കല്‍പ്പറ്റ : കുട്ടികളുടെ വഴിവിട്ട പെരുമാറ്റം, മോശമായ കൂട്ടുകെട്ട് തുടങ്ങിയ കാര്യങ്ങളില്‍ രക്ഷിതാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക് അറിയിച്ചു. രക്ഷിതാക്കളുടെ അശ്രദ്ധയും അവബോധമില്ലായ്മയുമാണ് കുട്ടികളെ ക്രിമിനല്‍ സ്വഭാവമുള്ളവരാക്കി മാറ്റുന്നത്. കുട്ടികള്‍ക്ക് രക്ഷിതാക്കള്‍ ആദ്യഘട്ടത്തില്‍ അമിതമായി പണം നല്‍കുകയും പിന്നീട് പണം ലഭിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ ആദ്യഘട്ടത്തില്‍ ചെറിയ മോഷണങ്ങള്‍ നടത്തുകയും പിന്നീട് വലിയ മോഷ്ടാക്കളായി മാറുകയും ചെയ്യും. ജില്ലയിലെ ചില ഭാഗങ്ങളില്‍ കുട്ടികള്‍ പങ്കാളികളായ കേസുകള്‍ കൂടിവരികയാണ്. കഴിഞ്ഞ ദിവസം കടകളും, ആധാരമെഴുത്ത് ഓഫീസും മറ്റും കുത്തി തുറന്ന് പണവും സാധനങ്ങളും മോഷ്ടിച്ച കേസിലെ പ്രതി എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്. പുകവലിക്കുന്നതിനുള്ള പണം കണ്ടെത്തുന്നതിനാണ് മോഷണം നടത്തിയത്. സ്കൂള്‍-കോളേജ് വിട്ട് വിദ്യാര്‍ത്ഥികള്‍ കാരണമില്ലാതെ വൈകി വരുന്നതും രാത്രി സമയങ്ങളില്‍ ആവശ്യമില്ലാതെ പുറത്തുപോകുന്നതും രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. കുട്ടികളില്‍ അസ്വാഭാവിക പെരുമാറ്റമോ ഏതെങ്കിലും വിധേനയുള്ള മാനസിക സംഘര്‍ഷങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിയില്‍പ്പെട്ടാല്‍ നിരീക്ഷിക്കുന്നതോടൊപ്പം കുട്ടികളോട് തുറന്ന് സംസാരിക്കുന്നതിന് രക്ഷിതാക്കള്‍ തയ്യാറാകണം. കൗമാരക്കാരിലെ ലഹരി ഉപഭോഗം ജില്ലയില്‍ വര്‍ദ്ധിക്കുകയാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്ത് ലഹരി വില്പന ശ്രദ്ധയില്‍പ്പെട്ടാല്‍ പോലീസിനെയോ എക്സൈസ് വകുപ്പ് അധികൃതരയോ വിവരമറിയിക്കണം. ആദ്യഘട്ടത്തില്‍ സൗജന്യമായി ലഹരി പദാര്‍ത്ഥങ്ങള്‍ നല്കി അടിമപ്പെടുത്തിയതിനു ശേഷം പിന്നീട് പണം വാങ്ങി ഇത്തരം വസ്തുക്കള്‍ വിതരണം ചെയ്യുന്ന സംഘങ്ങള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ലഹരി ഉപഭോഗത്തിന് പണം കണ്ടെത്താനും കൗമാരക്കാരായ വിദ്യാര്‍ത്ഥികള്‍ മോഷണം നടത്തുന്നുണ്ട്. ഇത്തരത്തിലുള്ള കേസുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ സ്കൂള്‍ അധികൃതരും ശ്രദ്ധിക്കണമെന്ന് ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: