കൊട്ടോടി: കൈയ്യില്‍ കിട്ടുന്ന നാണയ തുട്ടുകള്‍ ഇനി അവര്‍ മധുരം നുണയാന്‍ ചിലവഴിക്കില്ല. പകരം ഒട്ടിയ വയറുമായി സമീപമിരുന്ന പഠിക്കുന്ന പാവപ്പെട്ട സഹപാഠിക്ക് അന്നമൂട്ടാന്‍ ഇവ സ്വരുക്കൂട്ടും. കൊട്ടോടി ഗവണ്മെന്റ് ഹയര്‍സെക്കണ്ടറി സ്കൂളിലെ കുട്ടികളാണ് തങ്ങള്‍ക്ക് വീട്ടില്‍ നിന്ന് കൈമണിയായി കിട്ടുന്ന സമ്പാദ്യം വീട്ടിലെ ദാരിദ്യം മൂലം പ്രഭാത ഭക്ഷണം കഴിക്കാതെ സ്കൂളിലെത്തുന്ന സഹപാഠികള്‍ക്കായി മാറ്റിവെച്ചുള്ള നന്മയുടെ വേറിട്ട സമ്പാദ്യപദ്ധതിക്ക് തുടക്കം കുറിച്ചത്. ഇത്തരത്തില്‍ ലഭിക്കുന്ന തുക ഉപയോഗിച്ച് സ്കൂളില്‍ തന്നെ പ്രഭാത ഭക്ഷണമൊരുക്കാനാണ് സ്കൂള്‍ പിടിഎയുടെ തീരുമാനം. വീട്ടിലെ സാമ്പത്തിക പിന്നാക്കാവസ്ഥമൂലം നിരവധി കുട്ടികള്‍ പ്രഭാത ഭകഷണം പോലും കഴിക്കാതെയാണ് സ്കൂളിലെത്തുന്നതെന്ന കണ്ടെത്തലാണ് കാരുണ്യത്തിന്റെ പുതിയ രീതിക്ക് തുടക്കമിടാന്‍ കുട്ടികള്‍ക്ക് പ്രേരണയായത്. പദ്ധതിയുടെ ഉദ്ഘാടനം പിടിഎ പ്രസിഡന്റ് ബി.അബ്ദുള്ള നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ എം.മൈമൂന അദ്ധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന് ഷാജിഫിലിപ്പ്, സുകുമാരന്‍ പെരിയച്ചൂര്‍, വി.കെ.ബാലകൃഷ്ണന്, സി.സി.ജോയ്, ഉണ്ണിമായ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: