ചിറ്റൂര്‍: നെഹ്റു ഓഡിറ്റോറിയത്തിന് സമീപം അമ്മയേയും മകളേയും വീടിനകത്ത് മരിച്ചനിലയില്‍ കണ്ടെത്തി. തറക്കളം സുനില്‍കുമാറിന്റെ ഭാര്യ ലളിത (25), സായൂജ്യ (രണ്ടര) എന്നിവരാണ് മരണപ്പെട്ടത്. ഇന്നലെ ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. താലൂക്ക് ആസ്പത്രിയിലെത്തിച്ച മൃതദേഹങ്ങള്‍ ചിറ്റൂര്‍ പൊലീസ് ഇന്‍ക്വസ്റ്റിനുശേഷം ജില്ലാ ആസ്പത്രി മോര്‍ച്ചറിയിലെത്തിച്ചു. മൃതദേഹത്തില്‍ നിന്നും ലഭിച്ച കുറിപ്പില്‍ മരണകാരണം ഭര്‍ത്തൃപീഡനമാണെന്ന് പൊലീസ് അറിയിച്ചു. സുനില്‍കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു വരികയാണ്. അണിക്കോട് പലചരക്ക് കച്ചവടം നടത്തിവരികയാണ് സുനില്‍കുമാര്‍. പതിവായി മദ്യപിച്ചെത്തുന്ന സുനില്‍ ഭാര്യയെ മര്‍ദ്ദിക്കാറുണ്ടെന്ന് എലപ്പുള്ളി പട്ടതലച്ചിയില് താമസക്കാരനായ കുഞ്ചന്‍ പൊലീസില്‍ അറിയിച്ചിട്ടുണ്ട്. നാലുവര്‍ഷം മുമ്പാണ് സുനില്‍കുമാര്‍ ലളിതയെ വിവാഹം ചെയ്തത്. ഭര്‍ത്താവ് പീഡിപ്പിക്കുന്നതായി ലളിത കുടുംബകോടതിയില്‍ പരാതിപ്പെട്ടിരുന്നു. ഇവിടെവെച്ച് സുനില്‍കുമാറിന് കൗണ്‍സിലിങ് നല്കി ലളിതയോടൊപ്പം ജീവിക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇതിനുശേഷവും സുനില്‍കുമാര്‍ മര്‍ദ്ദിക്കാറുണ്ടെന്നും പിതാവ് കുഞ്ചന്‍ പൊലീസില്‍ അറിയിച്ചിട്ടുണ്ട്. ജില്ലാ ആസ്പത്രിയിലുള്ള മൃതദേഹങ്ങള്‍ ഇന്ന് രാവിലെ പോസ്റ്റുമോര്‍ട്ടം നടത്തും. നാരായണിയാണ് മരണപ്പെട്ട ലളിതയുടെ അമ്മ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: