എല്ലാം തോന്നലാണ്.അല്ലെങ്കില്‍ തോന്നിപ്പിക്കുന്നതാണ്. അത് ആരാണ് എന്ന് നിശ്ചയമില്ല. അല്ലെങ്കില്‍ എന്താണീ തോന്നല്‍? കൊച്ചുകുട്ടികള്‍ ആഹാരം കിട്ടാതെ അയ്യംവിളിക്കുമ്പോള്‍ (കോഴിക്കോട് ജില്ലയിലെ ആവള ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നിലവിളിക്കുന്നതിനെ ഇങ്ങനെയും പറയാറുണ്ട്.) അതാ പല്ലില്‍ രോമമുള്ള പ്രേതം വരുന്നു എന്ന് പറഞ്ഞ് പേടിപ്പിക്കാറുണ്ട്. പ്രേതം ഉണ്ടോ, ഉണ്ടെങ്കില്‍ ആകാരം എങ്ങനെ, സ്വഭാവം എങ്ങനെ ഇത്യാദി കാര്യങ്ങളെക്കുറിച്ച് ഒരു രൂപവും ഇന്നുവരെ ഉണ്ടായിട്ടില്ല. ഓരോരുത്തര് ഓരോന്ന് പറയുന്നു. ഓരോരുത്തര്‍ക്കും ഓരോരോ തോന്നലാണ്. ആ തോന്നല്‍ ശരിയാവാം, തെറ്റാവാം. എന്തായാലും ഒരു കാര്യം ഉറപ്പ്. തോന്നല്‍ ഉണ്ട്. സൈക്കിള്‍ ബ്രാന്റ് ചന്ദനത്തിരിയുടെ പരസ്യം ഇത്തരുണത്തില്‍ ഒന്ന് ഓര്‍ക്കുന്നത് നന്നാവും. അതേപോലെ നമുക്കും ധൈര്യമായി പറയാം, തോന്നല്‍ ഉണ്ട്.
ആ തോന്നല്‍ ഏതൊക്കെ തരത്തിലാവും നമ്മുടെ മുമ്പില്‍ അവതീര്‍ണമാവുക എന്നു പറയാനാവില്ല. നായായും നരിയായും നരനായും വരാം. നാട്ടുക്കൂട്ടത്തിനു മുമ്പില്‍ അതൊക്കെ തെളിയിക്കാന്‍ ചിലപ്പോള്‍ പറ്റിയെന്ന് വരില്ല. അപ്പോഴും ചോദിക്കാം, തെളിവെവിടെ? അങ്ങനെ ചോദിക്കുമ്പോള്‍ സ്വയമ്പനായി രക്ഷപ്പെടാനുള്ള ചൊട്ടുവിദ്യയാണ് അങ്ങനെ തോന്നിയതാണ് എന്നത്. പിണറായിയിലെ പാറപ്പുറത്ത് ഒരു തോന്നലായി തെന്നിവീണ കമ്യൂണിസത്തിന് ചുണ്ടും ചിറകും വാലും വന്നപ്പോഴേക്കും നാട്ടില്‍ എന്തെന്തൊക്കെയാണ് സംഭവിച്ചതെന്ന് നമുക്കറിവുള്ളതല്ലേ. പാലോറ മാതയ്ക്കും തോന്നലായാണ് കമ്യൂണിസം മനസ്സിനുള്ളിലേക്ക് വന്നത്. ആകെയുണ്ടായിരുന്ന ആടിനെ അങ്ങാടിയില്‍ വില്ക്കാന് ഏല്‍പ്പിച്ച് ആകാശം നോക്കി മുഷ്ടി ചുരുട്ടി ഇങ്ക്വിലാബ് വിളിച്ചപ്പോഴും മേപ്പടി തോന്നല്‍ മിന്നായം പോലെ അവിടെയൊക്കെ തത്തിക്കളിച്ചിരുന്നു. അതിന്റെ ചരിത്രവഴികളിലേക്ക് ചൂട്ടുകറ്റയുമായി യാത്രയാകാന്‍ ഒരു സംഘം തയാറായിക്കഴിഞ്ഞു. എകെജി സെന്ററില്‍ നിന്നു തുടങ്ങുന്ന യാത്രയ്ക്ക് മുമ്പില്‍ വര്‍ധിതവേഗത്തോടെ നമ്മുടെ വേലിക്കകത്തെ തമ്പ്രാനുണ്ടാവുമെന്നാണ് കേള്‍ക്കുന്നത്. ഇനി അതും തോന്നലില്‍ തീരുമോ ആവോ.
ഏതായാലും ചാനല്‍ പിള്ളാര് ആളുകളെ വാടകക്കെടുത്ത് കരിങ്കൊടി കാണിക്കുമെന്ന് നാം ഇതുവരെ കരുതിയിരുന്നില്ല. ആദ്യമായി അതും സംഭവിച്ചിരിക്കുന്നു. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കണമെന്ന് തീരുമാനിച്ചതോടെ ചാനലുകളെ വിളിച്ച് വിവരം പറഞ്ഞു. അതാണല്ലോ വേണ്ടത്. ചാനലുകാരും പത്രക്കാരും വിചാരിച്ചാലല്ലേ നാട്ടിലുള്ളവര്‍ കാര്യം അറിയൂ. ഏതു സമരത്തിന്റെ പിന്നിലും ഇമ്മാതിരി ചില കരാറുകളും കൈസഹായങ്ങളും ഉണ്ടാകാറുണ്ടെന്ന് പറഞ്ഞത് ഒരു പത്രഫോട്ടോഗ്രാഫറാണ്. സമരത്തിന് പുറപ്പെടും മുമ്പ് കരാര്‍ ഉറപ്പിച്ചിരിക്കും. ജലപീരങ്കി എപ്പോള്‍ പ്രവര്‍ത്തിക്കണം, എങ്ങനെ വെള്ളം ചീറ്റിക്കണം, ബലപ്രയോഗം ഏതു രീതിയില്‍ വേണം എന്നൊക്കെ. ഗാന്ധിയന്‍ രീതിയില്‍ നിന്ന് ന്യൂജന്‍ രീതിയിലേക്ക് സ്ഥിതിഗതികള്‍ മാറിമറിയുമ്പോള്‍ തോന്നലുകള്‍ക്കുമുണ്ട് ചില മാറ്റങ്ങള്‍.
യുവജനസംഘടനയുടെ കരിങ്കൊടി കാണിക്കല്‍ വാടകക്കെടുത്ത ആളുകളുടെ പ്രകടനമായി തോന്നിയെങ്കില്‍ മേപ്പടി പരിപാടി നടത്തി നല്ല പരിചയം ഉണ്ടായിരിക്കണമല്ലോ. അതു കൊണ്ടാണല്ലോ കണ്ട ഉടനെ വാടകക്കാരുടെ ശരീരഭാഷ മനസ്സിലായത്. ഏതായാലും ഇത്തരം പല തോന്നലുകളും ഇനിയുള്ള കാലം നമ്മുടെ മുമ്പിലേക്ക് അടിവെച്ചടിവെച്ച് വന്നുകൊണ്ടിരിക്കും. ഒരുതരത്തില്‍ നോക്കിയാല്‍ ഈ ജീവിതം തന്നെ വലിയൊരു തോന്നലല്ലേ?
പക്ഷേ, ഇത്തരം തോന്നലുകള്‍ എന്തൊക്കെ വയ്യാവേലികളാണ് ഒപ്പിക്കുക എന്നതിനെക്കുറിച്ച് അത്യാവശ്യം ബോധവാനായാല്‍ പിന്നീടുള്ള പ്രശ്നങ്ങളില്‍ നിന്ന് തടിയൂരാം. വാടകക്കെടുത്ത കരിങ്കൊടി അടുത്തെത്തുമ്പോള്‍ കരിമൂര്‍ഖനാവുന്നതിനെക്കുറിച്ചാണ് നമ്മുടെ ഗോപീകൃഷ്ണന് പറയാനുള്ളത്. അത് പറയുകയല്ല, നേരെ ചൊവ്വെ നാലു വരകള്‍ കൊണ്ട് നമ്മെ ആനന്ദിപ്പിക്കുകയാണ്, ചിന്തിപ്പിക്കുകയാണ്.
അടുത്തിടെ നമുക്ക് ഞെട്ടലായ ഒരു സംഭവഗതിയിലേക്കുള്ള പരകായ പ്രവേശമാണ് ആ വരകള്‍. കണ്ടുനോക്കൂ. നേരത്തെ വാടകക്കാരുടെ കരിങ്കൊടി കണ്ട മുഖ്യന്റെ മുഖഭാവവും പിന്നീട് അതേ കൊടിയുമായി മാര്‍ച്ചു ചെയ്യുന്ന സംഘത്തെ കണ്ടപ്പോഴുള്ള ഭാവവും തമ്മിലുള്ള സാജാത്യ വൈജാത്യങ്ങള്‍ അടയാളപ്പെടുത്തി വെച്ചേക്കുക. ഭാവിയില്‍ ഉപകാരപ്പെട്ടേക്കാം. ഇനി അതൊക്കെ ഈയുള്ളവന്റെ വെറും തോന്നലാവുമോ? വൈരുദ്ധ്യാത്മക ഭൗതികവാദത്തിലെ തോന്നലുകളെക്കുറിച്ച് അടുത്ത പ്ലീനം ചര്‍ച്ച ചെയ്ത് നേരര്‍ത്ഥം കിട്ടിയാല്‍ എല്ലാം ശരിയാകുമെന്ന് പ്രതീക്ഷിക്കാം. അതു വരേക്കും നന്ദി, നമസ്കാരം.
കോഴിക്കോട്ടു നടന്ന ബിജെപി ദേശീയ കൗണ്‍സില്‍ സമ്മേളനത്തെക്കുറിച്ച് കലാകൗമുദി (ഒക്ടോ.09)യില്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയുടെ ലേഖനം. തലക്കെട്ട് ഇങ്ങനെ: നട്ടെല്ലു നിവര്‍ത്തി ക്ഷേമരാഷ്ട്രത്തിലേക്ക്. രാജ്യത്തിന്റെ നട്ടെല്ല് കണ്ടെത്തുകയും അത് ഓരോ സാധാരണക്കാരനേയും അനുഭവിപ്പിച്ചുകൊടുക്കുകയും ചെയ്യുന്ന പ്രസ്ഥാനത്തെക്കുറിച്ച് പറയുമ്പോള്‍ ഇങ്ങനെയല്ലാതെ മറ്റെങ്ങനെ പറയാന്‍. കമ്യൂണിസത്തിനും ക്യാപ്പിറ്റലിസത്തിനും ബദലായി ഒരു ഭാരതീയ മൂന്നാം വഴി മുന്നോട്ടു വെയ്ക്കുമ്പോള്‍ അതില്‍ ഗാന്ധിജിയും ദീനദയാല്‍ജിയും ഡോ. റാം മനോഹര്‍ ലോഹ്യയും നല്കിയ കാഴ്ചപ്പാടുകള്‍ നെഞ്ചിലേറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസ്താവിച്ചിട്ടുണ്ടെന്ന് ശ്രീധരന് പിള്ള ചൂണ്ടിക്കാട്ടുന്നു. ഏകാത്മ മാനവ വാദത്തിന്റെ സത്തയിലേക്കു നോക്കി ശക്തി സംഭരിക്കാനുള്ള കാഴ്ചപ്പാടുമായാണ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ യാത്രയായത്. സമ്മേളനത്തിന്റെ മൊത്തം വികാരം പ്രകടമാക്കുന്ന ലേഖനത്തില്‍ കേരളത്തിലെ പാര്‍ട്ടിക്ക് കൈവന്ന കരുത്ത് അദ്ദേഹം എടുത്തുപറയുന്നുണ്ട്.
ജനവികാരമനുസരിച്ച് കോടതികള്‍ നിയമവും നീതിയും വ്യാഖ്യാനിക്കണമെന്നു വന്നാല്‍ സ്ഥിതിയെന്താവും. അങ്ങനെയെങ്കില്‍ കോടതികള്‍ തന്നെ അപ്രസക്തമാവില്ലേ? പോലീസ് കണ്ടെത്തുന്നതിനനുസരിച്ച് ശിക്ഷ പ്രഖ്യാപിച്ചാല്‍ മതിയാവില്ലേ? സൗമ്യ വധക്കേസിലെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശ്രീധരന് പിള്ളയുടെ ശ്രദ്ധേയമായ ലേഖനം സുപ്രഭാതത്തില്‍ (ഒക്ടോ. 03). കാണാം. നീതിയുടെ മാനദണ്ഡം വികാരമായിക്കൂടാ എന്നാണ് തലക്കെട്ട്. വികാരത്തിന്റെ മുകളില്‍ വിവേകത്തെ പ്രതിഷ്ഠിക്കുന്ന തനതു ബുദ്ധിജീവി-പണ്ഡിത പ്രഭൃതികളില്‍ നിന്ന് ശ്രീധരന്‍പിള്ള വേറിട്ടു നില്‍ക്കുന്നത് തെളിമയുടെ വഴിയിലൂടെ അദ്ദേഹം യാത്ര ചെയ്യുന്നതിനാലാണ്, നിയമത്തിന്റെ രീതികളില്‍ വ്യതിയാനങ്ങള്‍ വരുമ്പോള്‍ അത് ചൂണ്ടിക്കാണിക്കാന്‍ കഴിയുന്നതിനാലാണ്. സാധാരണക്കാരുടെ മനസ്സില്‍ വികാരത്തിന്റെ കനല്‍ക്കട്ടകള്‍ ചിതറിയിടാനല്ല അദ്ദേഹം ശ്രമിക്കുന്നത്.
വിവേകത്തിന്റെ പക്വതയാര്‍ജിച്ച വഴി കണ്ടെത്താനാണ്. അതുകൊണ്ടുതന്നെ സൗമ്യ വധക്കേസില്‍ സുപ്രീം കോടതി കൈക്കൊണ്ട ആര്‍ജവത്തിലേക്ക് അദ്ദേഹം ജനശ്രദ്ധ ക്ഷണിക്കുന്നു. കോടതിയില്‍ തെളിവുകള്‍ കണക്കിലെടുത്താണ് കുറ്റം പ്രതിക്കെതിരെ നിശ്ചയിക്കേണ്ടതായിട്ടുള്ളത്. ജനഹിതവും കേസിന്റെ സദാചാരാധിഷ്ഠിതമായ അംശങ്ങളും കണക്കിലെടുത്ത് കുറ്റത്തിന്റെ തലങ്ങള്‍ നിശ്ചയിക്കുന്ന രീതിയല്ല നാം സ്വീകരിച്ചിട്ടുള്ളത്. കോടതി മുറിയില്‍ സെഷന്‍സ് കോടതിയിലെ ന്യായാധിപന്റെ കണ്മുന്പില് വെച്ച് ഒരാളെ കൊന്നാല്‍ പോലും ആ ന്യായാധിപന് തന്നില്‍ നിക്ഷിപ്തമായ അധികാരമുപയോഗിച്ചു കുറ്റവാളിയെ ശിക്ഷിക്കാനാവില്ല എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തെളിമയെ എങ്ങനെ നിങ്ങള്‍ക്ക് അട്ടിമറിക്കാനാവും? പിന്നെ, അട്ടിമറിക്കുന്നവര്‍ക്ക് എന്ത് തെളിമ അല്ലേ ?
രണ്ട് സന്തോഷങ്ങള്‍ കൂടി പങ്കുവെച്ച് നമുക്കങ്ങ് നിര്‍ത്താം. പ്രിയപ്പെട്ട കുമാരേട്ടന് (യു.കെ. കുമാരന്) വയലാര്‍ അവാര്‍ഡ് ലഭിച്ചതാണ് ഒന്ന്. തക്ഷന്‍കുന്ന് സ്വരൂപം എന്ന നാട്ടുമഹിമയുടെ നോവലിനാണ് പുരസ്കാരം. കേരളീയ പരിസരത്തുനിന്നുകൊണ്ട് എഴുതപ്പെട്ട നോവലിന് വയലാര്‍ പുരസ്കാരം ലഭിക്കുമ്പോള്‍ അതിന്റെ ആഹ്ലാദം എത്രയെത്ര. കാലികവട്ടത്തിന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍.
തൃപ്രാദയാറിനും (കനോലികനാല്‍) ശ്രീരാമന് ചിറയ്ക്കുമിടയിലുള്ള പ്രദേശമായ ചെമ്മാപ്പിള്ളിയില്‍ കന്നി മാസത്തിലെ തിരുവോണം നാളില്‍ നടക്കുന്ന ചിറകെട്ട് മഹോത്സവമാണ് മറ്റൊന്ന്. ആനേശ്വരത്തപ്പന്റെ കൃപാകടാക്ഷങ്ങള്‍ക്ക് പാത്രീഭൂതനായ കരിംകയുടെ നാട് എന്ന് പറയുന്നതാവും ഒന്നുകൂടി നന്ന്. ഒക്ടോബര്‍ 11 നായിരുന്നു ചടങ്ങ്. ലങ്കയിലേക്ക് ശ്രീരാമനും വാനരസേനയും ചേര്‍ന്ന് സമുദ്രത്തില്‍ നിര്‍മ്മിച്ച സേതുബന്ധനത്തെ ഓര്‍മിപ്പിക്കുന്ന ചടങ്ങാണ് സമൂഹ ഉത്സവമായി മാറുന്ന ചിറകെട്ട്. ശബരി സല്‍ക്കാരം എന്നൊരു പുതുമയുളള പരിപാടി കൂടിയുണ്ട്. വരുന്നവര്‍ക്കൊക്കെ കഞ്ഞിയും പുഴുക്കും കൈമാറുന്ന ചടങ്ങാണിത്. ഓരോരുത്തരും ഭക്ഷണം കൈമാറി കൈമാറി നല്‍കുക. സമൂഹത്തിനുള്ള മഹത്തായ സന്ദേശമാണ് അതില്‍ തുടിച്ചു നില്‍ക്കുന്നത്. സ്തോഭജനകവും അസ്വാസ്ഥ്യ കരവുമായ അന്തരീക്ഷത്തില്‍ ഇങ്ങനെ ശാന്തിയും സമാധാനവുമുണ്ടാക്കുന്ന ഉത്സവങ്ങളെ നെഞ്ചേറ്റുക, മാനവികത പൂത്തു തളിര്‍ക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: