ഒരുനോക്കു കാണുവാന്‍ തിരുവുടല്‍ കാണുവാന്‍
പരശതം ഭക്തര്‍ അണിനിരന്നു
നിര്‍മ്മാല്യദര്‍ശനം ലഭിയാതെ ഞാന്‍ മാത്രം
ജ്വരബാധിതനായ് ഇരുന്നുപോയി
അവിടുത്തെ ലീലയോ കര്ത്തവ്യദോഷമോ
എവിടെയാണെന്നുടെ ഭാഗ്യദോഷം
അവിടുത്തെ തിരുവുടല്‍ വാകച്ചാര്ത്തണിയുമ്പോള്
ഇവിടെയെന് മനതാരില്‍ കാണാകേണം
ഹൃദയത്തില്‍ വേദന ഉദയം കൊള്ളുന്നു
മൃദുമന്ദഹാസത്താല്‍ കനിയൂ കണ്ണാ
മദിച്ചൊരെന് മനസ്സിന്റെ ഭാവങ്ങളൊക്കെ നിന്
പാദാരവിന്ദത്തിലണയുന്നു കണ്ണാ
തിരുനാമമുരുവിട്ടു തിരുരൂപം കണ്ടു ഞാന്‍
ഇരുകരവും ചേര്‍ത്തു തൊഴുതുനിന്നൂ
ഒരിക്കലുമെന്മനം വഴിമാറിപ്പോകാതെ
വരം തരൂ കണ്ണാ ഗുരുവായൂരപ്പാ
ആരുമറിയാതെന്‍ തെറ്റുകളേറ്റു ഞാന്‍
ആരിലും കുടികൊള്ളും പരംപൊരുളേ
ആരൂപം കണ്ടു ഞാനാരാരുമറിയാതെ
അതുഞാന്‍ കുറിച്ചൊരീ അക്ഷരത്തില്‍
ആവതില്ലാര്‍ക്കും നിന് മഹിമകള്‍ വാഴ്ത്തുവാന്‍
ആയിരം ജന്മം കഴിഞ്ഞെന്നാലും
ആനന്ദസാഗരം തീര്‍ക്കണേ നീ എന്‍
അന്ത്യാഭിലാഷമാം മോക്ഷമാര്‍ഗ്ഗം
പ്രതികരിക്കാൻ ഇവിടെ എഴുതുക: