന് ചെമ്രക്കാടന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: