കരുവാരക്കുണ്ട്: രണ്ടുവര്‍ഷം മുമ്പ് സ്ഥാപിച്ച ജലനിധിയുടെ ടാപ്പ് വീട്ടുമുറ്റത്തുണ്ട് എന്നിട്ടും പുറ്റള ആദിവാസി കോളനിയിലെ ചാത്തതും ചാത്തിക്കും ഒരിറ്റ് വെള്ളം കുടിക്കണമെങ്കില്‍ കിലോമീറ്ററുകള്‍ താണ്ടണം. നീരൊഴുക് നിലക്കുകയും, നീര്ചോലകള് വറ്റുകയും ചെയ്തതോടെ ഭക്ഷണം പോലും പാകം ചെയ്യാനാവാതെ ആദിവാസികള്‍ ബുദ്ധിമുട്ടുകയാണ്. കേരള എസ്റ്റേറ്റിലെ ജനവാസകേന്ദ്രത്തില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെയുളള പുറ്റള കോളനിയിലാണ് രൂക്ഷമായ കുടിവെളളക്ഷാമം നേരിടുന്നത്. കോളനിയിലെ എണ്‍പത് വയസുള്ള ചാത്തനും, ചാത്തിയും കുടിവെളളമില്ലാത്തതിനാല് ആഴ്ചകളായി ഭക്ഷണം പാകം ചെയ്തിട്ട്. വീടിന് സമീപത്തുള്ള നീര്‍ച്ചോലകളായിരുന്നു ഏക ആശ്രയം. എന്നാല്‍ മഴ ലഭ്യത കുറവും, കാലാവസ്ഥ വ്യതിയാനവും കാരണം ചോലകള്‍ വറ്റിവരണ്ടു. ജലനിധി പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ മാസം കോളനിയില്‍ കുടിവെളള ടാങ്കും, പൈപ്പും സ്ഥാപിച്ചു. ഇതോടെ കുടിവെള്ള പ്രശ്നത്തിനൊരു പരിഹാരമാകുമെന്ന് കോളനിവാസികള്‍ ആശ്വസിച്ചു. പക്ഷേ കനാല്‍ കീറാതെ ഭൂമിക്കു മുകളിലൂടെ സ്ഥാപിച്ച പൈപ്പുകള്‍ കാട്ടാനകള്‍ തകര്‍ത്തതോടെ ആ പ്രതീക്ഷയും നിലച്ചു.
ഇപ്പോള്‍ ഒരു ബക്കറ്റ് വെളളം കിട്ടണമെങ്കില്‍ ചെങ്കുത്തായ മലയിറങ്ങി പോവണം. രോഗികളായ ചാത്തനും, ചാത്തിക്കും ഇത് സാധിക്കാറില്ല. ഇവര്‍ താമസിക്കുന്ന വീട് എതുനിമിഷവും തകര്‍ന്നു വീഴാവുന്ന അവസ്ഥയിലാണ്. ഇരുപത് വര്‍ഷം മുമ്പ് നിര്‍മ്മിച്ച വീടിന്റെ അറ്റകുറ്റപ്പണി ഇതുവരെ നടത്താന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. കേന്ദ്ര സര്‍ക്കാരിന്റെ രാജീവ് ഗാന്ധി യോജനയില്‍ ഉള്‍പ്പെടുത്തി കോളനിയില്‍ വൈദ്യുതി എത്തിച്ചെങ്കിലും വീടിന്റെ വയറിംങ് നടത്താനുളള സാമ്പത്തികമില്ലാത്തതിനാല്‍ ചാത്തനും ചാത്തിക്കും വെളിച്ചവും തീണ്ടാപാടകലെയാണ്. കാട്ടുവിഭവങ്ങള്‍ ശേഖരിച്ച് വില്‍പ്പന നടത്തി ജീവിച്ചിരുന്നവരായിരുന്നു ഇവര്‍. കാട്ടു വിഭവങ്ങളുടെ ലഭ്യത കുറഞ്ഞതോടെ സാമ്പത്തികമായി വളരെ പ്രയാസത്തിലാണ്. ഇതോടെ ചികിത്സ പോലും മുടങ്ങിയിരിക്കുകയാണ്.
3,217 കുടുംബങ്ങള്‍ക്ക് ശുദ്ധജലം വിതരണം ചെയ്യാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതി 2012 ലാണ് തുടങ്ങിയത് രണ്ട് വര്‍ഷം കൊണ്ട് പൂര്‍ത്തികരിക്കേണ്ട പദ്ധതി നാല് പൂര്‍ത്തീകരിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. കാട്ടുചോലകളില്‍ നിന്ന് പൈപ്പ് വഴി വീടുകളില്‍ വെള്ളമെത്തിക്കാനായിയിരുന്നു പദ്ധതി എന്നാല്‍ പൈപ്പ് ആനകള്‍ നശിപ്പിച്ചു. പട്ടിണിയും രോഗവുമായി കഴിയുന്നതിനിടെ കുടിവെള്ളവും മുടങ്ങിയിട്ടും ആരോടും പരിഭവമില്ലാതെ കഴിയുകയാണ് കാടിന്റെ മക്കള്‍. പുറ്റള ആദിവാസി കോളനിയിലെ 16 കുടുംബങ്ങള്‍ക്കും ചുണ്ടള ഹരിജന്‍ കോളനിയിലെ 31 കുടുംബങ്ങള്‍ക്കും കുടിവെള്ളം ലഭിക്കുന്നില്ല. കരുവാരക്കുണ്ട് പഞ്ചായത്തിലെ ശുദ്ധജല വിതരണ പദ്ധതിയായ ജലനിധിയി പൂര്‍ത്തിയായെന്ന് അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു. പക്ഷേ ആര്‍ക്കും വെള്ളമില്ലെന്നുള്ളതാണ് സത്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: