കല്‍പ്പറ്റ: ഇത്തവണ സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ അളവില്‍ കാലവര്‍ഷം ലഭിച്ച വയനാടിനെ വരള്‍ച്ച ബാധിത ജില്ലകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താത്ത സംസ്ഥാന ദുരന്ത നിവാരണ അഥോറിട്ടി തീരുമാനം പ്രതിഷേധാര്‍ഹമാണെന്ന് അഖിലേന്ത്യാ കിസാന്‍സഭ ജില്ലാ കമ്മിറ്റി. പത്തനംതിട്ട മുതല്‍ പാലക്കാട് വരെയുള്ള അഞ്ച് ജില്ലകളെയാണ് ആദ്യഘട്ടത്തില്‍ വരള്‍ച്ച ബാധിത ജില്ലകളുടെ പട്ടികയില്‍ ഉപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തിട്ടുള്ളത്. കാലാവസ്ഥാ വ്യതിയാനത്തിലൂടെ കാര്‍ഷിക മേഖലയായ വയനാട് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുന്നത് വലിയ ആകുലതയോടെയാണ് കര്‍ഷകര്‍ വീക്ഷിക്കുന്നത്. ഇതിന്റെ സൂചനയാണ് ഇത്തവണത്തെ കാലവര്‍ഷ കണക്കുകള്‍.സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ അളവില്‍ കാലവര്‍ഷം ലഭിച്ച ജില്ലയാണ് വയനാട്. മൊത്തം പെയ്യേണ്ട ശരാശരി മഴയില്‍ 59 ശതമാനത്തിന്റെ കുറവുണ്ടായെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ കണക്കുകള്‍. ഈ സാഹചര്യത്തില്‍ വരാനിരിക്കുന്ന കടുത്ത വേനലിനെ പ്രതിരോധിക്കാനുള്ള നടപടികള്‍ ഇപ്പോള്‍ തന്നെ ആരംഭിക്കേണ്ടതുണ്ടെന്ന് കിസാന്‍സഭ ജില്ലാ കമ്മിറ്റി ചൂണ്ടിക്കാട്ടി. കാര്‍ഷിക മേഖലയില്‍ ഉണ്ടാവാനിടയുള്ള കൃഷിനാശവും ഉല്പാദന മാന്ദ്യവും പരിഗണിച്ച് കര്‍ഷകരുടെ കടങ്ങളെല്ലാം മരവിപ്പിക്കുകയോ എഴുതിതള്ളുകയോ വേണം. പുതുതായി പലിശ രഹിതവായ്പ ലഭ്യമാക്കാന്‍ പാക്കേജ് തയ്യാറാക്കണം. കാലാവസ്ഥാ മാറ്റം മുന്‍കൂട്ടി കണ്ട് വിവിധ പ്രദേശങ്ങളില്‍ ജനങ്ങള്‍ തന്നെ മുന്നിട്ടിറങ്ങി തടയണകളും മറ്റും നിര്‍മിച്ച് ജല സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്. ഇത് ഏറെ ശ്ലാഘനീയമാണ്. ഈ നിലയില്‍ ചിന്തിക്കുന്ന കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും പൂര്‍ണ പിന്തുണയും സഹായവും ലഭ്യമാക്കേണ്ടത് സര്‍ക്കാറിന്റെ കൂടി ഉത്തരവാദിത്വമാണ്,. പഞ്ചായത്തുകള്‍ പതിവ് ശൈലിയില്‍ നിന്ന് മാറി ഇപ്പോള്‍ തന്നെ ജലസംരക്ഷണ പ്രവൃത്തികള്‍ ആരംഭിക്കണം. ഇതിനുള്ള ഫണ്ട് പ്ലാന്‍ പദ്ധതിയില്‍ പല പഞ്ചായത്തുകളും നീക്കിവെച്ചിട്ടില്ല. അതിനാല്‍ ത്രിതല പഞ്ചായത്തുകള്‍ക്ക് ഇപ്പോള്‍ തന്നെ സര്‍ക്കാര്‍ പ്രത്യേക ഫണ്ട് അനുവദിച്ച് ജല സംരക്ഷണ പ്രവൃത്തികള്‍ ഉറപ്പാക്കണം.
ഒക്ടോബര്‍ മാസത്തില്‍ പകല്‍ ചൂട് കൂടുന്നതും രാത്രിയില്‍ തണുപ്പ് ഏറുന്നതും കാലാവസ്ഥാ മാറ്റത്തിന്റെ വലിയ സൂചനയാണ്. ഇതിനകം തന്നെ വെള്ളമില്ലാതെ ജില്ലയില്‍ പലയിടത്തും നെല്‍കൃഷി ഉണങ്ങിതുടങ്ങി. അതിനാല്‍ കൃഷിയിടങ്ങളില്‍ ജലം എത്തിക്കാന്‍ കൃഷിവകുപ്പും ചെറുകിട ജലസേചന വകുപ്പും സംയോജിച്ചുള്ള പ്രവര്‍ത്തനത്തിന് പ്രവര്‍ത്തനമാണ് ഉണ്ടാവേണ്ടത്. ഇതിനായി സര്‍ക്കാര്‍ മുന്‍കൈയെടുത്ത് കൃഷി-ജലസേചന വകുപ്പ് ഉദ്യോഗസ്ഥരുദടെയും കര്‍ഷക സംഘടനാ പ്രതിനിധികളുടെയും യോഗം വിളിക്കണമെന്നും കിസാന്‍സഭ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലയിലെ ഏറ്റവും വലിയ ജലസ്രോതസ് കബനി നദിതന്നെയാണ്. കബനിയുടെയും പോഷക നദികളുടെയും ജലം സംഭരിച്ച് ഉപയോഗപ്പെടുത്താന്‍ പ്രാപ്തിയുള്ള നിര്‍മിതികള്‍ ഈ ജില്ലയില്‍ തുലോം കുറവാണ്. 157 ലിഫ്ട് ഇറിഗേഷന്‍ പദ്ധതികള്‍,332 ചെറിയ ചെക്ക്ഡാമുകള്‍, 3167ചിറകളും കുളങ്ങളും 61,671 കിണറുകള്‍,4580കുഴല്‍ കുണറുകള്‍ എന്നിവയാണ് ജില്ലയിലെ ജല സംഭരണികള്‍. വയനാടിന്റെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകള്‍ കൂടി പരിഗണിച്ച് പ്രകൃതിക്ക് ദോഷം വരാത്ത രീതിയില്‍ ഡാമുകള്‍ നിര്‍മിച്ച് ജലം സംരക്ഷിക്കണം. വനത്തിലെയും തോട്ടങ്ങളിലെയും ഉയര്‍ന്ന പ്രദേശങ്ങളിലെ ഉറവകള്‍ സംരക്ഷിച്ച് ജലം തടഞ്ഞുനിര്‍ത്തുതിനായി സംഭരണികള്‍ ഉണ്ടാവണം. ഇടത്തറം കുന്നുകള്‍ക്ക് കുറുകെ മണ്‍ചിറകള്‍ നിര്‍മിച്ച് ജലം സംരക്ഷിക്കണം. പുതിയ തലച്ചിറകള്‍ നിര്‍മിക്കുകയും നിലവിലെ ചിറകളും ജലാശങ്ങളും സംരക്ഷിക്കുകയും ചെയ്യണമെന്നും കിസാന്‍സഭ ആവശ്യപ്പെട്ടു. പ്രസിഡന്റ് അഡ്വ. കെ. ഗീവര്‍ഗീസ് അധ്യക്ഷനായിരുന്നു. സെക്രട്ടറി പി.എസ്. വിശ്വംഭരന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: