കേരളത്തിലെ സാംസ്കാരിക ചിന്തകരുടേയും മേധാശാലികളുടേയും ദേശീയവാദികളുടേയും അക്കാദമിക വിദഗ്ധരുടേയും സര്‍വോപരി ഹിന്ദുത്വത്തില്‍ അഭിമാനിക്കുന്നവരുടേയും സംഘപരിവാര്‍ പ്രവര്‍ത്തകരുടെയും ആചാര്യസ്ഥാനം വഹിക്കാന്‍ പ്രാപ്തനായ പരമേശ്വര്‍ജി എന്ന പി. പരമേശ്വരന് ഈ മാസം 11 ന് തൊണ്ണൂറ് വയസ്സ് . കന്നിമാസത്തിലെ തിരുവോണം നക്ഷത്രം ഇക്കൊല്ലം വിജയദശമി കൂടിയാണ്. വിജയദശമിയിലാണല്ലോ രാഷ്ട്രീയസ്വയംസേവകസംഘത്തിന്റെയും പിറവിദിനം. ജീവിതസായാഹ്നത്തില്‍ എത്തിനില്‍ക്കുന്ന പരമേശ്വര്‍ജി നമുക്കു തന്നത് എന്തൊക്കെയാണെന്ന് നോക്കുമ്പോള്‍ അളവറ്റതാണെന്നു കാണാം.
1926 ല്‍ ചേര്‍ത്തല താലൂക്കിലെ ചാരമംഗലത്ത് താമരശ്ശേരി ഇല്ലത്ത് പരമേശ്വരന് ഇളയതിന്റെ മകനായി ജനിച്ച അദ്ദേഹം ഇളയമകനാണ്. പണ്ഡിതനും കവിയുമൊക്കെയായിരുന്ന അച്ഛന്, അക്കാലത്തെ, അതായത്, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിലെ സാഹിത്യ സൗഹൃദവൃത്തങ്ങളിലെ അംഗമായിരുന്നുവെന്നു കേട്ടിട്ടുണ്ട്. മക്കളെല്ലാം ആ പാരമ്പര്യത്തിന്റെ അവകാശികളാവണമെന്നാഗ്രഹിച്ച അദ്ദേഹം മൂത്തമകനെ ആയുര്‍വേദവും, മധ്യമനെ സംസ്കൃതവും, ഇളയ പരമേശ്വരനെ ഇംഗ്ലീഷും പഠിപ്പിക്കാനാണ് തുനിഞ്ഞത്. ചേര്‍ത്തല ഇംഗ്ലീഷ് ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ കേരള സാഹിത്യപരിഷത്ത് നടത്തിയ ദ്രുതകവിതാ മത്സരത്തില്‍ ഒന്നാംസ്ഥാനം നേടി. രണ്ടാംസ്ഥാനം സഹപാഠിയായിരുന്ന വയലാര്‍ രാമവര്‍മ്മക്കാണ് കിട്ടിയത്.
പ്രശസ്തമായ നിലയില്‍ സ്കൂള്‍ പഠനം കഴിഞ്ഞ് ചങ്ങനാശ്ശേരി എസ്ബി കോളേജില്‍ ചേര്‍ന്നപ്പോള്‍ അദ്ദേഹത്തിന് ഏതു ഗ്രൂപ്പും കിട്ടുമായിരുന്നു. എന്നാല്‍ മൂന്നാം ഗ്രൂപ്പ് തിരഞ്ഞെടുത്ത് അധികൃതരെ വിസ്മയിപ്പിച്ചു. മലയാളം പ്രൊഫസറായിരുന്ന ഉലഹന്നാന് മാപ്പിളയുടെ ഇഷ്ടവിദ്യാര്ത്ഥിയായിത്തീരാന് പരമേശ്വരന് അധികം താമസമുണ്ടായില്ല. കോളജ് സാഹിത്യസമാജത്തില് അദ്ദേഹം സജീവസാന്നിധ്യമായിരുന്നു. പെരുന്നയില്‍ എന്‍എസ്എസ് നടത്തിവന്ന ഹിന്ദു ഹോസ്റ്റലില്‍ താമസിച്ചപ്പോള്‍ അവിടെ വാര്‍ഡര്‍ കൂടി ആയിരുന്ന എം.പി.മന്മഥനില്നിന്നാണ് ദ്വിരാഷ്ട്ര സിദ്ധാന്തം നടപ്പിലാക്കുന്ന മുസ്ലിംലീഗിന്റെ ആക്രമണങ്ങളില്‍നിന്ന് പഞ്ചാബിലെയും, അതിര്‍ത്തി സംസ്ഥാനത്തെയും സിന്ധിലെയും ഹിന്ദുക്കള്‍ക്ക് സംരക്ഷണം നല്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തെപ്പറ്റി ആദ്യം കേട്ടതെന്ന് പരമേശ്വര്‍ജി ഒരിക്കല്‍ പറഞ്ഞു.
ഇന്റര്‍മീഡിയറ്റ് കഴിഞ്ഞ് തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി കോളേജില്‍ ചരിത്രം ഐച്ഛികമായി ബിഎ ഓണേഴ്സ്, കോഴ്സിലാണ് ചേര്‍ന്നത്. ചേര്‍ത്തലയില്‍ ഉറ്റ സഹപാഠിയായിരുന്ന ആലുവാക്കാരന് സദാനന്ദന്പിള്ളയും അവിടെയെത്തി. പിന്നീട് എല്ലാവര്ക്കും കൊച്ചണ്ണനായിത്തീര്ന്ന അദ്ദേഹമാണ് പരമേശ്വരനെ സംഘശാഖയില്‍ കൊണ്ടുവന്നതത്രേ. മത്സ്യം വെള്ളത്തിലെന്നപോലെയായി പിന്നെ സംഘത്തിലെ ജീവിതം. സംഘത്തിന്റേയും രാജ്യത്തിന്റേയും ഏറ്റവും സംഘര്‍ഷ നിര്‍ഭരമായ 46, 47,48 കാലത്ത് അദ്ദേഹം തിരുവനന്തപുരത്തെ പ്രവര്‍ത്തനങ്ങളുടെ മുന്നിലുണ്ടായിരുന്നു.
അന്നത്തെ പുത്തന്‍ചന്ത സംഘസ്ഥാന് തന്നെയാണ് ഗൃഹാതുരത്വത്തോടെ അദ്ദേഹം തന്റെ പഠനഗവേഷണ, ചിന്തന രംഗത്തിന്റെ മര്മ്മകേന്ദ്രമായ ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആസ്ഥാനമന്ദിരത്തിന് കണ്ടെത്തിയതെന്ന് ഓര്‍ക്കാവുന്നതാണ്.
കേരളത്തില്‍ കപട മതേതര, ഭൗതിക, കമ്യൂണിസ്റ്റ് ആശയങ്ങള്‍ക്കെതിരായി ഭാരതീയ ചിന്തയുടെ സംഘത്തിന് മുന്‍നിരപ്പോരാളിയായി നിന്നത് പരമേശ്വര്‍ജി ആണല്ലൊ. 1947 ല്‍ തിരുവനന്തപുരത്ത് ശ്രീ ഗുരുജിയുടെ സന്ദര്‍ശനവേളയിലെ സാംഘിക്കിന്റെ മുഖ്യശിക്ഷക് പരമേശ്വര്‍ജി ആയിരുന്നു. കമ്യൂണിസ്റ്റുകള്‍ സംഘത്തിനെതിരെ നടത്തിയ ആദ്യ ഉന്മൂലന ശ്രമം അവിടെയാണരങ്ങേറിയത്. അതിലവര്‍ ദയനീയമായി പരാജയപ്പെട്ടു. ആശ്രമങ്ങള്‍ ഇന്നും തുടര്‍ന്നുവരികയാണ്. അതില്‍ നൂറുകണക്കിന് പേര് ആഹുതി ചെയ്യപ്പെട്ടുവെങ്കിലും സംഘര്‍ഷം തുടരുകയാണ്. കമ്യൂണിസ്റ്റുകള്‍ക്ക് ഉത്തരം കിട്ടാത്ത പ്രഹേളികയായി ഇന്നും സംഘം മുന്നേറുന്നു.
വിദ്യാഭ്യാസാനന്തരം പരമേശ്വര്‍ജി പ്രചാരകനായി കൊല്ലത്തും ചങ്ങനാശ്ശേരിയിലും പ്രവര്‍ത്തിച്ചശേഷം കോഴിക്കോട്ടെത്തി. അവിടെയാണദ്ദേഹത്തിന്റെ ബഹുമുഖ പ്രതിഭ വിടര്ന്നുവിലസിയത്. കേസരിവാരികയുടെ തുടക്കവും അക്കാലത്തായിരുന്നു: പരമേശ്വര്‍ജിയുടെ ലേഖനങ്ങളും കവിതകളുംകൊണ്ട് കേസരി സമൃദ്ധമായി. സംഘത്തിന്റെ ഗണഗീതങ്ങള്ക്കായുള്ള അദ്ദേഹത്തിന്റെ രചനകള്‍ ആശയത്തിന്റെ ഔന്നത്യവും, കവിതാസുരഭിലതയുംകൊണ്ട് ശ്രദ്ധേയങ്ങളായിരുന്നു. ഹിന്ദി ഗാനങ്ങളുടെ മലയാള പരിഭാഷകളായുള്ള അദ്ദേഹത്തിന്റെ രചനകള്‍ പലതും മൂലകൃതികളെ അതിശയിക്കുന്നവയായിരുന്നു.
സംഘപ്രചാരകനെന്നനിലയ്ക്ക് അദ്ദേഹം ആയിരക്കണക്കിന് കുടുംബങ്ങളുടെ ഹൃദയങ്ങളില്‍ സ്ഥാനംപിടിച്ചു. ഭാരതീയ ജനസംഘത്തിന്റെ പ്രവര്‍ത്തനം സംഘടിപ്പിക്കാനായി ദീനദയാല്‍ജി പരമേശ്വര്‍ജിയെയാണ് കണ്ടെത്തിയത്. കക്ഷി രാഷ്ട്രീയത്തില്‍ താല്പര്യമില്ലാതിരുന്ന അദ്ദേഹം ആ നിയോഗം ഏറ്റെടുത്തു ചുരുങ്ങിയ കാലത്തിനകം ”മെയ്യ് കണ്ണായ” തികഞ്ഞ രാഷ്ട്രീയക്കാരനാണ് താനെന്ന് തെളിയിക്കുകയും ചെയ്തു. ഭാരതീയ ജനസംഘത്തിന്റെ അടിത്തറ കേരളത്തിന്റെ ഉറച്ചനിലത്തുതന്നെ അദ്ദേഹം സ്ഥാപിച്ച വൈജയന്തിയായിരുന്നു 1967 ല്‍ ദീനദയാല്‍ജിയുടെ അധ്യക്ഷതയില്‍ കോഴിക്കോട്ടു നടന്ന ജനസംഘത്തിന്റെ 14-ാം സമ്പൂര്‍ണ സമ്മേളനം.
1975 ലെ അടിയന്തരാവസ്ഥാക്കാലത്തു അനാരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നിട്ടും മിസാ തടവുകാരാനായി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞപ്പോള്‍ അവിടത്തെ സഹതടവുകാര്‍ക്ക് ആവേശം നല്കി. അതിനുശേഷം ജനാധിപത്യ പുനഃസ്ഥാപനത്തോടെ രൂപംകൊണ്ട ജനതാ പാര്‍ട്ടിയുടെ രാഷ്ട്രീയ അന്തരീക്ഷവും സാഹചര്യവും തന്റെ സഹജ സ്വരൂപവുമായി പൊരുത്തപ്പെടാത്തതാണെന്ന് കണ്ടു. വീണ്ടും സാംസ്കാരികവും ബൗദ്ധികവും വൈചാരികവുമായ മേഖലയില്‍ വ്യാപരിക്കാന്‍ സംഘനേതൃത്വം അദ്ദേഹത്തിനവസരം നല്കി. അങ്ങനെ ദീനദയാല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍ സ്ഥാനം ഏറ്റെടുത്തു. പരമേശ്വര്‍ജി അതിന്റെ സാരഥ്യം വഹിച്ച കാലത്ത് അവിടെ നടത്തപ്പെട്ട പരിപാടികളില്‍ രാജ്യത്തിനകത്തും പുറത്തുമുള്ള ഒന്നാംകിട ചിന്തകരും, മേധാശാലികളും സഹകരിച്ചിരുന്നു. വി.ആര്.കൃഷ്ണയ്യരും മറ്റും അവിടത്തെ പതിവു പങ്കാളികളായി. രാജനീതിയുടെ ധാര്‍മിക, സാമൂഹ്യ മേഖലകളില്‍ മൗലിക ചിന്തനങ്ങള്‍ നടത്തിയ മഹാത്മാഗാന്ധി, ദീനദയാല്‍ജി, ഡോ.രാം മനോഹര്‍ ലോഹ്യ എന്നിവരുടെ ആ രംഗത്തെ സംഭാവനകളെ അടിസ്ഥാമാക്കി ഇന്‍സ്റ്റിറ്റ്യൂട്ട് വിചാരസദസ്സുകള് നടത്തുകയും, അവിടെ അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങളുടെ സമാഹാരം പ്രസിദ്ധപ്പെടുത്തുകയുമുണ്ടായി.
ഭാരത വിഭജനത്തിന്റെ അടിസ്ഥാനം തന്നെ പിഴവുകളാണെന്നും ഇരുരാജ്യങ്ങളും വീണ്ടും സഹകരിച്ചുകൊണ്ട് കോണ്‍ഫെഡറേഷനായി പ്രവര്‍ത്തിക്കണമെന്നും നിര്‍ദ്ദേശിച്ചുകൊണ്ട് ദീനദയാല്‍ജിയും ലോഹിയയും സംയുക്ത പ്രസ്താവന ഇറക്കിയിരുന്നതു സ്മരണീയമാണ്. ജനസംഘത്തിന് പാക്കിസ്ഥാനോട് യുദ്ധക്കൊതിയും ഉന്മൂലനഭ്രാന്തുമാണെന്ന് പുരപ്പുറത്തുകയറി ഉദ്ഘോഷിക്കുന്നവര്‍ക്ക് ദീനദയാല്‍ജി മാത്രമല്ല, വാജ്പേയിയും നരേന്ദ്ര മോദിയും നടത്തിയ ശ്രമങ്ങളുടെ മുന്നോടിയായിരുന്നു അത്. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ മന്ഥന് എന്ന ദ്വൈമാസികയും പരമേശ്വര്‍ജിയുടെ സംരംഭമായിരുന്നു.
കേരളത്തില്‍ മാര്‍ക്സിസ്റ്റ് അതിക്രമങ്ങളും കൊലയാളിരാഷ്ട്രീയവും കൊടികുത്തി വാഴ്ച നടത്തിയ 80-കളുടെ തുടക്കത്തില്‍ അതിനറുതിവരുത്താന്‍ പരമേശ്വര്‍ജിയും ദത്തോപാന്ത് ഠേംഗ്ഡിയും നടത്തിയ ശ്രമങ്ങള്‍ സ്മരണീയമാണ്. പ്രമുഖ മാര്‍ക്സിസ്റ്റ് ട്രേഡ് യൂണിയന് നേതാക്കളെയും കൃഷ്ണയ്യരെപ്പോലുള്ളവര്‍ സര്വാദൃത വ്യക്തിത്വങ്ങളെയും അവര്‍ കണ്ട് സമാധാനസ്ഥാപനത്തിന് സംയുക്തശ്രമം നടത്താനുള്ള അന്തരീക്ഷം രൂപംകൊണ്ടു തുടങ്ങിയതായിരുന്നു. പക്ഷേ കേരളത്തിലെ ചോരയുടെ സ്വാദറിഞ്ഞ ചില മാര്‍ക്സിസ്റ്റ് നേതാക്കളുടെ മര്‍ക്കടമുഷ്ടി മൂലം ആ പരിശ്രമങ്ങള്‍ക്കു ഫലംകിട്ടാതെ പോയി. അതേ ദുഷ്ടശക്തികള്‍ കൊലപാതക രാഷ്ട്രീയം ഇന്നും തുടരുകയാണ്.
കേരളത്തിന്റെ ബൗദ്ധികാന്തരീക്ഷത്തില്‍ ദേശീയ ചിന്താധാര അരികിലേക്കു തള്ളിനീക്കപ്പെട്ട സ്ഥിതിയായിരുന്നു 80-കളായപ്പോഴേക്കും വളര്‍ന്നുവന്നത്. അത് മനസ്സില്‍വെച്ചുകൊണ്ട് ആ രംഗത്തിന് പഠന, മനന, ഗവേഷണങ്ങളിലൂടെ നൂതനമായൊരു കാറ്റും വെളിച്ചവും വീശാനായി പരമേശ്വര്‍ജി എത്തി. തിരുവനന്തപുരം ആസ്ഥാനമാക്കിയാരംഭിച്ച ഭാരതീയ വിചാരകേന്ദ്രം ആ പരിശ്രമത്തിന്റെ സാക്ഷാത്കാരമാണ്. നേരത്തെ സൂചിപ്പിച്ചതുപോലെ തന്റെ ചുവടുമാറ്റം നടന്ന പുത്തന്‍ചന്ത സംഘസ്ഥാനിരിക്കുന്ന സ്ഥലംതന്നെ വിചാരമന്ഥനത്തിന്റെ കേന്ദ്രവുമായിത്തീര്ന്നു. കേരളത്തിലെയും ഭാരതത്തിലെയും മാത്രമല്ല, ആഴിക്കപ്പുറത്തുനിന്നുമുള്ള പ്രഗല്ഭരായ ചിന്തകരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള എത്രയെത്ര വിചാരസഭകള്‍ അവിടെ നടന്നു.
വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ അത്തരം പരിപാടികള്‍ നടത്താത്ത പ്രധാന സ്ഥലമോ, പങ്കെടുക്കാത്ത ചിന്തകരോ കേരളത്തില്‍ ഇല്ലെന്നു പറയാം. മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും ഇടതു-വലതു പക്ഷങ്ങളുടെയും വ്യത്യസ്ത സാമ്പത്തികധാരകളുടെയും പരിമിതികളില്‍ ഒതുങ്ങാത്ത തുറന്ന ചര്‍ച്ചകളായിരുന്നു അവിടെ നടന്നവയേറെയും. അവിടെയെല്ലാം പരമേശ്വര്‍ജിയുടെ സാന്നിധ്യം ആചാര്യവര്യന്റെതുതന്നെയായിരുന്നു.
സ്വന്തം ആദര്‍ശങ്ങളും വിശ്വാസപ്രമാണവും തികച്ചും രാഷ്ട്രോന്മുഖമായിരിക്കാന് അദ്ദേഹം നിഷ്കര്‍ഷിച്ചിരുന്നു. പൂജനീയ ഗുരുജിയുടെയും ദീനദയാല്‍ജി, ബാബാസാഹിബ് ആപ്ടേ, ബാപ്പുറാവു മോഘേ, ബാളാസാഹിബ് ദേവരസ്, ദത്തോപാന്ത് ഠേംഗ്ഡി തുടങ്ങിയവരുടെയും സമ്പര്‍ക്കവും അവരുമായുള്ള ആശയവിനിമയവും അദ്ദേഹവും അവരും വിലമതിച്ചിരുന്നു. അതിനുപുറമെയാണ്, രാമകൃഷ്ണമിഷനിലെ ആഗമാനന്ദസ്വാമികളും, രംഗനാഥാനന്ദസ്വാമികളും, ഈശ്വരാനന്ദസ്വാമികളും കൂടാതെ ചിന്മയാനന്ദസ്വാമികളും പോലുള്ളവരുമായി നിലനിര്‍ത്തിയ ഉറ്റബന്ധം.
കന്യാകുമാരിയിലെ വിവേകാനന്ദ കേന്ദ്രത്തിന്റെ അധ്യക്ഷസ്ഥാനത്തേക്ക് പരമേശ്വര്‍ജി നിയുക്തനായപ്പോള്, അദ്ദേഹത്തിന്റെ മനസ്സില്‍ ഉദിച്ചിരിക്കുക, ആ മഹാസ്ഥാപനം ഉയര്‍ന്നുവരുന്നതിനായി ഏകനാഥ റാനഡേജി അനുഷ്ഠിച്ച ഏകാഗ്രചിത്തമായ പരിശ്രമവും പരമേശ്വര്ജിയുടെതന്നെ പ്രിയശിഷ്യന്മാരായി കരുതാവുന്ന കോഴിക്കോട്ടെയും കൊയിലാണ്ടിയിലെയും പയ്യോളിയിലെയും കടപ്പുറങ്ങളിലെ അതിസാഹസികരായ സ്വയംസേവകരുടെ അക്ഷീണവും സാഹസികവും അതുല്യവുമായ പോരാട്ടത്തെയുമായിരിക്കും. വിവേകാനന്ദകേന്ദ്രത്തിന്റെ പ്രസിദ്ധീകരണങ്ങള്‍ക്ക് പരമേശ്വര്‍ജി നവചൈതന്യവും ഉള്‍ക്കാഴ്ചയും നല്കി. യുവഭാരതിയില്‍ അദ്ദേഹമെഴുതിയ മുഖപ്രസംഗങ്ങളുടെ സമാഹരണമാണ് ഹിന്ദു രാഷ്ട്രത്തിന്റെ ഹൃദയത്തുടിപ്പുകള്‍ എന്ന പുസ്തകം. ശ്രീനാരാണ ഗുരുദേവനെക്കുറിച്ച് നവോത്ഥാനത്തിന്റെ പ്രവാചകന് എന്ന പേരിലും മഹര്‍ഷി അരവിന്ദനെപ്പറ്റി ഭാവിയുടെ ദാര്ശനികന് എന്ന പേരിലും, മാര്‍ക്സും വിവേകാന്ദനും എന്ന പേരിലും ഉള്ള പരമേശ്വര്‍ജിയുടെ രചനകള്‍ വായനക്കാരന്റെ ചിന്തയേയും മനസ്സിനേയും പുതിയ പാതയിലേക്ക് നയിപ്പിക്കുന്നവയാണ്.
ഭാരതത്തിനും ഭാരതീയ സംസ്കാരത്തിനും ഹിന്ദുധര്‍മത്തിനും നിരക്കാത്ത ഏതു നടപടിയും എത്ര ഉന്നതസ്ഥാനത്തുനിന്നുണ്ടായാലും അതിനെ പരമേശ്വര്‍ജി ചോദ്യം ചെയ്യാതെ വിട്ടില്ല. ആറുപതിറ്റാണ്ടുകള്‍ക്കു മുന്‍പ് നടന്ന ഒരു സംഭവം ഓര്‍മവരുന്നു. എറണാകുളത്തെ ഗൗഡസാരസ്വത സമൂഹം താമസിക്കുന്ന സ്ഥലമാണ് തിരുമല ദേവസ്വം പരിസരങ്ങള്‍. അവിടെ ആ സമുദായത്തിന്റെ വക സ്കൂള്‍ ഉണ്ടായിരുന്നു (ഗുണപ്പൈ സ്കൂള്‍ എന്നാണ് ഓര്മ) ഒരുകാലത്ത് അതിന്റെ നടത്തിപ്പ് ട്രസ്റ്റിമാര്‍ സര്‍ക്കാരിനെ ഏല്‍പ്പിച്ചു. പരമേശ്വര്‍ജി എറണാകുളത്ത് പ്രചാരകനായിരുന്ന 1957 ല്‍ ആ സ്കൂളില്‍ സുവിശേഷ പ്രസംഗവും മതംമാറ്റവും മറ്റുമടങ്ങുന്ന പരിപാടി നടന്നു. ഒരു വെള്ളക്കാരന് മിഷനറി മുഖ്യപ്രാസംഗികന്‍.
വചന പ്രഘോഷണവും മാമോദീസയും അങ്ങനെ മതംമാറിയവരുടെ കല്യാണങ്ങളും വിശ്വാസ സാക്ഷ്യപ്രഖ്യാപനങ്ങളുമൊക്കെ ഉച്ചഭാഷിണി വച്ച് ഉദ്ഘോഷിക്കുകയായിരുന്നു. അവിടത്തെ സ്വയംസേവകര്‍ പരമേശ്വര്‍ജിയുടെ നേതൃത്വത്തില്‍ അവിടെയെത്തി, വിദേശ പാതിരിമാരുമായി സംവാദത്തിലേര്‍പ്പെട്ടു. ഇത്തരം പരിപാടികള്‍ക്ക് എറണാകുളത്ത് ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ ധാരാളമുണ്ടായിരിക്കെ തികച്ചും ഹിന്ദുക്കളുടെ വാസസ്ഥലങ്ങള്‍ക്ക് നടുവില്‍, അവര്‍ സ്ഥാപിച്ച് സര്‍ക്കാരിന് നല്കിയ സ്കൂളില്‍ നടത്തുന്ന തോന്ന്യാസം അനുവദിക്കില്ലെന്ന് സായിപ്പിനെ ധരിപ്പിച്ചപ്പോള്‍ അവര്‍ക്ക് സ്ഥലംവിടേണ്ടിവന്നു.
പരമേശ്വര്‍ജി ഏറ്റവും ബഹുമാനിച്ചിരുന്ന പ്രസ്ഥാനമായിരുന്നു ശ്രീരാമകൃഷ്ണമിഷന്. ബംഗാളിലെ ഹൈന്ദവ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെമേല്‍ നിയന്ത്രണം കൊണ്ടുവരാന്‍ ജോതിബസുവിന്റെ സിപിഎം സര്‍ക്കാര്‍ പാസ്സാക്കിയ നിയമത്തില്‍നിന്ന് ന്യൂനപക്ഷങ്ങളായ ക്രിസ്ത്യാനികളുടെയും മുസ്ലിങ്ങളുടെയും വിദ്യാലയങ്ങള്‍ക്ക് ഒഴിവ് ലഭിച്ചു. ആ സമയം തങ്ങള്‍ ഹിന്ദുക്കളല്ലെന്നും, ശ്രീരാമകൃഷ്ണ മതക്കാരാണെന്നും, അങ്ങനെ ന്യൂനപക്ഷങ്ങളാകയാല് ബില്ലില്‍നിന്ന് ഒഴിവുകിട്ടണമെന്ന് വാദിച്ചുകൊണ്ട് ശ്രീരാമകൃഷ്ണമിഷന് കൊല്‍ക്കത്താ ഹൈക്കോടതിയില്‍ ഹര്‍ജിയുമായെത്തി.
ദീര്‍ഘവും സുപ്രധാനവുമായ വിധിയിലൂടെ ശ്രീരാമകൃഷ്ണ പരമഹംസരും അദ്ദേഹത്തിന്റെ നാമത്തിലുള്ള മിഷനും ഹിന്ദുക്കള്തന്നെയാണെന്നും, വിവേകാനന്ദ സ്വാമികളുടെ പിന്മുറക്കാര് ഹിന്ദുത്വം നിഷേധിച്ചത് ശരിയായില്ലെന്നും ഹൈക്കോടതി പരാമര്‍ശിച്ചുകൊണ്ട് ആവശ്യം തള്ളി. പരമേശ്വര്‍ജിയാകട്ടെ, വിവേകാനന്ദ കേന്ദ്രത്തിന്റെ യുവഭാരതി മാസികയില്‍ മിഷന് കൈക്കൊണ്ട നിലപാടിനെ രൂക്ഷമായി വിമര്‍ശിക്കുകയും, വിവേകാനന്ദ സ്വാമികള്‍ ഹിന്ദുധര്‍മത്തിന്റെ പ്രശസ്തി വിശ്വവ്യാപകമാക്കാന് സ്ഥാപിച്ച മിഷന് നേതാക്കള്‍ ചെയ്തത് ഭീരുത്വമാണെന്നും, ഹിന്ദുത്വത്തില്‍ ഉറച്ചുനിന്ന് ഹിന്ദുസമാജത്തോട് ഈ അന്യായത്തെ ചെറുക്കാന്‍ ആഹ്വാനം ചെയ്യുകയായിരുന്നു വേണ്ടിയിരുന്നതെന്നഭിപ്രായപ്പെട്ടു.
മുന്‍ മുഖ്യമന്ത്രി സി.എച്ച്.മുഹമ്മദ്കോയ അനുസ്മരണ പ്രഭാഷണത്തിന് തിരുവനന്തപുരത്ത് നടത്തിയ സമ്മേളനത്തില്‍ സംസാരിക്കവേ ഉപരാഷ്ട്രപതിയായിരുന്ന കെ.ആര്.നാരായണന് ആവശ്യമില്ലാതെ ശങ്കരാചാര്യ സ്വാമികള്‍ക്ക് അദ്വൈതമെന്ന ആശയം ഉണ്ടായത് അക്കാലത്തു കേരളത്തില്‍ എത്തിയിരുന്ന ഇസ്ലാം മതത്തില്‍ നിന്നായിരിക്കാമെന്നു പ്രസ്താവിച്ചു. അതിനെയും യുക്തിയുക്തം വിമര്‍ശിക്കാന്‍ പരമേശ്വര്‍ജി മടിച്ചില്ല. യുവഭാരതിയുടെ പംക്തികള്‍ തന്നെ അതിനും ഉപയോഗിച്ചു. മുസ്ലിം പ്രീണനത്തിനായി അത്യുന്നത സ്ഥാനം വഹിക്കുന്നവര്‍ ഇങ്ങനെ തരംതാഴരുതെന്ന് അദ്ദേഹം പറയാതെ പറഞ്ഞു. ഹിന്ദുരാഷ്ട്രത്തിന്റെ ഹൃദയത്തുടിപ്പുകളില് ഈ ലേഖനങ്ങള്‍ വായിക്കാം.
കേരളത്തിലെ ഇടതുപക്ഷക്കാരുടെ കാണപ്പെട്ട ദൈവംപോലെ അപ്രമാദിത്വം ആരോപിക്കപ്പെടുന്ന ഇ.എം.എസ്. നമ്പൂതിരിപ്പാടുമായും പരമേശ്വര്‍ജിക്ക് നേരിട്ട് സംവദിക്കാന്‍ അവസരങ്ങള്‍ ഉണ്ടായി. പൂന്താനം ദിനാചരണത്തില്‍ അങ്ങാടിപ്പുറത്ത് ചേര്‍ന്ന പരിപാടിയില്‍ പരമേശ്വര്‍ജിയും ഇഎംഎസും സംസാരിക്കേണ്ടിയിരുന്നു. പൂന്താനത്തെയും കേരളത്തിലെ ഭക്തിപ്രസ്ഥാനത്തെയും മറ്റും പറ്റി ഇഎംഎസ് നടത്തിയ അവഹേളനപരവും പരസ്പരവിരുദ്ധവുമായ പരാമര്‍ശങ്ങള്‍ ഉദ്ധരിച്ചുകൊണ്ട്, മുന്‍കൂട്ടി തയ്യാറാക്കിയ പ്രസംഗം പരമേശ്വര്‍ജി അവതരിപ്പിച്ചു. അതിന്റെ കോപ്പി അദ്ദേഹത്തിന് കൊടുക്കുകയും ചെയ്തു. പൂന്താനത്തിന്റെ കൃതികളെന്ന് അപഗ്രഥന സഹിതം പ്രസിദ്ധീകരിച്ച പി.ഗോവിന്ദപ്പിള്ളയെ പരമേശ്വര്‍ജിയോട് പ്രതികരിക്കാന്‍ ഏല്‍പ്പിച്ച് നമ്പൂതിരിപ്പാട് നിര്‍ത്തി, താന്‍ അതിനെപ്പറ്റി ദേശാഭിമാനിയില്‍ എഴുതുന്നുണ്ട് എന്ന് പരമേശ്വര്‍ജിയോടും പറഞ്ഞു. പിന്നീട് നാലുഭാഗങ്ങളായി അദ്ദേഹം ദേശാഭിമാനിയില്‍ എഴുതിയ ലേഖനം പരമേശ്വര്‍ജി ഉന്നയിച്ച ബിന്ദുക്കളിലൊന്നുപോലും പരാമര്‍ശിക്കാത്ത വളയമില്ലാച്ചാട്ടമായിരുന്നു.
പറഞ്ഞുവന്നത് കേരളത്തിലിന്നുള്ള ബഹുമുഖ പ്രതിഭാശാലികളുടെ മുന്‍നിരയില്‍ ഒന്നാംസ്ഥാനത്ത് പരമേശ്വര്ജിയാണെന്നാകുന്നു. കല, സാഹിത്യം, തത്വചിന്ത, ചരിത്രം, മാനവ സംസ്കൃതി, ശാസ്ത്രാവബോധം, ആത്മീയത, ബൗദ്ധികപ്രതിഭ, നാനാവിഷയാന്വേഷണ ത്വര, ആബാലവൃദ്ധം ജനങ്ങളെ ആകര്‍ഷിക്കുന്ന കാന്തികപ്രഭാവം തുടങ്ങിയ ഗുണങ്ങളുടെ തികവുറ്റ അദ്ദേഹത്തിന് ഈ ജന്മദിനവേളയില്‍ പ്രണാമങ്ങള്‍ അര്‍പ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: