കല്‍പ്പറ്റ : ഇടത്-വലത് മുന്നണികള്‍ മാറിമാറി വഞ്ചിച്ച് കിടപ്പാടം പോലുമില്ലാത്ത വനവാസികള്‍ ഗത്യന്തരമില്ലാതെയാണ് സമരഭൂമികള്‍ കയ്യടക്കി താമസമാക്കിയത്. വനവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കാന്‍ സുപ്രീംകോടതി വിധിയുണ്ടായിട്ടും വിധി മറികടക്കാന്‍ പ്രമേയം പാസാക്കിയ ഇടത്-വലത് മുന്നണികളുടെ കാപട്യം വനവാസികള്‍ക്ക് തിരിച്ചറിയാം. ഗത്യന്തരമില്ലാതെ ഭൂസമരം നടത്തി യാതന അനുഭവിക്കുന്ന ഇവര്‍ക്ക് അല്‍പ്പമെങ്കിലും തുണയാകുന്നത് ഭാരതീയ ജനതാപാര്‍ട്ടിയുടെ ശക്തമായ ഇടപെടലാണ്. ഇക്കാരണത്താല്‍ തന്നെ ജില്ലയില്‍ ഭൂമിയില്ലാത്ത ആദിവാസികളടക്കമുള്ളവരുടെ ഭൂമി തിരിച്ച് പിടിക്കാനുള്ള സര്‍ക്കാര്‍ നിലപാടിനെ എന്തുവിലകൊടുത്തും ചെറുക്കുമെന്ന് എസ്സി-എസ്ടി മോര്‍ച്ച സംസ്ഥാന സെക്രട്ടറി മുകുന്ദന് പള്ളിയറ ജന്മഭൂമിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.
ജില്ലയിലെ വിവിധ ഭാഗങ്ങളിലായി പട്ടിണി പാവങ്ങളായ അഞ്ഞൂറിലധികം കുടുംബങ്ങള്‍ വിവിധ സമര ഭൂമികളിലായുണ്ട്. ഇവര്‍ക്കുവേണ്ട ജീവിത സാഹചര്യം ഒരുക്കേണ്ട ദൗത്യം സംസ്ഥാന സര്‍ക്കാരിന്റേതാണ്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീര്‍ത്തും പരാജയമാണ്. ആശിക്കും ഭൂമി ആദിവാസിക്ക് പദ്ധതിയില്‍പോലും തീവെട്ടി കൊള്ളയാണ് നടന്നത്. ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ചുളുവിലയ്ക്ക് ഭൂമി വാങ്ങി വന്‍ വിലക്ക് വനവാസികള്‍ക്ക് നല്കുകയാണുണ്ടായത്. രേഖകള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. ഒരു ദേശീയ ചാനലിന്റെ ഇടപെടലിനെതുടര്‍ന്ന് അന്വേഷണം പ്രഖ്യാപിച്ചെങ്കിലും അന്വേഷണം നടത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് വിമുഖതയാണ്. ആശിക്കും ഭൂമി പദ്ധതിയിലെ അഴിമതിയെകുറിച്ച് അന്വേഷണം നടത്തിയില്ലെങ്കില്‍ ഇക്കാര്യത്തില്‍ ഒരു സ്വതന്ത്ര അന്വേഷണം നടത്താന്‍ എസ് സി – എസ്ടി മോര്‍ച്ച തയ്യാറാകുമെന്നും അദ്ദേഹം പറഞ്ഞു.
തിരുനെല്ലി വനവാസി ബാലന് മരിക്കാനിടയായത് കെഎസ്ഇബിയുടെ അനാസഥ മൂലമാണ്. വനവാസികള്‍ക്കെതിരെ എന്തുചെയ്താലും ആരും ഒന്നും ചോദിക്കുകയില്ലെന്നാണ് ഇക്കൂട്ടര്‍ കരുതിയിരിക്കുന്നത്. വയനാട് ജില്ലാ കളക്ട്രേറ്റില്‍ ബെയര്‍ഫൂട്ട് ടെക്നീഷ്യന്മാരായ വനവാസികള്‍ ജോലിക്കുവേണ്ടി സമരത്തിലാണ്. ഇവര്‍ക്ക് മോര്‍ച്ച പരിപൂര്‍ണ്ണ പിന്തുണ നല്‍കും.
അധികാരത്തിലെത്തിയാല്‍ ഭൂമിയില്ലാത്ത മുഴുവന്‍ ആദിവാസികള്‍ക്കും ഭൂമിനല്കുമെന്ന് പറഞ്ഞ പിണറായി വിജയന് സര്‍ക്കാര്‍ കേരളത്തിലെ ആദിവാസികളെ വഞ്ചിച്ചുകൊണ്ടിരിക്കുന്നു.
വര്‍ഷങ്ങളായി കുടില്‍കെട്ടി താമസിക്കുന്ന ആദിവാസി വിഭാഗത്തെ തിരിഞ്ഞു നോക്കാന്‍ പോലും ഇടതു സര്‍ക്കാര്‍ തയ്യാറായിട്ടില്ല. മാത്രമല്ല യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തുണ്ടായ ആദിവാസി ഭൂമി തട്ടിപ്പ് എത്രയും പെട്ടന്ന് വിജിലന്‍സ് അന്വേഷണം നടത്തണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: