കാഞ്ഞങ്ങാട്: പെരിയയിലെ കേന്ദ്ര സര്‍വ്വകലാശാല സമുഛയങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനത്തിനെത്തിയ അന്യസംസ്ഥാന തൊഴിലാളികളില്‍ മലമ്പനി ബാധ. ഇതിനകം 28 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു കഴിഞ്ഞു. ആഗസ്ത് അവസാനവാരത്തോടെ തന്നെ ഇവിടെ ചിലര്‍ക്ക് പനി ബാധിച്ചു തുടങ്ങിയിരുന്നു. പിന്നീട് ആഴ്ചകളായി പനി പടരുകയാണ്. ആസാം, ബീഹാര്‍, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് സര്‍വ്വകലാശാലയില്‍ നിര്‍മ്മാണ പ്രവര്ത്തനങ്ങള്ക്കെത്തിയത്. പുതിയ ബ്ലോക്ക്, ചുറ്റുമതില്‍ എന്നിവയുടെ നിര്‍മ്മാണമാണ് നടക്കുന്നത്. വൃത്തിഹീനമായ ചുറ്റുപാടിലാണ് ഇവര്‍ താമസിക്കുന്നത്. പനി ബാധിച്ചവര്‍ ജില്ലാ ആശുപത്രിയിലും പെരിയ സിഎച്ച്സിയിലും നിരീക്ഷണത്തിലാണ്. സ്വകാര്യ കമ്പനിയാണ് കെട്ടിടങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ നടത്തുന്നത്.
മലമ്പനി പടര്‍ന്നു പിടിച്ചതോടെ ഊര്‍ജ്ജിത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി ഡിഎംഒ ഡോ.എ.പി.ദിനേശ് കുമാര്‍ പറഞ്ഞു. പെരിയ സിഎച്ച്സിയിലെ ആരോഗ്യപ്രവര്‍ത്തകര്‍ പ്രദേശത്ത് ക്യാമ്പ് ചെയ്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. സര്‍വ്വകലാശാല വളപ്പിലെ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കീടനാശിനി തളിച്ച് അണുമുക്തമാക്കി. സമീപ പ്രദേശത്തും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഡിഎംഒ ഡോ.എ.പി.ദിനേശ് കുമാര്‍, ഡെപ്യൂട്ടി ഡിഎംഒ രാമദാസ്, മലേറിയ ഓഫീസര്‍ വി.സുരേശന്, പെരിയയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ.രാജ്മോഹന്‍ എന്നിവര്‍ സ്ഥിതിഗതികള്‍ വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: