കാസര്‍കോട്: പോലീസ് കംപ്ലെയിന്റ് അതോറിറ്റി സിറ്റിംഗുകളില്‍ എതിര്‍കക്ഷികളായ പോലീസുകാര്‍ ഹാജരാകുന്നതില്‍ നിന്ന് തുടര്‍ച്ചയായി ഒഴിവാകുന്നു. വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മാസത്തിലൊരിക്കല്‍ മാത്രം നടക്കുന്ന സിറ്റിംഗുകളില്‍ നിന്ന് പോലീസുകാര്‍ ഒഴിവാകുന്നത്. ബോധപൂര്‍വമാണ് സിറ്റിംഗില്‍ നിന്നൊഴിവാകുന്നതെങ്കില് നടപടിയെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് പോലീസ് കംപ്ലെയിന്റ് അതോറിറ്റി ചെയര്മാന് റിട്ട.ജില്ലാ ജഡ്ജി കെ.വി.ഗോപിക്കുട്ടന് പറഞ്ഞു. ഓരോ കേസും നാലും അഞ്ചും തവണ മാറ്റിവെക്കുന്ന അവസ്ഥ നിലവിലുണ്ട്. പരാതിക്കാര്‍ സിറ്റിംഗുകളിലെത്തുമ്പോള് എതിര്‍കക്ഷികളായി ഹാജരാകേണ്ട പോലീസുകാരെത്താത്തതിനാല് മടങ്ങിപ്പോരേണ്ട അവസ്ഥയാണുള്ളത്. ജോലി സംബന്ധമായതും വ്യക്തിപരമായതുമായ കാരണങ്ങളാണ് ഹാജരാകാതിരിക്കാന്‍ പോലീസുകാര്‍ അതോറിറ്റിക്ക് മുമ്പാകെ രേഖാമൂലം അറിയിക്കുന്നത്.
കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള അപേക്ഷകളുള്ളപ്പോള് അതോറിറ്റിക്ക് നടപടിയെടുക്കാന്‍ സാധിക്കില്ലെന്ന് ചെയര്മാന് പറഞ്ഞു. ചില കേസുകളില്‍ പരാതിക്കാര്‍ ഹാജരാകാതിരിക്കുന്ന സാഹചര്യമുണ്ട്. തുടര്‍ച്ചയായി എതിര്‍കക്ഷി മുങ്ങിയാല്‍ വാദിക്ക് അനുകൂലമായി തീരുമാനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിംഗില്‍ ഏറ്റവുമധികം പരാതി ചന്തേര, മഞ്ചേശ്വരം പോലീസ് സ്റ്റേഷനുകള്‍ക്കെതിരെ ആയിരുന്നു. ചന്തേരയിലെ പോലീസുകാര്‍ക്കെതിരെ ആറും മഞ്ചേശ്വരത്തേത് നാലും. ആകെ 25 കേസുകളാണ് അതോറിറ്റിയുടെ പരിഗണനയ്ക്ക് വന്നത്. ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ്, ഡിവൈ.എസ്.പി. പി.തമ്പാന്, ഹുസൂര്‍ ശിരസ്തദാര്‍ പി.കെ.ശോഭ എന്നിവരും കംപ്ലയിന്‍സ് അതോറിറ്റി സിറ്റിംഗില്‍ ചെയര്‍മാന്റെ കൂടെ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: