പട്ടാമ്പി: പറയിപെറ്റ പന്തിരുകുലത്തിന്റെ ഐതിഹ്യത്തില്‍ പ്രശസ്തനായ നാറാണത്തുഭ്രാന്തന്റെ സ്മരണയില്‍ രായിരനെല്ലൂര്‍ മലകയറ്റം ഇന്ന്. തുലാം ഒന്നിനാണ് ഭക്തര്‍ രായിരനെല്ലൂര്‍ മലകയറുന്നത്. പാലക്കാട്, മലപ്പുറം, തൃശൂര്‍ ജില്ലകളില്നിന്നാമായി ആയിരങ്ങള്‍ മലകയറാനെത്തും. പുലര്‍ച്ചെ തുടങ്ങുന്ന മലകയറ്റം ഉച്ചവരെ തുടരും. മലമുകളിലെ ക്ഷേത്രത്തില്‍ ആരംഭിച്ച ലക്ഷാര്‍ച്ചന ഇന്ന് സമാപിക്കും.
വേദപഠനത്തിന് തിരുവേഗപ്പുറയിലെത്തിയ നാറാണത്ത് ഭ്രാന്തന് ദേവി പ്രത്യക്ഷപ്പെട്ടതും ഈ മലയിലെന്ന് വിശ്വാസം. ഊഞ്ഞാലില്‍ ആടിയിരുന്ന ദേവിയെ കണ്ട ഭ്രാന്തന് ഓടിയടുത്തതോടെ ദേവി അപ്രത്യക്ഷമായെന്നും ദേവിയുടെ കാല്‍പ്പാടുകള്‍ പാറയില്‍ പതിഞ്ഞെന്നുമാണ് ഐതിഹ്യം. പാറയില്‍ പതിഞ്ഞ ദേവിയുടെ കാല്‍പ്പാടുകളിലാണ് മലമുകളിലെ ക്ഷേത്രത്തിലെ പൂജ. ഭ്രാന്തന് തപസ് ചെയ്തു എന്ന് വിശ്വസിക്കുന്ന രായിരനെല്ലൂര്‍ മലയോടു ചേര്‍ന്നുള്ള ഭ്രാന്താചല ക്ഷേത്രത്തിലും തുലാം ഒന്നിന് ഭക്തരെത്തും.
മലകയറ്റത്തോടനുബന്ധിച്ച് ഇന്ന് പുലര്‍ച്ചെ അഞ്ചു മുതല്‍ ഉച്ചകഴിഞ്ഞു രണ്ടു വരെ കൊപ്പം വളാഞ്ചേരി റോഡില്‍ ഗതാഗത നിയന്ത്രണം എര്‍പ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. വളാഞ്ചേരി ഭാഗത്തുനിന്നു പട്ടാമ്പിയിലേക്കുള്ള ഹെവി, മീഡിയം ഗുഡ്സ് വാഹനങ്ങള്‍ ചെമ്പ്ര വഴിയും പെരിന്തല്മണ്ണയ്ക്കുള്ള വാഹനങ്ങള്‍ നെടുങ്ങോട്ടൂര്‍ വഴിയും തിരിഞ്ഞു പോകണം. പട്ടാമ്പിയില്‍നിന്നു വളാഞ്ചേരി ഭാഗത്തേക്കുള്ള വാഹനങ്ങള്‍ മുതുതല– ചെമ്പ്ര വഴിയോ, വിളയൂര്‍ കൂരാച്ചിപ്പടി നെടുങ്ങോട്ടൂര്‍ വഴിയോ പോകണം. മലകയറ്റത്തിനു വരുന്ന വാഹനങ്ങള്‍ യാത്രക്കാരെ ഇറക്കി നടുവട്ടം ജനതാ ഹെസ്കൂള് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം. വാഹനങ്ങള്‍ റോഡരികില്‍ നിര്‍ത്തിയിടാന്‍ അനുവദിക്കില്ലെന്നും പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: