മീനങ്ങാടി : ദേശീയ പാതയുടെ ഇരുവശവും കാടുമൂടിയതിനാല്‍ വാഹനങ്ങളും കാല് നടയാത്രക്കാരും അപകടത്തില്‍പെടുന്നത് പതിവാകു ന്നു. എതിരെവരുന്ന വാഹനങ്ങള്‍ കാണുവാന്‍ കഴിയാത്തവിധം റോഡിലേക്ക് കാട് വളര്‍ന്നിരിക്കുകയാണ്. പോലീസും മീനങ്ങാടി ഗ്രാമ പഞ്ചായത്ത് ഭരണസമിതിയും, ഇത് സംബന്ധിച്ച് ദേശീയപാത അതോറിറ്റിക്ക് പരാതികള്‍ നല്‍കിയെങ്കിലും ഒരു നടപടിയുമുണ്ടായിട്ടില്ല. റോഡിനോട് ചേര്‍ന്ന് സംരക്ഷണത്തിനായി നിര്‍മ്മിച്ച ട്രാഷ് ബാരിയറുകള്‍ കാണുവാന്‍ കഴിയാത്തവിധം കാടുമൂടിയിരിക്കുകയാണ്. അപകടങ്ങള്‍ തുടര്‍ക്കഥയായ കൊളഗപ്പാറ, പാതിരിപ്പാലം, കൃഷ്ണഗിരി, മീനങ്ങാടി, സുധിക്കവല, കാക്കവയല്‍, മുട്ടില്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് കാല് നടയാത്രക്കുപോലും കഴിയാത്തവിധം റോഡിലേക്ക് കാട് വളര്‍ന്നത്. മുന്‍പ് തൊഴിലുറപ്പില്‍ ഉള്‍പ്പെടുത്തി കാട് വെട്ടിയിരുന്നുവെങ്കില് ഇപ്പോള്‍ തൊഴിലുറപ്പില്‍ കാര്‍ഷിക മേഖലയിലെ പണികള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. ഇതേ തുടര്‍ന്ന് കാട് വെട്ടാന്‍ ദേശീയപാത അതോറിറ്റിയെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.അസൈനാര്‍ പറയുന്നു.
വളവും തിരിവും ഉള്ള പാതയില്‍ അപകടമുന്നറിയിപ്പുകള്‍ നല്കുവാന് സ്ഥാപിച്ച ബോര്‍ഡുകളില്‍ മിക്കവയും കാട് വളര്‍ന്ന് എവിടെയാണെന്ന് പോലും അറിയുവാന്‍ കഴിയാത്ത അവസ്ഥയിലാണുള്ളത്. ഇവിടങ്ങളില്‍ അപകടം പതിവാണ് താനും. ഇതുമായി ബന്ധപ്പെട്ട് ജില്ലയിലെ ദേശീയ പാത അതോറിറ്റി ഓഫീസുമായി ബന്ധപ്പെടുമ്പോള്‍ തുടര്‍ നടപടികള്‍ ഉണ്ടാവുന്നില്ലെന്ന ആക്ഷേപമുയരുകയാണ്. റോഡിനിരുവശവും കാട് വളര്‍ന്നത് കാരണം സ്കൂള്‍ വിദ്യാര്‍ത്ഥികളുള്‍പ്പടെയുള്ള കാല് നടയാത്രക്കാര്‍ക്ക് റോഡിലൂടെ നടക്കേണ്ട അവസ്ഥയാണുള്ളത്. ഇത് അപകടത്തിന് ആക്കം കൂട്ടുന്നു. അപകടങ്ങള്‍ പതിവാകുമ്പോള്‍ ദേശീയ പാത അതോറിറ്റിയുടെ നിരുത്തരവാദപരമായ ഇടപെടലിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: