സ്വന്തം ലേഖകന്‍
പരപ്പനങ്ങാടി: ആശയങ്ങള്‍ കാലഹരണപ്പെടുമ്പോള്‍ അതിജീവനത്തിന് ജനങ്ങളെ പേടിപ്പിച്ച് വീട്ടിലിരുത്തുന്ന പ്രാകൃതരാഷ്ട്രീയമാണ് പരപ്പനങ്ങാടിയിലും പരിസരത്തും അരങ്ങേറുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് സിപിഎം സംസ്ഥാന സെക്രട്ടറി നവകേരളയാത്ര പരപ്പനങ്ങാടിയിലൂടെ കടന്നുപോയത് മുതലാണ് ഇവിടെ ഏകപക്ഷീയ അക്രമങ്ങള്‍ ആരംഭിക്കുന്നത്. പിന്നിട് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന വിമോചനയാത്രക്ക് സ്വീകരണം നല്കാന് അലങ്കരിച്ച കൊടിതോരണങ്ങള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടു. തുടര്‍ന്ന് ശ്രീകൃഷ്ണജയന്തി ശോഭയാത്ര പ്രചരണബോര്‍ഡുകള്‍, കൊടികള്‍, സ്തൂപങ്ങള്‍, സ്ഥലനാമങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ബോര്‍ഡുകള്‍ എല്ലാം നശിപ്പിക്കപ്പെട്ടു.
നഗരസഭയില്‍ നിലനിന്നിരുന്ന സമാധാന അന്തരീക്ഷം പൂര്‍ണ്ണമായും ഇപ്പോള്‍ നഷ്ടപ്പെട്ടിരിക്കുകയാണ്. കേവല ഭൂരിപക്ഷത്തില്‍ നഗരസഭ ഭരണം കൈയാളുന്ന മുന്നണികളുടെ കണ്ണിലെ കരടായി ബിജെപി മാറിയപ്പോള്‍ സിപിഎം നേതൃത്വം പ്രതിരോധം തീര്‍ത്തത് പ്രാദേശിക നേതാക്കളെ കള്ളക്കേസില്‍ കുടുക്കി കൊണ്ടാണ്. പ്രവര്‍ത്തകരുടെ മനോവീര്യം കെടുത്താനുള്ള സിപിഎം നീക്കങ്ങള്‍ ബിജെപി എന്ന പാര്‍ട്ടിയുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ വിലപ്പോയില്ല.
നഗരസഭയിലെ ഭരണസ്തംഭനത്തിനെതിരെ ബിജെപി മാര്‍ച്ച് നടത്തിയപ്പോള്‍ ഇതിന് ഉത്തരവാദികളായവരെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തിയത്. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ക്ക് നേരെ മുഖംതിരിക്കുന്ന സമീപനമാണ് പരപ്പനങ്ങാടിയില്‍ അരങ്ങേറുന്നത്. യുഡിഎഫിലെ അസംതൃപ്തരെ കൂടെ കൂട്ടി തട്ടികൂട്ടിയ ജനകീയ വികസന മുന്നണിയെ മുന്നില്‍ കണ്ടാണ് ഇടതുപക്ഷം അഹങ്കരിക്കുന്നത്.
സംസ്ഥാന ഭരണത്തിന്റെ അഹങ്കാരവും ധാര്‍ഷ്ഠ്യവും പ്രാദേശിക പ്രവര്‍ത്തകരില്‍ പ്രകടമാണ്. പ്രദേശത്ത് ഇത്രത്തോളം അക്രമ സംഭവങ്ങള്‍ നടന്നിട്ടും മണ്ഡലം ജനപ്രതിനിധി പി.കെ.അബ്ദുറബ്ബ് സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ സര്‍വ്വകക്ഷിയോഗം വിളിക്കാന്‍ പോലും തയ്യാറായിട്ടില്ല.
അക്രമങ്ങള്‍ക്കെതിരെ പരാതി നല്‍കിയെങ്കിലും പ്രതികളെ പിടികൂടാന്‍ പോലീസിനുമായിട്ടില്ല. പോലീസിലെ രാഷ്ട്രീയ വേര്‍തിരിവുകള്‍ കാരണം ബിജെപി പ്രവര്‍ത്തകര്‍ നല്കുന്ന കേസുകളില്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.
ഏറ്റവും ഒടുവിലായി ചിറമംഗലം സ്വദേശി കാട്ടില്‍ ഉണ്ണികൃഷ്ണന്റെ വീടിന് നേരെയുണ്ടായ അക്രമത്തില്‍ അന്വേഷണം ആരംഭിച്ചിട്ട് പോലുമില്ല. അക്രമങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ അസ്വസ്ഥമാകുയാണ് പരപ്പനങ്ങാടിയുടെ മണ്ണും മനസ്സും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: