തിരുനെല്ലി : കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ തോല്‍പ്പെട്ടി ചെക്ക്പോസ്റ്റ് ഉപരോധിച്ചു. വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണുക, അര്‍ഹമായ നഷ്ട പരിഹാരം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഉപരോധം. ഇതോടെ തിരുനെല്ലിയില്‍ വന്യമൃഗ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവര്‍ 79 പേര് ആയി. ഏറ്റവുമൊടുവില്‍ ഈ മാസം 17ന് വനം വകുപ്പ് വാച്ചര്‍ ബാബുവും കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
ഇന്നലെ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട തോമസിന്റെ കുടുംബത്തിന് വനം വകുപ്പില്‍നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും ധനസഹായവും തോമസിന്റെ ഭാര്യ സതിക്ക് ജോലി നല്‍കാമെന്നും അധികൃതര്‍ സമ്മതിച്ചതിന്റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചത്.
തോല്‍പ്പെട്ടിയിലെ ടാക്സി ജീപ്പ് ഡ്രൈവര്‍ അരണപ്പാറ വാകേരി ആന്റണി-ലീല ദമ്പതികളുടെ മകന് ഷിമി എന്ന കോട്ടക്കല്‍ തോമസ്(28) ആണ് കാട്ടാനയുടെ ആക്രമണത്തില്‍ ഇന്നലെ കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെയാണ് അരണപ്പാറ റോഡരികില്‍ വനത്തോട് ചേര്‍ന്നാണ് തോമസിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയോടെ വീട്ടിലേക്ക് പോകും വഴിയായിരുന്നു കാട്ടാനയുടെ ആക്രമണമുണ്ടായത്. തോമസിനെ കാണാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കാണ്ടെത്തിയത്. തുടര്‍ന്ന് ബേഗൂര്‍ ഡപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ സുധാകരന്, അസി. വൈല്‍ഡ് ലൈഫ് വാര്ഡന് എ.കെ. ഗോപാലന്, തിരുനെല്ലി എസ്.ഐ. മനോഹരന് തുടങ്ങിയവര്‍ സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: