നീലേശ്വരം: നീലേശ്വരം നഗരസഭയില്‍ തലതിരിഞ്ഞ പരിഷ്കാരം. ലക്ഷക്കണക്കിന് രൂപ ചിലവിട്ട് നിര്‍മ്മിച്ച ഭക്ഷ്യശേഖരണ കേന്ദ്രങ്ങളെ മാലിന്യ ശേഖരണ കേന്ദ്രങ്ങളാക്കാന്‍ തീരുമാനിച്ചപ്പോള്‍ കോടികള്‍ ചിലവിട്ട് നിര്‍മ്മിച്ച മാലിന്യ സംസ്കരണ കേന്ദ്രത്തെ ഭക്ഷ്യോല്പാദന കേന്ദ്രമാക്കുകയും ചെയ്തു. പ്ലാസ്റ്റിക്കും അജൈവ മാലിന്യങ്ങളും ശേഖരിച്ച് സൂക്ഷിക്കുന്ന കേന്ദ്രങ്ങളാക്കാന്‍ നഗരസഭ കണ്ടെത്തിയിരിക്കുന്നത് തെരുവിലെ കുടുംബശ്രീ വിപണന കേന്ദ്രവും പേരോലിലെ മത്സ്യമാര്‍ക്കറ്റുമാണ്. അതേസമയം മാലിന്യം സംസ്കരിക്കാന്‍ ചിറപ്പുറത്ത് നിര്‍മ്മിച്ച മാലിന്യ സംസ്കരണ കേന്ദ്രത്തില്‍ ജൈവ കൃഷി നടത്താനും തീരുമാനിച്ചു. ഉപയോഗമില്ലാത്ത കളിപ്പാട്ടങ്ങള്‍, വീട്ടുപകരണങ്ങള്‍, ഇലക്ട്രിക്, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ എന്നിവയാണ് ഈ മാലിന്യ ശേഖരണ കേന്ദ്രങ്ങളില്‍ സ്വീകരിക്കുക. സ്വീകരണ കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ തന്നെ ആക്രികടകള്‍ അനധികൃതമാണെന്ന് പറഞ്ഞ് പൂട്ടിച്ചാണ് നഗരസഭ തന്നെ മാലിന്യ സംസ്കരണ കേന്ദ്രവും തുറക്കുന്നത്.
ലക്ഷങ്ങള്‍ ചിലവിട്ട് നിര്‍മ്മിച്ച മത്സ്യമാര്‍ക്കറ്റ് കാടുപിടിച്ചും, നവീകരിച്ച കുടുംബശ്രീ വിപണന കേന്ദ്രം കാഴ്ച്ച വസ്തുവായും നില്ക്കുമ്പോള് അവയെ ഫലപ്രദമായി ഉപയോഗിക്കുന്നതിന് പകരം മാലിന്യ സംസ്കരണ കേന്ദ്രമാക്കി മാറ്റുന്നത് ജനങ്ങളില്‍ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഇത്തരം തലതിരിഞ്ഞ പദ്ധതികള്‍ നടപ്പിലാക്കുന്നതിലൂടെ നഗരസഭയുടെ ലക്ഷക്കണക്കിന് രൂപയുടെ ഫണ്ടാണ് പാഴായി പോകുന്നതെന്ന് ആരോപണം ഉയരുകയും ചെയ്തു. കുടുംബശ്രീയുടെ വിപണന കേന്ദ്രം നോക്കു കുത്തിയായി നില്‍ക്കുമ്പോഴാണ് ആയിരക്കണക്കിന് രൂപ ചിലവിട്ട് നഗരസഭാ ഓഫീസിന് മുമ്പില്‍ താല്‍ക്കാലിക ഷെഡ്ഡ് പണിത് ഓണച്ചന്തയൊരുക്കിയത്. മാത്രമല്ല, ഇപ്പോള്‍ ആഴ്ച ചന്ത നടത്തുന്നതും ഇതു പോലെ തന്നെയാണ്. ഭരണപക്ഷത്തിന്റെ തലതിരിഞ്ഞ നയത്തിനെതിരെ പ്രതിപക്ഷവും മൗനം പാലിക്കുന്നു. അതേ സമയം തെരുവ് റോഡിലെ ജനസാന്ദ്രമായ മേഖലയിലുള്ള കുടുംബശ്രീ വിപണന കേന്ദ്രത്തെ മാലിന്യ നിക്ഷേപ കേന്ദ്രമാക്കുന്നതിനെതിരെ തദ്ദേശവാസികളിലും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. വരും കാലങ്ങളില്‍ ഇതിനെ പൂര്‍ണമായ മാലിന്യ നിക്ഷേപ കേന്ദ്രമാക്കി മാറ്റുമോയെന്ന ആശങ്കയിലാണ് പരിസരവാസികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: