തപസ്യ കലാസാഹിത്യവേദി സ്വതന്ത്ര സംഘടനയാണെന്ന് പറയുന്നതിനും സംഘപരിവാര്‍ സംഘടനയാണെന്ന് പറയുന്നതിനും ഒരേ അര്‍ത്ഥമാണുള്ളത്. രാഷ്ട്രീയ സ്വയംസേവക സംഘം ഒരു രാഷ്ട്രീയസംഘടനയല്ല. കക്ഷിരാഷ്ട്രീയത്തിന് അതീതമായി പ്രവര്‍ത്തിക്കുന്ന സാംസ്കാരികപ്രസ്ഥാനമാണത്. അതിന്റെ പേരിലെ രാഷ്ട്രീയ എന്നതിന് ദേശീയ എന്ന അര്‍ത്ഥമാണുള്ളത്.
കേരളത്തിലെ ചില പ്രദേശങ്ങളില്‍ നടക്കുന്ന സംഘര്‍ഷങ്ങളെ അടിസ്ഥാനപ്പെടുത്തി സംഘത്തെ അളക്കരുത്. സംഘര്‍ഷങ്ങള്‍ ശരീരത്തിനുള്ളില്‍ ജീവന് നിലനിര്‍ത്തുന്നതിനുവേണ്ടി അതതു സാഹചര്യങ്ങള്‍ക്കനുസരിച്ച് സ്വയംസേവകര്‍ക്ക് ചെയ്യേണ്ടിവരുന്നതാണ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെപ്പോലെ വര്‍ഗസംഘര്‍ഷമല്ല സംഘത്തിന്റെ സ്വഭാവം. അത് നിര്‍വൈരമായ സഹവര്‍ത്തിത്വമാണ്. രാഷ്ട്രത്തേയും സംസ്കാരത്തേയും ധര്‍മ്മത്തേയും സംരക്ഷിക്കാന്‍ സജ്ജരായ വ്യക്തികളെ രൂപപ്പെടുത്തുക എന്ന പ്രവര്‍ത്തനമാണ് അത് നടത്തുന്നത്. ആ പ്രവര്‍ത്തനമല്ലാതെ മറ്റൊന്നും സംഘം നടത്തുകയുമില്ല.
കലയുടേയും സാഹിത്യത്തിന്റേയും മേഖലയില്‍ ഈ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോവുക എന്നതാണ് തപസ്യയുടെ ദൗത്യം. സാഹിത്യത്തിന്റേയും കലയുടേയും വികാസത്തിനും മുന്നേറ്റത്തിനും ലോകമെങ്ങുമുള്ള പണ്ഡിതന്മാര് ആധാരമാക്കുന്നത് രണ്ട് ഭാരതീയ ആചാര്യന്മാരുടെ ദര്‍ശനങ്ങളെയാണ്. ആനന്ദവര്‍ധനന്റെ ‘ധ്വന്യാലോക’വും ഭരതമുനിയുടെ ‘നാട്യശാസ്ത്ര’വും. ഇവ അടിസ്ഥാനമാക്കിയാണ് തെക്കും വടക്കും കിഴക്കും പടിഞ്ഞാറുമുള്ള കലാസാഹിത്യമേഖലകള്‍ വികസിക്കുന്നതെന്ന് ഇനിയും ഭാരതീയര്‍ മനസ്സിലാക്കേണ്ടതുണ്ട്.
പടിഞ്ഞാറിന്റെ നൃത്തരൂപങ്ങള്‍ക്ക് സര്‍ക്കസിനോടാണ് കടപ്പാട്. അടുത്തിടെ ടെലിവിഷനില്‍ അല്പവസ്ത്രധാരിയായ ഒരു പെണ്‍കുട്ടി ഒരുകാല്‍പെരുവിരലൂന്നി അതിവേഗത്തില്‍ കറങ്ങുന്നതുകണ്ടു.
അടുത്ത കാലിന്റെ പെരുവിരല്‍ മറ്റെവിടെയോ ഊന്നിയിട്ടുണ്ട്. കറക്കത്തിന്റെ വേഗത്തില്‍ അത് നമുക്ക് കാണാനാവില്ല. അതൊരു നൃത്തമാണ് പോലും. ഇത്തരത്തില്‍ കറങ്ങുന്ന ഒരു പക്ഷിയുണ്ട്. പെരിഫെറല്‍ ബക്ക് എന്നാണ് അതിന്റെ പേര്. നമ്മളെ അതിശയിപ്പിക്കുന്ന വേഗത്തില്‍ ഈ പക്ഷി കറങ്ങും. ഇണയെ ആകര്‍ഷിക്കുക എന്ന ഉദ്ദേശ്യമാണ് ഈ കറക്കത്തിന്. അത്തരത്തിലുള്ള സര്‍ക്കസുകളെയാണ് നൃത്തമെന്ന് പാശ്ചാത്യരും അവരെക്കണ്ട് ഇപ്പോള്‍ ഇവിടെ ചിലരും ധരിച്ചിരിക്കുന്നത്. മുഖപേശികളുടെ ചലനംകൊണ്ട് ഭാവവൈവിധ്യം വിരിയുന്ന ഭാരതീയ നൃത്തകല അവര്‍ക്ക് വലിയ അത്ഭുതമാണ്. അതുകൊണ്ടാണ് കഥകളിയും മറ്റും അവര്‍ കൗതുകത്തോടെ കാണുന്നത്.
പാണിനിയുടെ വ്യാകരണതത്വങ്ങളെ ഗണിതശാസ്ത്രമായാണ് പ്രമുഖ പാശ്ചാത്യചിന്തകനും എഴുത്തുകാരനുമായ ഫ്രാന്‍സിസ് ഡി സ്വസുര്‍ വിലയിരുത്തിയത്. സ്വസുര്‍ എന്നത് അദ്ദേഹത്തിന്റെ കുടുംബപ്പേരാണ്. പിണറായിയില്‍ വിജയന് എന്നൊക്കെ പറയുംപോലെ. സ്വസുര്‍ സംസ്കൃതം പഠിക്കുകയും ഭാരതീയസിദ്ധാന്തങ്ങള്‍ മനസ്സിലാക്കുകയും ചെയ്തു. അതിനുശേഷമാണ് ഭാരതത്തിന്റെ ഭാഷാവ്യാകരണത്തെക്കുറിച്ച് ഈ അഭിപ്രായം പറഞ്ഞത്. സ്വതേ മടിയനായിരുന്ന അദ്ദേഹം വല്ലപ്പോഴുമേ യൂണിവേഴ്സിറ്റിയില്‍ പോകുമായിരുന്നുള്ളൂ. അതിന്റെ പേരില്‍ അദ്ദേഹത്തെ പുറത്താക്കാനൊന്നും യൂണിവേഴ്സിറ്റി തയ്യാറായിരുന്നില്ല. ഇവിടായിരുന്നെങ്കില്‍ മതിയായ ഹാജരില്ല എന്ന കാരണം ചൂണ്ടിക്കാട്ടി അദ്ദേഹത്തെ പുറത്താക്കിയേനെ. പ്രതിഭകളെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന അവിടത്തുകാര്‍ എന്തായാലും അത് ചെയ്തില്ല. അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ ക്രോഡീകരിച്ച് സുഹൃത്തുക്കളും ശിഷ്യന്മാരും ചേര്‍ന്ന് ഒരു പുസ്തകം പുറത്തിറക്കിയിട്ടുണ്ട്. General Course of Linguistics എന്നാണ് അതിന്റെ പേര്. സംസ്കാരത്തേയും ദേശീയതയേയും എതിര്‍ക്കുകയും തകര്‍ക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ പ്രവര്‍ത്തിക്കുന്നവര്‍ കുപ്രചരണങ്ങളാണ് ആയുധമാക്കുന്നത്. ഹിറ്റ്ലറിനേക്കാളും നീചനായിരുന്ന ജോസഫ് സ്റ്റാലിന്റെ കാലത്താണ് എതിരഭിപ്രായങ്ങളെ ഉന്മൂലനം ചെയ്യുന്ന കലാപരിപാടികള്‍ ശക്തമായത്. ഇതേ നുകത്തില്‍ കെട്ടാവുന്ന മറ്റൊരാളാണ് മാവോ സെ ദോങ്. അഭിപ്രായസ്വാതന്ത്ര്യം പൂര്‍ണമായും ഇല്ലാതാക്കപ്പെട്ട കാലമാണ് അത്. ചോദ്യം ചോദിക്കുന്നവന്റെ കഴുത്തില്‍ തലകാണില്ല. മാക്സിംഗോര്‍ക്കിയെപ്പോലുള്ളവര്‍ ‘എഴുത്തുകാരേ നിങ്ങള്‍ ഏതു ചേരിയില്‍’ എന്ന് ചോദിച്ച കാലം.
എന്നാല്‍ ഭാരതീയസംസ്കൃതിയും പാരമ്പര്യവും കുപ്രചാരണങ്ങളില്‍ ഇല്ലാതാവുന്നതല്ല. പേരുകേട്ട പല സംസ്കാരങ്ങളും പേരുപോലും ബാക്കിയില്ലാതെ ഇല്ലാതായിട്ടും ഈ സംസ്കാരം നിലനില്‍ക്കുന്നത് അതിന്റെ അതിജീവനശേഷി കൊണ്ടാണ്. ഓണാഘോഷവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന കുപ്രചാരണങ്ങളൊക്കെ ഈ സംസ്കാരത്തെ തകര്‍ക്കാമെന്ന വ്യാമോഹത്തിന്റെ ഭാഗമാണ്. മൂന്നരപ്പതിറ്റാണ്ട് ഭരിച്ച ബംഗാളില്‍ മമതാ ബാനര്‍ജി എന്ന സ്ത്രീയുടെ മുന്നില്‍ മൂക്കുംകുത്തി വീണവരാണ് ഇത്തരം പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. കേരളത്തില്‍ അതിന്റെ അവസ്ഥ ചത്ത പാമ്പിന്റെ വാല് അനങ്ങുന്നതുപോലെയാണ്.
മഹാബലി തൊഴിലാളിവര്‍ഗ പ്രതിനിധിയാണെന്ന മട്ടിലാണ് പ്രചാരണത്തിന്റെ ആവേശം. ലോകത്താദ്യമായി ദൃശ്യ, ശ്രവ്യ കലകള്‍ നിരോധിച്ച ഭരണാധികാരിയാണ് മഹാബലി. ശ്രവ്യകല എന്ന വാക്ക് തെറ്റാണ്. സാഹിത്യകാരനായ ഒരു ഐജിയെക്കുറിച്ചൊരു കഥയുണ്ട്. പ്രതികളെ കുറ്റം സമ്മതിപ്പിക്കാനുള്ള സകല ഭേദ്യവും ചെയ്തുകഴിഞ്ഞിട്ടും ഫലമില്ലാതെ വരുമ്പോള്‍ പോലീസുകാര്‍ ഐജിയുടെ ഒരു കൃതി എടുത്ത് വായിപ്പിക്കുമത്രെ. അല്പം വായിക്കുമ്പോഴേക്ക് പ്രതി ‘ഏമാനെ എല്ലാം ഞാന്‍ പറയാം, ഇതെന്നെക്കൊണ്ട് വായിപ്പിക്കരുതേ’ എന്ന് കരയുമായിരുന്നു. ഇമ്മാതിരി നിര്‍ബന്ധിച്ചുള്ള പരിപാടിയാണ് ശ്രാവ്യം എന്ന ഇനത്തില്‍ വരുന്നത്.
മഹാഭാരതത്തില്‍ ശാന്തിപര്‍വത്തിലാണ് മഹാബലിയെപ്പറ്റി പരാമര്‍ശമുള്ളത്. ഭീഷ്മര്‍ ശരശയ്യയില്‍ യുധിഷ്ഠിരന് നല്കുന്ന ഉപദേശങ്ങളിലാണിതുള്ളത്. ഭീഷ്മര്‍ക്കും കേട്ടുകേള്‍വിയാണ്.
നാരദന് പറഞ്ഞ അറിവനുസരിച്ചാണ് ഭീഷ്മര്‍ ബലിയെക്കുറിച്ച് പറയുന്നത്. പറഞ്ഞുവന്നാല്‍ യുധിഷ്ഠിരനെക്കാളും മുന്തിയ പൂണൂല് ധാരിയാണ് മഹാബലി. യുധിഷ്ഠിരന് ക്ഷത്രിയനാണല്ലോ. മഹാബലിയുടെ അധാര്‍മ്മികഭരണത്തെക്കുറിച്ചാണ് പരാമര്‍ശങ്ങള്‍. മഹാബലി മാത്രമല്ല പ്രഹ്ലാദനും ഇതേ ഗണത്തില്‍പ്പെട്ടയാളാണ്. പ്രഹ്ളാദന് വിഷ്ണുഭക്തനായിരുന്നില്ലേ എന്ന് നമുക്കെല്ലാം ചോദിക്കാവുന്നതുപോലെ യുധിഷ്ഠിരനും ചോദിക്കുന്നുണ്ട്. ‘അതുകൊണ്ട് വൃത്തികേട് കാണിച്ചുകൂടായ്കയില്ലല്ലോ’ എന്നാണ് ഭീഷ്മരുടെ മറുപടി. മഹാബലിയുടെ കഥയുമായി ബന്ധപ്പെട്ട ആധികാരിക പ്രമാണമെന്ന് പറയാവുന്ന വാമനപുരാണത്തിലും അദ്ദേഹത്തെ വാമനന് ചവിട്ടിത്താഴ്ത്തിയെന്നു പറയുന്നില്ല.
എല്ലാ രാജ്യങ്ങളെയും ആക്രമിച്ചു കീഴടക്കുകയായിരുന്നു മഹാബലി; സ്വര്‍ഗരാജ്യത്തെയും. സ്വര്‍ഗം എന്ന് പറഞ്ഞാല്‍ എവിടെയോ ഇരിക്കുന്ന ഒരു രാജ്യമെന്നല്ല അര്‍ത്ഥം. ശിഷ്ടജനങ്ങളെ ഉപദ്രവിച്ചു എന്നാണ്. അതിന്റെ പൂര്‍ണതയ്ക്കായിട്ടാണ് വിശ്വജിത്ത് എന്ന യാഗം നടത്തിയത്. വിശ്വജിത്ത് യാഗത്തിന്റെ അവസാനത്തെ ചടങ്ങാണ് ദാനം. എല്ലാവരും പറയുന്നതുപോലെ വലിയ ദാനശീലനായിരുന്നില്ല ബലി. യാഗത്തിന്റെ ചടങ്ങ് എന്ന നിലയിലുള്ള ദാനം മാത്രമാണത്. അതുണ്ടായില്ലെങ്കില്‍ യാഗത്തിന് ഫലമില്ലാതെ വരും. യാഗം കഴിഞ്ഞ് അടുത്ത ദിവസമാണ് ദാനം ചോദിച്ച് ചെന്നിരുന്നതെങ്കില്‍ മറുപടി വേറെ കിട്ടിയേനെ.
വീട്ടില്‍ പൂജ നടത്തുമ്പോള്‍ ശാന്തിക്ക് നമ്മള് ദക്ഷിണ നല്‍കും. എന്നുവെച്ച് എല്ലാദിവസവും ദക്ഷിണ കൊടുക്കാറില്ലല്ലോ…. മൂന്നടി മണ്ണാണ് ഓലക്കുടയും ചൂടി നിറപുഞ്ചിരി തൂകി വന്ന വാമനന് മഹാബലിയോട് ചോദിച്ചത്. മറുപടി പ്രലോഭനങ്ങളായിരുന്നു. മറ്റൊന്നും വേണ്ട, മൂന്നടി മണ്ണ് മാത്രം മതിയെന്ന ആ വിനയത്തിന്റെ വിജയമാണ് മഹാബലിയുടെ കഥ. വാമനന് വിഷ്ണുവാണ്. വിശ്വമാകെ നിറഞ്ഞിരിക്കുന്നത് എന്നേ വിഷ്ണുവിന് അര്‍ത്ഥമുള്ളൂ. അതുകൊണ്ടാണ് തൂണിലും തുരുമ്പിലുമുണ്ട് എന്ന് പ്രഹ്ലാദന് പറഞ്ഞത്.
(ആലുവയിൽ ചേർന്ന തപസ്യയുടെ വാർഷിക ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങൾ)
പ്രതികരിക്കാൻ ഇവിടെ എഴുതുക: