കാസര്‍കോട്: പരിസ്ഥിതി സംരക്ഷണം നടപ്പിലാക്കുന്നതില്‍ വീഴ്ച വരുത്തിയതായി പരാതി ഉയര്‍ന്ന 5 വില്ലേജ് ഓഫീസര്‍മാര്‍ക്ക് നോട്ടീസ് നല്‍കിയതായി വിജിലന്‍സ് ഡിവൈഎസ്പി രഘുരാമന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വില്ലേജ് പരിധിക്കുള്ളിലെ പുഴ, വനം, മനുഷ്യര്‍ ഉള്‍പ്പെടെയുള്ള പരിസ്ഥിതിക്ക് ഹാനി വരുത്തുന്ന രീതിയിലുള്ള കയ്യേറ്റങ്ങളും പ്രവര്‍ത്തനങ്ങളും തടയാന്‍ ശ്രമിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി ഉണ്ടാകുക. ഇതിന്റെ ആദ്യപടിയായാണ് 5 വില്ലേജ് ഓഫീസര്‍മാര്‍ക്ക് നോട്ടീസ് നല്‍കിയത്. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നിര്‍ദേശ പ്രകാരമാണ് ഇത്തരമൊരു തീരുമാനമെന്ന് ഡിവൈഎസ്പി വ്യക്തമാക്കി. ഉദ്യോഗസ്ഥര്‍ തടയാത്തത് കൊണ്ടാണ് മണലൂറ്റ്, ചെങ്കല്‍ ഉള്‍പ്പെടെയുള്ളവയുടെ ഖനനം തുടങ്ങിയവ സമൂഹത്തില്‍ വളരുന്നു വരുന്നത്. ഇത്തരം പരാതികള്‍ ഉണ്ടായാല്‍ പരിസ്ഥിതി ആഘാതം സംബന്ധിച്ച് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ വിലയിരുത്തും. അതിന് ശേഷം ബന്ധപ്പെട്ട മേധാവികള്‍ക്ക് നോട്ടീസ് നല്‍കും. പരിസ്ഥിതി വിഷയം പരിശോധിച്ച് നടപടിയെടുക്കാനും അത് 10 ദിവസത്തിനകം അറിയിക്കാനുമാണ് വില്ലേജ് ഓഫീസര്‍മാര്‍ക്ക് നല്കിയ നോട്ടീസില്‍ പറയുന്നത്. നടപടി സ്വീകരിക്കാത്തവര്‍ക്കെതിരെ കേസെടുക്കുമെന്ന് ഡിവൈഎസ്പി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: